ഗംഗോത്രിയിലെ വയലറ്റ് പൂക്കൾ – കഥ – പ്രീത സുധീർ

0
90

എന്തേ ഞാൻ ഇത്ര കാലമായി പാർത്ഥനെ പറ്റി എഴുതാതിരുന്നത് എന്ന് ഓർത്തു പോയി… ഇവിടെ മൈസൂരിലെ മാനസ ഗംഗോത്രിയിൽ പൂക്കുന്ന എന്റെ പ്രിയപ്പെട്ട വയലറ്റ് പൂക്കളെ കുറിച്ച്.. മഞ്ഞിന്റെ തണുപ്പിനൊപ്പം ഒഴുകിയെത്തുന്ന ചന്ദനത്തിന്റെ ഗന്ധമുള്ള കാറ്റിനെ കുറിച്ച്.. ബൂന്ദി വിതറിയ ബിസിബെളെ ബാതിന്റെ മസാലമണം… ചെണ്ടുമല്ലിപ്പൂക്കളും ജമന്തി പൂക്കളും നിറഞ്ഞ വിദ്യാരണ്യപുരത്തെ തെരുവോരങ്ങൾ.. ഓരോന്നും പാർത്ഥന്റെ ഓർമകളാണ്. പാർത്ഥനെ
മറന്നിട്ടല്ല. ഒരു പക്ഷേ ഓരോ നിമിഷത്തിലും ഓർക്കുന്നത് കൊണ്ടായിരിക്കാം. ശരീരത്തിൽ പച്ചകുത്തുന്നത് പോലെ മനസ്സിൽ പച്ചകുത്തി പതിപ്പിച്ച മുഖം.. ഇന്നലെ മാനസ ഗംഗോത്രി തടാകത്തിനരികിലെ റോഡിലൂടെ നടക്കുമ്പോഴാണ് ഞാൻ അവരെ കണ്ടത്.. കൃഷ്ണവിഗ്രഹങ്ങൾ വിൽക്കുന്ന നാടോടികൾ… റോഡരികിലെ മൈതാനത്തു നല്ല ഭംഗിയിൽ അടുക്കി വച്ചിരിക്കുന്ന വിഗ്രഹങ്ങൾ.. ബംഗാളിലെ നാദിയയിൽ നിന്നുള്ള നാടോടികൾ.. ഞാൻ സാരിയുടെ മുന്താണി ചുമലിൽ പുതച്ചു അവർക്കരികിലേക്കു നടന്നു.. അവിടെയുള്ള സ്ത്രീകളോട് പാർത്ഥനെ പറ്റി ചോദിച്ചു…അവർ എന്നെ അത്ഭുതത്തോടെ നോക്കി. അവർക്കു എന്റെ ഭാഷ മനസിലായില്ല.. അവരുടെ ഭാഷ എനിക്കും… ഞാൻ അവർക്കിടയിൽ പാർത്ഥനെ തിരഞ്ഞു… കണ്ടില്ല… പരിചിതമായ മുഖങ്ങൾ ഒന്നുമില്ല. എന്റെ കണ്ണു നിറഞ്ഞു… മനസ്സിന് സുഖമില്ലാത്ത ഒരു സ്ത്രീ… അവർ അങ്ങനെ കരുതിയിരിക്കാം..
ഞാൻ തിരികെ നടന്നു….
വെറുതെയാണെന്ന് മനസ്സ് പറഞ്ഞാലും ഞാൻ… എന്റെ കണ്ണുകൾ ഇപ്പോഴും പാർത്ഥനെ തിരയുന്നു.. ആൾക്കൂട്ടത്തിൽ… നാടോടികൾക്കിടയിൽ… എനിക്കു മുന്നിൽ നടന്നു വരുന്ന ഏതെങ്കിലും ഒരു മുഖം… അതു പാർത്ഥനാണോ.? വെറുതെ.. വെറുതെ ഒരു തോന്നൽ… കുറേ വർഷങ്ങളായി ഞാൻ ഇങ്ങനെയാണ്…

പതിനഞ്ചു വർഷങ്ങൾക്കു
മുൻപ് പാർത്ഥൻ വന്നത്‌ ഇങ്ങനെ യുള്ള നാടോടികൾക്കൊപ്പമായിരുന്നു… അന്ന് ഒരിക്കൽ നിർബന്ധമായി പാർത്ഥന്റെ കൂടെ അവരെ കാണാൻ പോയി.. സ്ത്രീകളും പുരുഷന്മാരും കൈകുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കൂട്ടം
നാടോടികൾ.
ഗോപികമാരുടെ വേഷമണിഞ്ഞ സ്ത്രീകൾ.. എങ്ങും കൃഷ്ണവിഗ്രഹങ്ങൾ… ചിലതു പെയിന്റ് ചെയ്തു ഉണക്കാൻ വച്ചിരിക്കുന്നു.. തുണികൾ കൊണ്ടു കെട്ടി ഉയർത്തിയ കൂടാ രങ്ങൾ… രണ്ടു സ്ത്രീകൾ എന്നെ അവർക്കിടയിലേക്ക് കൊണ്ടുപോയി.ചിരിച്ച മുഖങ്ങൾ.. ഒരു സ്ത്രീ എന്നെ പായ വിരിച്ചു അതിൽ ഇരുത്തി.. ഒരു തട്ടിൽ പഴങ്ങളും
മഞ്ഞളും കുങ്കുമവും.. അതിൽ ചെറിയ ഒരു വിളക്ക് തെളിയിച്ചു അവരെന്നെ ഉഴിഞ്ഞു.. എനിക്കു ഭയം തോന്നി… അവർ പറയുന്നതൊന്നും എനിക്കു മനസ്സിലായില്ല.. നെറ്റിയിൽ കുങ്കുമം തൊട്ടു.. കവിളിൽ മഞ്ഞൾ പൂശി… കൈയിൽ കുപ്പി വളകൾ അണിയിച്ചു… തലയിൽ ഒരു മഞ്ഞ പട്ടു ചാർത്തി… അവർ എന്റെ കാതിൽ എന്തോ മന്ത്രിച്ചു.. ചുറ്റും നിന്നവർ എന്തോ പറഞ്ഞു കൊണ്ടിരിക്കുന്നു… ഞാൻ പാർത്ഥനെ നോക്കി… മനോഹരമായ.. നിഷ്കളങ്കമായ ആ ചിരിയിൽ എന്റെ ഭയം ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു.. എന്റെ തലയിൽ പൂക്കൾ ചൂടിച്ചു അവർ എന്നെ എഴുന്നേൽപ്പിച്ചു.. ആ മഞ്ഞ പട്ടു മടക്കി എന്റെ കൈയിൽ തന്നു…
“എന്താ ഇങ്ങനെ “ഞാൻ പാർത്ഥനോട് ചോദിച്ചു… “അതവരുടെ ആചാരമാണ്.. എന്റെ കൂടെ വന്നത്‌ കൊണ്ടു
അവർ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ”
“എന്തു തെറ്റിദ്ധരിച്ചു”.ഞാൻ ചോദിച്ചപ്പോൾ
പാർത്ഥൻ മറുപടി പറഞ്ഞില്ല.
