തിരക്കഥാകൃത്ത് നാഗവള്ളി ആർ എസ് കുറുപ്പ്

0
30

പ്രമുഖ കഥാകാരന്മാർ പോലും പ്രമേയ ദാരിദ്ര്യത്താൽ ആവർത്തന വിരസത സൃഷ്ടിച്ചിരുന്ന എന്റെ ബാല്യത്തിൽ നാഗവള്ളി, ബഷീർ, പൊറ്റക്കാട് എന്നിവർ മാത്രമായിരുന്നു ആശ്വാസം നൽകിയത്.മെഡിക്കൽ സ്റ്റുഡന്റ് ആയ യുവതി തനിക്ക് ചെത്തിമുറിച്ച് പഠിക്കാനായി ഡിസക്ഷൻ ടേബിളിൽ കിടത്തിയിരിക്കുന്ന മൃതദേഹം സ്വന്തം കാമുകന്റേതാണ് എന്നറിഞ്ഞ് ഞെട്ടിത്തെറിക്കുന്ന പോലുള്ള മുഹൂർത്തങ്ങൾ ഉൾക്കൊണ്ട അസാധാരണ കഥകൾ രചിക്കാൻ നാഗവള്ളിയ്ക്ക് മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ.

1961 ൽ ആകാശവാണിയുടെ ന്യുസ് റീഡർ പോസ്റ്റിന് എനിക്ക് ഇന്റർവ്യൂ കാർഡ് വന്നപ്പോൾ എന്നോടൊപ്പം തിരുവനന്തപുരത്ത് പോകാനായി സഹോദരൻ സോളമൻ ജോസും തുമ്പോളിയിൽ മംഗലത്ത് എം കെ സാനുമാസ്റ്ററിന്റെ ജേഷ്ഠ പുത്രനായ രാജസിംഹനും വന്നിരുന്നു. മറ്റുകാര്യങ്ങളും ഉള്ളതിനാൽ ഒരു ദിവസം മുൻപേ ഞങ്ങൾ ടാക്സിയിൽ പുറപ്പെടുകയായിരുന്നു. പോകും വഴി തകഴിയുടെ വീട്ടിൽ കയറി. അദ്ദേഹം റഷ്യൻ യാത്ര കഴിഞ്ഞ് വന്നതിന്റെ ഹാങ്ങോവറിൽ കപ്പലിലെ അനുഭവങ്ങൾ ഞങ്ങൾക്ക് രസകരമായി വിവരിച്ച് തന്നു. എന്റെ ഇന്റർവ്യൂവിന് ഡൽഹിയിൽ നിന്ന് വരുന്നത് ചെമ്മീൻ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ആർകെ നാരായണൻ ആണെന്നും പറഞ്ഞ് അദ്ദേഹത്തിന് കൊടുക്കാൻ ശുപാർശ അല്ലാത്ത ഒരു സൗഹൃദ കത്തും ഞങ്ങളെ ഏൽപ്പിച്ചു.

അടുത്ത പ്രഭാതത്തിൽ നാഗവള്ളിയുടെ വീട്ടിൽ ചെല്ലുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ആകാശവാണിയിൽ അക്കാലത്ത് പ്രഭാത ഭേരി അവതരിപ്പിച്ചിരുന്നത് നാഗവള്ളിയാണ്. സാധാരണ വിഷയങ്ങളും ചരമവാർത്തയും സ്പോർട്സ് ന്യുസും എന്നിങ്ങനെ ഓരോന്നിനും അനുസൃതമായ വിധം ശബ്ദത്തിൽ ഉൾക്കൊള്ളേണ്ട മോഡുലേഷൻ എപ്രകാരമായിരിക്കണമെന്ന് എനിക്ക് നല്ലൊരു ക്ലാസ്സ് തന്നു.