“ഇവർക്കൊപ്പം പാർത്ഥൻ തിരിച്ചു പോകുമോ “?
മറുപടിയില്ല.. ചിരി മാത്രം..
“പാർത്ഥന്റെ കൂടെ ഞാനും വരട്ടെ”
പാർത്ഥൻ എന്റെ കണ്ണുകളിൽ നോക്കി.. എന്റെ കണ്ണുകൾ നിറയുന്നു. അയാൾ ഒന്നും പറഞ്ഞില്ല…പകരം മനോഹരമായ ഒരു കൃഷ്ണവിഗ്രഹം എന്റെ കയ്യിൽ വച്ചു തന്നു. ഒരു കെട്ടു മയിൽപീലികളും….
എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കൃഷ്ണന്റെ നെറുകയിൽ വീണു..
ഞാൻ ഓർത്തു പോയി.. ഇയാൾ പാർത്ഥനോ പാർത്ഥസാരഥിയോ?

“എന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നത് ഒരു പനിനീർ ചെടിയിലെ മുള്ളെടുത്തു സൂക്ഷിക്കുന്നതു പോലെയാകും… നിന്നെ അത് കുത്തി നോവിക്കും…
ചോര പൊടിയും.. മുറിവുണ്ടാക്കും…
ആ മുറിവ് ഉണങ്ങില്ല… എന്റെ സ്നേഹം നിനക്ക് വേദന മാത്രമേ ഉണ്ടാക്കു.. തിരിച്ചു തരാൻ എന്റെ കൈകളിൽ ഒന്നുമില്ല. കൂട്ടി കൊണ്ടു പോകാൻ എനിക്കായി ഒരിടം ഇല്ല.. ഞാൻ ആരെന്നു നീ ആലോചിച്ചിട്ടുണ്ടോ? നാടോടി… ഞാൻ ഭൂമിയിൽ ജനിച്ചുവെന്നതിനോ, ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നതിനോ ഒരു തെളിവും കൈവശം വയ്ക്കാത്തയാൾ…. സ്വന്തമായി ഒരു പേര് പോലും സ്ഥിരമായി ഇല്ലാത്തവൻ… നിനക്ക് ഞാൻ പാർത്ഥൻ ആണ്.. ചിലർക്കു ഋഷി ആണ്.. ഭൂഷൺ, ഗുപ്തൻ…. അങ്ങനെ എന്തൊക്കെയോ പേരുകൾ… എന്തോ സ്ഥിരമായി ഒരു പേരിന്റെ ചട്ടക്കൂട് ഞാൻ ഇഷ്ടപ്പെടുന്നില്ല… ഈ ഭൂമിയിൽ എനിക്കു നിരവധി മാളങ്ങളുണ്ട്… ഒന്നും എന്റെ സ്വന്തമല്ല… ഇപ്പോൾ നിൽക്കുന്ന ഈ മണ്ണിൽ നിന്നും ഈ നിമിഷം എനിക്കു അപ്രത്യക്ഷമാകാം… ബന്ധങ്ങളില്ല.. ബന്ധനങ്ങൾ ഇല്ല… ഇതു വരെ ഈ നിമിഷം വരെ… എന്റെ മനസ്സ് ആരെയും തേടി പറന്നിട്ടില്ല…. എന്റെ മനസ്സ്… എന്നെ തേടി… ആരെങ്കിലും പറന്നിട്ടുണ്ടോ? ഞാനതു ചിന്തിച്ചിട്ടുമില്ല….
മീരാ…. അങ്ങനെയുള്ള എന്നെ നീ ഇഷ്ടപെടുന്നത് വേദനയിലേക്കുള്ള ചവിട്ടു പടികൾ കയറുന്നതിനു തുല്യമായിരിക്കും….
ഇനി പറയു… മീരാ നീ നിന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നതല്ലേ നല്ലത്…
പാർത്ഥന്റെ വാക്കുകൾ….
പക്ഷേ മീര തിരിച്ചു പോയില്ല.
പതിനഞ്ചു വർഷമായി മീര പാർത്ഥൻ എന്ന ആ സ്നേഹ മുള്ളിനെ ഹൃദയത്തിൽ ഏറ്റിയിട്ട്… പറിച്ചു കളയാൻ തോന്നിയില്ല. നോവുന്നുണ്ട്… കുത്തി വേദനിപ്പിക്കുന്നുണ്ട്… ചോര പൊടിയുന്നു…
എന്നിട്ടും ഞാൻ കാത്തിരിക്കുന്നു പാർത്ഥനു വേണ്ടി… പതിനഞ്ചു വർഷങ്ങളായി….
പലരും എന്നോട് ചോദിച്ചിട്ടുണ്ട്.. മീരാ നീ ആർക്കു വേണ്ടിയാണു കാത്തിരിക്കുന്നത്.? ഒറ്റക്കുള്ള ഈ ജീവിതം… നിനക്ക് മടുപ്പു തോന്നുന്നില്ലേ… നീ ആരെയെങ്കിലും പ്രണയിച്ചിരുന്നുവോ? നിന്റെ കഥകളിൽ തെളിയുന്ന കാത്തിരിപ്പിന്റെ, വിരഹത്തിന്റെ, പ്രണയത്തിന്റെ നൊമ്പരങ്ങൾ… നീ നിന്നെ പകർത്തി എഴുത്തുകയല്ലേ മീരാ…
ഉത്തരം പറയുക എളുപ്പമല്ല… പക്ഷേ ഇന്ന് എനിക്കു പാർത്ഥനെകുറിച്ച് എഴുതണമെന്ന് തോന്നി….

ആദ്യമായി അയാളെ കാണുന്നത്….. ഇവിടെ ഗംഗോത്രിയുടെ തടാകക്കരയിൽ…. വയലറ്റ് പൂക്കൾ കൊഴിഞ്ഞു വീണ പാതയോരത്തെ തണലിൽ പാർത്ഥനെ ആദ്യമായി കണ്ടു. നേരിയ ചെമ്പൻ
തലമുടിയും, ചാരനിറമുള്ള കണ്ണുകളും, കുസൃതി നിറഞ്ഞ ചിരിയുമായി ഒരാൾ…ആരെയും ആകർഷിക്കുന്ന മുഖം.. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി.. ഇരുനിറം.. അലസമായ വേഷം…വിരലുകളിൽ കല്ല് പതിപ്പിച്ച ചെമ്പു മോതിരങ്ങൾ. അയാളുടെ അടുത്ത് മയിൽ‌പീലികളുടെ ഒരു കൂട്ടം വച്ചിരുന്നു. അയാൾ നിലത്തു ഒരു തുണി വിരിച്ചു അതിൽ ഒരു ക്യാൻവാസ് വച്ചു മുൻപിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം വരച്ചു കൊടുക്കുന്നു. ആ കുട്ടി അനങ്ങാതെ ഇരുന്നു കൊടുത്തു… അയാൾ ചിത്രം വരയ്ക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.
ആ കുട്ടിയുടെ സുന്ദരമായ മുഖം അതേ പോലെ അയാൾ പകർത്തി.
വളരെ മനോഹരമായിരുന്നു അത്. മുൻപിലിരുന്ന ഓരോരുത്തരുടെയും ചിത്രങ്ങൾ അയാൾ പകർത്തി… തന്റെ മുൻപിലിരിക്കുന്നവർ പറയുന്ന ഭാഷയിൽ തന്നെ അയാളും മറുപടി കൊടുത്തു.. അയാൾക്ക് എല്ലാ ഭാഷകളും വശമായിരുന്നു….
തിരക്ക് ഒഴിഞ്ഞപ്പോൾ എനിക്ക് ഒരു മോഹം.. എന്റെ ചിത്രം വരച്ചു കാണണം… ഞാൻ അയാൾക്കു മുന്നിലിരുന്നു..മൈസൂർ ജോലി കിട്ടി വന്നിട്ടു അധികമായിട്ടില്ല.. കന്നട പഠിച്ചു വരുന്നേയുള്ളൂ.. പക്ഷേ അയാൾ എന്നോട് മലയാളത്തിൽ സംസാരിച്ചു.. “എന്റെ മുഖത്തേക്ക് നോക്കി അനങ്ങാതിരിക്കണം “. അയാൾ പറഞ്ഞു..
ഞാൻ ആ മുഖത്തേക്ക് നോക്കി.. പ്രസന്നമായ ഭംഗിയുള്ള മുഖം.. അയാൾ വരച്ചു തുടങ്ങി.. ഞാൻ ആ കണ്ണുകളിൽ നോക്കി. കുസൃതി നിറഞ്ഞ കണ്ണുകൾ…മനസ്സിനെ കൊളുത്തി വലിക്കും പോലെ.. നോക്കി നോക്കി ഇരിക്കേ… എനിക്കെന്താണ് സംഭവിച്ചത്? കണ്ണുകളിൽ നിന്നും ആ മനസ്സിന്റെ ആഴങ്ങളിലേക്കു ഞാൻ ഇറങ്ങി ചെല്ലുന്നു… എനിക്ക് പരിചിതമല്ലാത്ത ഏതോ ലോകം… വഴിയരികിൽ പൂത്തു നിൽക്കുന്ന വയലറ്റ് പൂക്കൾ…. ചിതറി തെറിച്ചു കിടക്കുന്ന മഞ്ചാടി മണികൾ….. മയിൽ‌പീലികൾ…. പൂത്തു നിൽക്കുന്ന ചുവന്ന ചെമ്പകമരങ്ങൾ…. എനിക്ക് എന്നെ നഷ്ടപ്പെടുന്നു… എന്റെ മനസ്സ് നഷ്ടപ്പെടുന്നു…. തിരിച്ചു പോരാൻ കഴിയാത്ത വിധത്തിൽ മനസ്സ് എവിടെയോ ബന്ധിക്കപ്പെട്ടിരുന്നു…. അയാൾ എന്നെ തട്ടി വിളിച്ചു… ഞാൻ ഞെട്ടി.. ഞാൻ എവിടെയാണ്…. തനിക്കു ചുറ്റും അനുഭവപ്പെടുന്ന ആ സുഗന്ധം…. സ്വപ്നമായിരുന്നോ?
ചിത്രം പൂർത്തിയാക്കി എന്റെ കൈയിൽ തന്നു.. ഞാൻ അത് വാങ്ങി.. എന്റെ ചിത്രം വളരെ മനോഹരമായി തോന്നി.
“ഇഷ്ടയോ? “അയാൾ എന്നെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു.. ഞാൻ തലയാട്ടി… അയാൾ പറഞ്ഞ പണം കൊടുത്തു ഞാൻ എഴുന്നേറ്റു.. പക്ഷേ എന്നെ എന്തോ ഒന്ന് അവിടെ പിടിച്ചു നിർത്തുന്നു… മടങ്ങാൻ കഴിയുന്നില്ല.. അയാൾ എന്റെ പേര് ചോദിച്ചു… മീര… ഞാൻ പറഞ്ഞു.