കുട്ടനാട് സ്വദേശിയായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പ് ആലപ്പുഴ എസ് ഡി വി സ്‌കൂളിലെ അധ്യാപകനായിരുന്നു. എന്റെ സ്‌കൂൾ ജീവിതകാലത്ത് ലിയോ തേർട്ടീ ന്തിലെ സഹപാഠികളും ഒന്നിച്ച് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാണാനായി കോംബൗണ്ടിന് വെളിയിൽ വന്നുനിൽക്കാറുണ്ടായിരുന്നു. 1964ൽ ഞങ്ങളുടെ കുടുംബസുഹൃത്തായ ഡയറക്ടർ ശശികുമാർ മദ്രാസിലേക്ക് ചേക്കേറിയ ഒഴിവിലാണ് .സുബ്രഹ്മണ്യത്തിന്റെ അസോസിയേറ്റഡ് ഡയറക്ടർ ആയി മെരിലാന്റിൽ ഞാൻ സ്ഥിരം ആകുന്നത്. അവിടുത്തെ എന്റെ രണ്ടാമത്തെ സിനിമ നാഗവള്ളി ആർ എസ് കുറുപ്പിന്റെ തിരക്കഥ ആയ കറുത്തകൈയ്യും സംവിധാനം എം. കൃഷ്ണൻനായരും. എനിക്ക് പകരം ആരെയെങ്കിലും കൂട്ടി അദ്ദേഹം ഔട്ട് ഡോർ ഷൂട്ടിങ്ങിന് പോയപ്പോൾ എല്ലാം പി. സുബ്രഹ്മണ്യത്തോടൊപ്പം അതേസിനിമയിലെ പ്രധാന രംഗങ്ങൾ ഞങ്ങൾ ഇൻഡോറിൽ ചിത്രീകരിക്കുകയായിരുന്നു.

പാട്ട്, ഡാൻസ്, കാവാലി (പാട്ടിന്റെ തുടക്കത്തിലെ വിരുത്തം), ആക്ഷൻ, ചേസിങ്ങ്, കോമഡി, സെക്സ്, ട്വിസ്റ്റ്, സസ്പെൻസ്, എന്ന് വേണ്ട അതിൽ ഇല്ലാത്തത് ഒന്നുമില്ലായിരുന്നു. നവരസങ്ങൾക്കും തുല്യപ്രാധാന്യമുള്ള സിനിമകൾ വൻ വിജയമാകുമെന്ന വിശ്വാസത്തെ അരക്കെട്ടുറപ്പിച്ചുകൊണ്ട് ടിക്കറ്റ് ഫെയർ നിസ്സാരമായിരുന്ന അക്കാലത്ത് ഒന്നാം വാരത്തിലെ കളക്ഷൻ 2 ലക്ഷം രൂപ കവിഞ്ഞത് അവിശ്വസനീയമായിരുന്നു.
എല്ലാ വൈകുന്നേരങ്ങളിലും പി സുബ്രഹ്മണ്യത്തിന്റെ വസതിയിൽ ചീട്ടുകളിക്കാനും ഉല്ലസിക്കാനുമായി നാഗവള്ളിയും ഗാനരചയിതാവ് തിരുനൈനാർ കുറിച്ചിയും, നാടകാചാര്യൻ ടി എൻ ഗോപിനാഥൻ നായരും ഒത്തുകൂടുമായിരുന്നു. അതോടൊപ്പം ചിത്രീകരണം നടക്കുന്ന സിനിമയുടെ ചർച്ചയും മറ്റാരുടെ തിരക്കഥയാണെങ്കിലും സംവിധായകന്റെ ഇഷ്ടത്തിനൊത്ത് തിരുത്താനും മാറ്റിയെഴുതാനും നാഗവള്ളി നിയോഗിക്കപ്പെട്ടിരുന്നു. കഥാകാരന്മാർ ആ സ്വാതന്ത്ര്യത്തെ എതിർത്തിരുന്നുമില്ല.
ആകാശവാണിയിലെ തന്റെ ജോലിത്തിരക്കിനിടയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയിലെ രംഗങ്ങൾക്ക് വേണ്ടി ഫോണിൽ കൂടെ നാഗവള്ളി പറഞ്ഞ് തന്നിരുന്ന സംഭാഷങ്ങൾ കുറിച്ചെടുക്കേണ്ടതായ അവസരങ്ങൾ എനിക്ക് ധാരാളം വന്നിട്ടുണ്ട്.

1969ൽ ഉദയായിൽ എം. കൃഷ്ണൻ നായരോടൊപ്പം ജ്വാല എന്ന സിനിമയിലെ പ്രിയ വധൂവരന്മാരെ എന്ന ഗാനചിത്രീകരണം മഴകാരണം ഇൻഡോറിൽ നടത്തുകയായിരുന്നു. അതിഥിയായി വന്നെത്തിയ നാഗവള്ളി ആർ എസ് കുറുപ്പ് എന്നെ കണ്ട് പെട്ടെന്ന് അടുത്തെത്തി തന്റെ ഒരു വിദ്യാർത്ഥിയോടെന്ന പോലെ ഇൻട്രൊഡക്ഷൻ സീനിന്റെ ഒട്ടേറെ വിലപ്പെട്ട പോയിന്റുകൾ എനിക്ക് പറഞ്ഞു തരികയുണ്ടായി അഭിവന്ദ്യനായ ആ ഗുരുഭൂതൻ.

LEAVE A REPLY

Please enter your comment!
Please enter your name here