അയാൾ മയിൽപീലി കെട്ടിൽ നിന്നും ഒരു പീലിയെടുത്തു എനിക്ക് തന്നു.. ഒന്ന് മടിച്ചു… പിന്നെ അത് വാങ്ങി… എനിക്ക് അയാളുടെ കണ്ണുകളിൽ നോക്കാൻ എന്തോ ഒരു വിഷമം തോന്നി… ഞാൻ നടന്നു.. അവിടെ ആ ആൾകൂട്ടത്തിൽ നടന്നു നീങ്ങുമ്പോൾ എനിക്കു തോന്നി… എന്നിൽ നിന്നും എന്തോ നഷ്ടപെട്ടതാണോ? അതോ എന്നിലേക്ക്‌ എന്തോ കുടിയേറിയാതാണോ?
പക്ഷേ ആ മയിൽ പീലിയും എന്റെ ചിത്രവും ഞാൻ നെഞ്ചോട്‌ ചേർത്തു കഴിഞ്ഞു.
പിന്നെ പിന്നെ പലയിടങ്ങളിൽ വച്ചു ഞാൻ അയാളെ കണ്ടു.എന്നിലേക്ക്‌ മനോഹരമായ ചിരി സമ്മാനിച്ചു കടന്നു പോയി അയാൾ… പാലസിന് മുന്നിലെ കച്ചവടക്കാർക്കിടയിൽ… മീനാബസാറിലെ രംഗോലി മാർക്കറ്റിൽ… വിദ്യാരണ്യപുരത്തെ പൂകച്ചവടക്കാർക്കിടയിൽ…… എന്റെ മുന്നിൽ എപ്പോഴും ആ മുഖം ദൃശ്യമായിരുന്നു. ബസ്സിൽ പോകുമ്പോൾ റോഡരുകിലൂടെ നടന്നു പോകുന്ന അയാളെ ഞാൻ കാണാറുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആ മുഖം എന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല.. എനിക്കു അത്ഭുതം തോന്നി.. എന്റെ ജീവിതത്തിൽ എനിക്കു ഇതു വരെ ഇങ്ങനെ ഒന്നു ഉണ്ടായിട്ടില്ല.. എവിടെയും മനസ്സുടക്കിയിട്ടില്ല… ആരോടും ഒരു ഇഷ്ടം ഇതു വരെ തോന്നിയിട്ടുമില്ല… ഇതിപ്പോൾ…. ഊരും പേരും ഒന്നും അറിയാത്ത ആൾ.. നാടോടി… അങ്ങനെ ഒരാളിൽ തന്റെ മനസ്സു നഷ്ടപെട്ടിരിക്കുന്നു.. തിരിച്ചെടുക്കാൻ പറ്റാത്ത വിധം…
എനിക്കു അയാളെ വീണ്ടും കാണണമെന്ന് തോന്നി….ഞായറാഴ്ചകളിൽ അയാൾ ഗംഗോത്രിയിൽ വരുമായിരുന്നു. ഞായറാഴ്ചയാകാൻ കാത്തിരുന്നു..അവിടെ തിരക്കിൽ ഞാൻ അയാളെ കണ്ടു.. പാതയോരത്തെ തണലിൽ ഇന്നും അയാൾ ചിത്രം വരക്കാനിരിക്കുന്നു.. മുൻപിൽ ഒരു സായിപ്പാണ്‌… അയാൾ നല്ല ഒഴുക്കിൽ ഇംഗ്ലീഷ് സംസാരിക്കുന്നു… ഞാൻ കുറച്ചു മാറിയിരുന്നു… എന്നെ അയാൾ കണ്ടിരുന്നു… വിടർന്ന കണ്ണുകളോടെ എന്നെ നോക്കി ചിരിച്ചിട്ട് അയാൾ ജോലി തുടർന്നു…
എനിക്കറിയാത്ത ഏതോ ഒരു വികാരം എന്നെ ബലമായി കിഴ്പ്പെടുത്തുന്നു… എന്റെ മനസ്സിൽ… ചിന്തകളിൽ …. അയാളുടെ നിഴല്പാടുകൾ….
എന്നെ നഷ്ടപ്പെട്ടു ഞാൻ അലഞ്ഞു….
പിന്നെ പിന്നെ ഞായറാഴ്ചകളിൽ അയാൾക്കു വേണ്ടിയുള്ള കാത്തിരിപ്പായി…. പേര് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി നിന്റെ ഹൃദയം ഇങ്ങനെ തുടിക്കുന്നത് എന്തിന് മീരാ…
സ്വയം ചോദിച്ചു… മീരേ നിനക്ക് എന്താ പറ്റിയത്… ഉത്തരമില്ല….
എന്തോ പറ്റിയിരിക്കുന്നു…
ഞാൻ വീട്ടിലേക്ക് നടക്കുന്ന വഴിയരികിൽ ഇലയില്ലാത്ത മരങ്ങളിൽ വയലറ്റ് പൂക്കൾ… ആ പൂക്കൾ എന്നിൽ എന്തോ ഒരു ഓർമ ഉണർത്തുന്നു.. അയാളുടെ കണ്ണുകളിലെ അഗാധതയിൽ പൂത്ത വയലറ്റ് നിറമുള്ള പൂക്കൾ…
പിന്നെ പിന്നെ ഞായറാഴ്ചകൾ
എന്റേതായി… ഞാൻ ഒന്നും സംസാരിച്ചിരുന്നില്ല… പേരറിയില്ല… ഒന്നും അറിയില്ല… എനിക്കപ്പോൾ തോന്നി പ്രണയം എന്ന വികാരം വിചിത്രമാണ്. അറിയാത്ത ഒരു ലോകത്തേക്ക് കൈ പിടിച്ചു നടത്തിയിട്ട് സ്വപ്നങ്ങളുടെ കൂട്ടിൽ അടച്ചിട്ടു നമ്മുടെ വികാരവിചാരങ്ങൾ എല്ലാം കവർന്നെടുത്തു ഒന്നുമറിയാത്ത പോലെ മനസ്സിൽ പച്ചകുത്തിയ മുഖവുമായി നമ്മിൽ നിന്നും അകന്നു പോകാത്ത എന്തോ ഒന്ന്… കൂടു തുറന്നു തിരികെ വന്നാലും അടച്ചിട്ട അവസ്ഥ… ബന്ധനസ്ഥയാണ്….
ആ അറിവ് എന്നെ വേദനിപ്പിച്ചു… അതിലേറെ സന്തോഷിപ്പിച്ചു..
ഒരു ഞായറാഴ്ച ഞാൻ അയാളെ അവിടെ കണ്ടില്ല. ആൾക്കൂട്ടത്തിൽ തിരഞ്ഞു.. കച്ചവടക്കാർക്കിടയിൽ നോക്കി… അയാളെ എവിടെയും കണ്ടില്ല. നെഞ്ചിലൊരു നീറ്റൽ… അയാൾ വേറെ ഇടം തേടി പോയിരിക്കുമോ?
എന്റെ മനസ്സ് വേദനിച്ചു.. ആവശ്യമില്ലാത്ത ഒരു കാര്യത്തിനാണ് വിഷമിക്കുന്നത്… അങ്ങനെയും തോന്നിപോയി. പക്ഷേ എന്തോ ഒരു നഷ്ടബോധം.. അതെന്നെ കൊല്ലുന്നു… ഞാൻ ഗാർഡൻ അരികിലെ ചാരുബെഞ്ചിൽ ഇരുന്നു… വിടർന്നു മനോഹരമായ ചുവന്ന പനിനീർ പൂക്കൾക്ക് നിറം മങ്ങുന്നുവോ? ഞാൻ കരയുകയാണ്… കണ്ണുനീരിൽ മങ്ങുന്ന കാഴ്ചകൾ..
ആരോ എന്റെ അടുത്തിരുന്നു… ആ മുഖം…. കുസൃതി നിറഞ്ഞ ചിരിയുമായി അയാൾ…. സ്വപ്നമാണോ? അല്ല. സത്യമാണ്.
ഞാൻ എന്താണ് പറയേണ്ടത്… നിങ്ങളെ കാണാതെ ഞാൻ കരഞ്ഞുവെന്നോ? നിങ്ങൾ എന്നെ വല്ലാതെ നോവിക്കുന്നുവെന്നോ? അയാൾക്ക്‌ മുന്നിൽ എന്റെ വാക്കുകൾ നഷ്ടപെടുന്നു.
മീരാ… അയാൾ വിളിച്ചു.. തന്റെ പേര് മറന്നിട്ടില്ല… ഞാൻ അത്ഭുതത്തോടെ ഓർത്തു പോയി..
അയാൾ എന്റെ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു.
“തിരികെ മടങ്ങാൻ കഴിയാത്ത വിധം മീര എന്നിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.. ഇപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കാരണമാണ്.. എന്റെ മുൻപിലിരിക്കുന്നവരുടെ മുഖം വരച്ചു കഴിഞ്ഞാൽ അതവർക്ക് കൊടുക്കുന്നത്തോടെ പിന്നെ ആ മുഖം മായും… ഞാൻ പിന്നെ ഒരിക്കലും ഓർക്കാറില്ല..
പക്ഷേ എന്തേ മീരയുടെ മുഖം ഞാൻ മറന്ന്‌ പോകാഞ്ഞത്. ഇന്നു എനിക്കു അതിനുത്തരം കിട്ടി… മീര എന്നെ ഓർത്തുകൊണ്ടിരിക്കുന്നു…. സത്യമല്ലേ? “അയാൾ ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്കറിയില്ല… എനിക്കെന്തോ പറ്റിയിരിക്കുന്നു… ഒരു പരിചയവും ഇല്ലാത്ത നിങ്ങളെ ഞാൻ എന്തിന് ഓർക്കണം.. നിങ്ങളുടെ പേരറിയില്ല… നിങ്ങളെ പറ്റി ഒന്നുമറിയില്ല… എന്നിട്ടും ഇവിടെ കുറച്ചു നേരം നിങ്ങളെ കാണാതായപ്പോൾ എന്റെ മനസ്സ് വേദനിച്ചു. ഞാൻ കരഞ്ഞു… നിങ്ങൾ എന്റെ ആരോ ആണെന്ന് മനസ്സ് പറയുന്നു… എന്തു കൊണ്ടോ… എനിക്കറിയില്ല… നിങ്ങളെ ഞാൻ ഇഷ്ടപ്പെട്ടു പോകുന്നു…. പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കു വല്ലാത്ത സമാധാനം തോന്നി… അയാൾക്ക്‌ പ്രത്യകിച്ചു ഒരു ഭാവമാറ്റമൊന്നും ഇല്ല.. ഇപ്പോഴും ആ പ്രസന്നമായ ചിരി.. അയാളുടെ കഴുത്തിൽ നേർത്ത വെളുത്ത മണികൾ കൊരുത്ത ഒരു മാലയുണ്ടായിരുന്നു.. അതിൽ നീല കല്ല് വച്ച ലോക്കറ്റ് കൊളുത്തിയിരുന്നു. ആ കല്ലിന്റെ തിളക്കം… അതൊരു സാധാരണ കല്ലല്ലെന്ന് തോന്നി പോയി..
മീരാ.. ഇതൊരു തോന്നൽ മാത്രമാണ്… ഏതു നിമിഷവും മാഞ്ഞു പോയേക്കാവുന്ന മായകാഴ്ച… എന്നെ സ്നേഹിക്കുന്നത് നീ ദുഃഖം സ്വീകരിക്കുന്നതിനു തുല്യമാകും… ഞാൻ ഒരു നാടോടി… എനിക്കു മനോഹരമായി ചിത്രം വരയ്ക്കാൻ അറിയാം… എന്നിലെ കഴിവിനെ ഞാൻ പണമാക്കി മാറ്റുന്നു… അതു കൊണ്ടു ജീവിക്കുന്നു. എന്റെ കൈയിൽ എനിക്കു സ്വന്തമായി ഒന്നുമില്ല… ഒന്നും കരുതാറില്ല…മീരയ്ക്ക് എന്നിൽ നിന്നും ഒരിക്കലും സന്തോഷം കിട്ടില്ല.. മീര എന്നെ കണ്ടിട്ടില്ല എന്നു കരുതുന്നതാണ് നല്ലത്. “അയാൾ എന്നെ പരമാവധി പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്…
“എനിക്കു മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല “ഞാൻ പറഞ്ഞു.
“മീരയ്ക്ക് എന്റെ അനുവാദം ചോദിക്കാമായിരുന്നു. “എന്തിന്..? ഞാൻ ചോദിച്ചു. എനിക്കു നിങ്ങളോട് പ്രണയം തോന്നുന്നു. അതിനുള്ള അനുവാദം തരണമെന്ന്… അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.. എനിക്കു ചിരി വന്നു. “അനുവാദം ചോദിച്ചു പ്രണയിക്കാൻ പറ്റുമോ?”ഞാൻ ചോദിച്ചു.. ചോദിച്ചിരുന്നുവെങ്കിൽ ഞാൻ അന്നേ ഇവിടം വിട്ടു പോയേനെ. എന്റെ മുഖം വാടി….
ഞാൻ പോകാൻ എഴുന്നേറ്റു… “ഇനി എന്തോ എനിക്കു ഇവിടം വിട്ടു പോകുമ്പോൾ മനസ്സ് വേദനിച്ചിരിക്കും. അതുറപ്പാണ്.” അയാൾ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.

മടങ്ങുമ്പോൾ അയാൾ പേര് പറഞ്ഞു.. പാർത്ഥൻ…
പിന്നെയുള്ള കണ്ടുമുട്ടലുകൾ അയാൾ എന്തു കൊണ്ടോ എന്നോട് മടങ്ങിപോകാനാണ് പറയാറുള്ളത്… പക്ഷേ ഞാൻ… എന്റെ മനസ്സ് ഒരിക്കലും അയാളിൽ നിന്നും മടങ്ങിയില്ല..
ഏതു നിമിഷവും എന്നിൽ നിന്നും അപ്രത്യക്ഷനായേക്കാവുന്ന ഒരാൾക്ക് വേണ്ടി ഞാൻ എന്റെ സ്നേഹം മാറ്റി വൈകുന്നു… വിചിത്രം… ഒരിക്കൽ ഞാൻ ചോദിച്ചു…” പാർത്ഥൻ എന്തു കൊണ്ടാണ് എന്നെ ഒഴിവാക്കാൻ നോക്കുന്നത്. എന്നോട് സ്നേഹം തോന്നുന്നില്ലേ “…പാർത്ഥൻ ചിരിച്ചു.. ഒഴുകുന്ന വഴികളിൽ നദിക്ക് തീരങ്ങളിലെ പൂക്കളോടും ചെടികളോടും പ്രണയം തോന്നിയാൽ എന്തായിരിക്കും അവസ്ഥ. മീര ചിന്തിക്കു… അയാൾ പറഞ്ഞപ്പോൾ എനിക്കെന്തോ അതു ചിന്തിക്കാൻ തോന്നിയില്ല….
എത്ര ശ്രമിച്ചിട്ടും എനിക്ക് പാർത്ഥനിൽ നിന്നും അകലാൻ കഴിഞ്ഞില്ല. “മീര നീ എന്തിനിങ്ങനെ ദുഃഖം ഏറ്റു വാങ്ങുന്നു… “അയാൾ ചോദിച്ചു കൊണ്ടിരുന്നു… എനിക്ക് മറുപടിയില്ല.
മഞ്ഞിന്റെ തണുപ്പുള്ള ഒരു സായാഹ്നത്തിൽ ഗംഗോത്രിയിൽ നടക്കുമ്പോൾ പാർത്ഥൻ എന്നോട് ചോദിച്ചു.. “മീര എന്തു കൊണ്ടു എന്നെ ഇത്ര മാത്രം ഇഷ്ടപ്പെടുന്നു.”? ഞാൻ ഒരു മറുചോദ്യമാണ് ചോദിച്ചത്… “പാർത്ഥൻ എന്തു കൊണ്ടു എന്നെ ഇഷ്ടപ്പെടുന്നില്ല.. എന്തുകൊണ്ട് എന്നെ വിട്ടു പോകാൻ ആഗ്രഹിക്കുന്നു. “ഞാൻ
ഇഷ്ടപ്പെടുന്നില്ല എന്നത് മീരയുടെ തോന്നൽ ആണ്.. മീരയുടെ കൂടെ ഇവിടെ ഇങ്ങനെ നടക്കുന്നത് ഇഷ്ടം തോന്നുന്നത് കൊണ്ടു മാത്രമാണ്… പിന്നെ വിട്ടു പോകുന്നത്…. പാർത്ഥൻ അവളുടെ മുഖത്തേക്ക് നോക്കി… മെല്ലെ പറഞ്ഞു…
മീരയ്ക്ക് ഒരിക്കലും ഞാൻ ചേരില്ല.. മീര ആലോചിട്ടുണ്ടോ… നിന്റെ ബന്ധുക്കൾക്ക് മുന്നിലേക്ക്‌ എന്നെ ചൂണ്ടി കാണിച്ചു നിനക്കു പറയാൻ പറ്റുമോ… ഇതാണ്‌ ഞാൻ സ്വീകരിച്ചിരിക്കുന്ന എന്റെ ഭാവിവരൻ… എന്തായിരിക്കും അവസ്ഥ…
“അതെപറ്റിയൊന്നും ഞാൻ ആലോചിക്കുന്നില്ല.. എനിക്കു എത്ര ശ്രമിച്ചിട്ടും പാർത്ഥനെ വിട്ടു പോകാൻ കഴിയുന്നില്ല…മറക്കാൻ കഴിയുന്നില്ല. “എന്റെ മറുപടി അയാളെ മൗനത്തിലാഴ്ത്തി… നീണ്ട മൗനത്തിനു ഒടുവിൽ പാർത്ഥൻ പറഞ്ഞു… “ഞാൻ പോയിട്ട് മടങ്ങി വന്നിലെങ്കിൽ മീര എന്തു ചെയ്യും..
ഞാൻ അയാളുടെ കണ്ണുകളിലേക്കു നോക്കി.. എന്റെ ജീവിതം പാർത്ഥൻ പാതി വരച്ച ഒരു ചിത്രമായി എനിക്കു തോന്നുന്നു.. അതു പൂർത്തിയാക്കാൻ പാർത്ഥനേ കഴിയൂ… വേറെ ആരെങ്കിലും അതു വരയ്ക്കാൻ നോക്കിയാൽ അപൂർണം ആകും… പിന്നെ പാർത്ഥൻ എന്നെ വിട്ടു പോയാൽ… ഞാൻ ഇവിടെ തന്നെ ഉണ്ടാകും…. എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ ഗംഗോത്രിയിൽ പൂക്കുന്ന ഓരോ പൂക്കൾക്കൊപ്പവും ഞാനുണ്ടാവും… കൂടെ നടക്കാൻ പാർത്ഥനില്ലെങ്കിലും… ഞാൻ കാത്തിരിക്കും… എന്നെങ്കിലും പാർത്ഥൻ വരുമെന്ന് പ്രതീകിഷിച്ചു…എനിക്കിനി വേറെ ഒരു ജീവിതം ഉണ്ടാവില്ല., ” എന്റെ വാക്കുകൾ പാർത്ഥനെ അസ്വസ്ഥനാക്കിയത് പോലെ തോന്നി…പാർത്ഥൻ എന്തു കൊണ്ടു ഇവിടം വിട്ടു പോണമെന്നു വാശി പിടിക്കുന്നത്. ഞാൻ ചോദിച്ചു. “നിനക്കു മനസിലാവുന്നില്ലല്ലോ മീരാ….. ഇപ്പോൾ തന്നെ ഞാൻ കാരണം മീര വിഷമിക്കുന്നു. ഇനി നിന്നാൽ അതു കൂടും..ഇഷ്ടമില്ലാത്തത് കൊണ്ടല്ല…… മനസ്സ് നിറഞ്ഞ സ്നേഹമുള്ളതു കൊണ്ടാണ് വിട്ടു പോകുന്നത്.. “എനിക്കു വല്ലാതെ സങ്കടം വന്നു… അനുവാദം ചോദിക്കാതെ തന്നെ ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു. എന്നെ വിട്ടു പോകരുത്… ഞാൻ പറഞ്ഞുകൊണ്ടിരുന്നു.. അയാൾ മറുപടി പറഞ്ഞില്ല. കൈകൾ അടർത്തി മാറ്റിയില്ല..ആ മുഖത്തു സൗമ്യമായ പുഞ്ചിരി… ആ ചിരിയിൽ എന്റെ സങ്കടം ഇല്ലാതാവുന്നത് പോലെ……

ഒടുവിൽ അന്ന് ആൾകൂട്ടത്തിനിടയിൽ അപ്രത്യക്ഷനാകും മുൻപ് പാർത്ഥൻ കഴുത്തിലെ നേർത്ത മണിമാല ഊരി എന്റെ കഴുത്തിൽ ഇട്ടു തന്നു… എന്റെ കണ്ണുകളിൽ നോക്കി… “എന്നെങ്കിലും നിന്നെ പിരിയാൻ കഴിയില്ല… കാണാതിരിക്കാൻ ആവില്ല… എനിക്കു നിന്നിൽ ചേരണം എന്നു തോന്നുന്ന നിമിഷം ഞാൻ വരും..പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നുവെന്നു തോന്നി… ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. “പോകാതിരുന്നൂടെ? “ഞാൻ ചോദിച്ചു പോയി… വെറുതെ ഒരു പ്രതീക്ഷ. അയാൾ ചിരിച്ചു.. പക്ഷേ ആ ചിരി വേദനയോടെ ആണെന്ന് തോന്നി…. പിന്നെ ഒന്നും പറയാതെ അയാൾ നടന്നു… ആൾക്കൂട്ടത്തിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.. അവിടെ ആ നിമിഷം ഞാൻ തനിച്ചായതു പോലെ…നിന്നെ വിട്ട് അകന്നു പോകുന്നത് നിന്റെ പ്രാണനല്ലേ…. മനസ്സ് ഓർമിപ്പിക്കുന്നു… കാലുകൾ ചലിച്ചില്ല. പിൻവിളികൾ അർത്ഥശൂന്യം.
കഴുത്തിലെ മാല നെഞ്ചോട്‌ ചേർത്തു. അയാളുടെ വിയർപ്പിൽ ഒട്ടി കിടന്ന ആ മാല എനിക്കിനി സ്വന്തം. അതൊരു ഓർമ്മപ്പെടുത്തൽ ആണ്. വരില്ലെന്ന് പറഞ്ഞിട്ടല്ല പോയത്.. കാത്തിരിക്കരുതെന്നും പറഞ്ഞിട്ടില്ല.

. പിന്നെ കണ്ടില്ല…..ഇതേ വരെ…
പക്ഷേ ഞാൻ പാർത്ഥനിൽ നിന്നും മടങ്ങിയില്ല… എനിക്കു തോന്നി… കാത്തിരിക്കണം…. അതൊരു സുഖമാണ്… ദുഃഖം മാത്രം തന്നു പോയ ആളാണ്… എന്നെങ്കിലും തിരിച്ചു വരുമ്പോൾ ആ ദുഃഖം തിരിച്ചേല്പിക്കണം…
ചിലപ്പോൾ ഞാൻ സ്വയം ചോദിക്കാറുണ്ട്….. മീരാ പാർത്ഥൻ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. ഉത്തരം എനിക്കറിയില്ല…..
പക്ഷേ ഞാനിപ്പോഴും അയാളെ തിരയാറുണ്ട്……. ആൾക്കൂട്ടത്തിൽ
എവിടെയെങ്കിലും ആ മുഖം……
എനിക്കറിയില്ല…. ഈ കാത്തിരിപ്പിന്റെ അർത്ഥം.
പക്ഷേ ഒന്നറിയാം ഞാൻ പാർത്ഥനെ സ്നേഹിക്കുന്നു…
മനസ്സിനുള്ളിൽ അണയാതെ ഒരു നെയ്ത്തിരി നാളമായി……..അയാളെ കാണുമ്പോൾ, ഓർക്കുമ്പോൾ താളം തെറ്റുന്ന അതേ ഹൃദയമിടിപ്പോടെ….. കണ്ണുകളിൽ പൂക്കുന്ന വയലറ്റ് പൂക്കളുടെ സ്വപ്നമായി…. കാണുമ്പോൾ ഒന്ന് കെട്ടിപിടിക്കാനുള്ള മോഹത്തോടെ…
ഞാൻ കാത്തിരുന്നു. ഈ വർഷങ്ങൾ അത്രയും.

ഇന്ന്
ഒരിക്കൽ കൂടി എനിക്കവിടെ പോകണമെന്ന് തോന്നി…. ആ നാടോടികൾ തിരിച്ചു പോയിരിക്കുമോ? പാർത്ഥൻ വരച്ചു തന്ന അയാളുടെ ഒരു ചിത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു.. അതെടുത്തു കയ്യിൽ പിടിച്ചു… ആരെങ്കിലും തിരിച്ചറിഞ്ഞാൽ….
ഞാൻ ചെന്നപ്പോൾ കണ്ടു… അവർ യാത്രയാവുകയാണ്… അടുത്ത ഇടം തേടി… നെഞ്ചിലൊരു വിങ്ങൽ… ഞാൻ ആ ചിത്രവും കയ്യിൽ പിടിച്ചു അവിടെ നിന്നു…പൊട്ടിയ കൃഷ്ണവിഗ്രഹങ്ങൾ ഒരു മരത്തിനു താഴെ കൂട്ടിയിട്ടിരുന്നു.. ഉടഞ്ഞ വിഗ്രഹങ്ങളിൽ ദൈവം വസിക്കുമോ?ഉടഞ്ഞാൽ ഉപേക്ഷിക്കുക.. മറക്കുക. പാർത്ഥൻ ഏല്പിച്ച കൃഷ്ണവിഗ്രഹം… അതിപ്പോഴും എന്റെ പൂജ മുറിയിൽ ഉണ്ട്. അതിന്റെ മുന്നിൽ അണയാതെ കത്തുന്ന ഒരു വിളക്കും.. പിന്നെ ആ മയിൽപീലികളും…. നിറം മങ്ങാതെ. ഇടയ്ക്കു ഞാൻ അതിനു മുന്നിൽ ഇരുന്നു നെഞ്ചു പൊട്ടി കരയാറുണ്ട്. വെറുതെ….
ഞാൻ അവിടെ ഏറെ നേരമായി നിൽക്കുന്നത് കൊണ്ടാവാം അവർ എന്നെ നോക്കി പിറുപിറുത്തു…
അവർക്കിടയിൽ നിന്നും ഒരു ആൺകുട്ടി എന്റെ അടുത്തേക്ക് ഓടി വന്നു… എന്റെ കൈയിലെ ചിത്രം വാങ്ങി നോക്കി.
അവന്റെ മുഖത്തു വിടർന്ന ചിരി. ..അവൻ ചിത്രം തിരികെ തന്നു.. ഞാൻ അവന്റെ കൈകളിൽ പിടിച്ചപ്പോൾ അവൻ കൈ തട്ടി മാറ്റി ഓടിപ്പോയി…
എല്ലാവരും എന്നെ തുറിച്ചു നോക്കി…എനിക്കു വേഗം അവിടുന്ന് പോകണമെന്നു തോന്നി പോയി.

ഞാൻ ഗംഗോത്രിയിലേക്ക് നടന്നു..
മഞ്ഞിന്റെ തണുപ്പുള്ള കാറ്റു വീശി.. അവിടെ വഴിയരികിൽ വയലറ്റ് പൂക്കൾ പൂത്തിരുന്നു… നടപ്പാതയിൽ വീണുകിടക്കുന്ന പൂക്കൾക്കിടയിലൂടെ ഞാൻ നടന്നു… നിറഞ്ഞ കണ്ണുകളോടെ തുടിക്കുന്ന ഹൃദയത്തോടെ പാർത്ഥനെ വീണ്ടും തിരഞ്ഞു… ആ മുഖം… എവിടെയാണ്…ഈ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും ആ മുഖം.. നോക്കി നിൽക്കെ എനിക്കു തോന്നി… ദൂരെ നിന്നും അയാൾ വരുന്നു… തന്റെ അടുത്തേക്ക്….”നിന്നെ കാണാതിരിക്കാൻ കഴിയില്ലെന്ന് തോന്നുന്ന നിമിഷം…. നിന്നെ പിരിയാൻ കഴിയില്ലെന്ന് തോന്നുന്ന നിമിഷം… ഞാൻ വരാം… പാർത്ഥനു തോന്നിയോ അങ്ങനെ…. സ്വപ്നമാണോ… എന്റെ തലയിലേക്ക് ഉതിരുന്ന വയലറ്റ് പൂക്കൾ എടുത്തു ഞാൻ നോക്കി… സത്യമാണ് …. അയാളുടെ മനസ്സിന്റെ അഗാധതയിൽ പൂത്ത പൂക്കൾ…
ഞാൻ കണ്ണുകൾ അടച്ചു… കഴുത്തിലെ മാലയിലെ നീല കല്ലിൽ മുറുകെ പിടിച്ചു. എന്റെ പ്രിയപ്പെട്ട ഗംഗോത്രിയുടെ കരയിൽ “മീരാ”എന്ന വിളിക്കു കാതോർത്തു ഞാൻ കണ്ണടച്ചു നിന്നു.
preetha sudhir

LEAVE A REPLY

Please enter your comment!
Please enter your name here