‘ജോർജിയ’ ഒരു കാല്പനികലോകം – ദീപക് മേനോൻ

0
16

‘ജോർജിയ’ ഒരു കാല്പനികലോകം

ഓരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ ആരംഭിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ‘ജോർജിയ’യിലേക്ക്. മിഡിലീസ്റ് വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും 30 ദിവസ്സത്തെ വിസ സൗജന്യമായി ലഭിക്കും. ബഹറിനിൽ നിന്നും 3 മണിക്കുർ 20 മിനിറ്റ് സഞ്ചരിച്ചു സുന്ദരിയായ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിലെത്തി.

ഇത്തവണ സ്ഥിരം സഹയാത്രികനില്ലാത്തതുകൊണ്ട് തെല്ലൊരു വിഷമത്തോടെയാണ് യാത്ര ആരംഭിച്ചത് , അതുകൊണ്ടുതന്നെ അവിടെ ചെന്നത്തിയതുനു ശേഷം വലിയ ഒരു ടൂർ ഗ്രൂപ്പിനൊപ്പം ചേർന്നു. അതൊരു വ്യത്യസ്ത അനുഭവമാണ് എനിക്ക് നൽകിയത്, പല ദേശങ്ങളിൽനിന്നു വരുന്ന പലപ്രായക്കാരായ മനുഷ്യർ, അവരുടെ കൂടെയുള്ള യാത്രകളും , ജോർജിയൻ രുചികളും എല്ലാം എനിക്കുപുതുമയുള്ള അനുഭവമായിരുന്നു.

തലസ്ഥാന നഗരമായ ടിബിലിസിയിലാണ് ഞാൻ കുറച്ചു ദിവസത്തേക്ക് മുറിയെടുത്തത് , പിന്നീട് സ്ഥലങ്ങൾ കാണാനായി അവിടത്തെ ഒരു ടൂർ ഗ്രൂപ്പിനൊപ്പംകൂടി. എന്നും രാവിലെ ഏഴുമണിക്ക് നിറയെ സഞ്ചാരികളുമായി വരുന്ന വലിയ ബസ്സ് നമ്മളെയും കൂട്ടി യാത്ര തിരിക്കും. ഒരു ഗൈഡും ബസ്സിലുണ്ടാകും, രസകരമാണ് ആ യാത്ര , പല ഹോട്ടലുകളിൽനിന്ന് ആളുകളെ കയറ്റി പതുക്കെയുള്ള യാത്ര. അപരിചിതരായ സഞ്ചാരികൾ നിമിഷങ്ങൾകൊണ്ട് ചിരപരിചിതരായിമാറുന്നു , വിശേഷങ്ങളും ഭക്ഷണവും പങ്കുവക്കുന്നു.

ഈ യാത്രയിലുടനീളം ഞാൻ ഒരു മായികലോകത്തായിരുന്നു . സ്വപനത്തിലൂടെ സഞ്ചരിക്കുന്നനുഭവം. നമ്മൾ പണ്ടുവായിച്ചുമറന്ന മാന്ത്രിക കഥയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും , പുരാതാന പള്ളികളും, കൊക്കോസ് മലനിരകളും , താഴ്വാരങ്ങളുമുള്ള അത്ഭുത ലോകം. ഒരു ദിവസം കറുത്ത കടൽ കാണാനാണെങ്കിൽ, അടുത്ത ദിവസം മഞ്ഞിന്റെപുതപ്പണിഞ്ഞുകിടക്കുന്ന ‘ഗുഡൗറി’ എന്ന സ്ഥലത്തെ മലയിലേക്കാവും യാത്ര. ജോർജിയയുടെ പ്രധാന അടയാളമായ പീസ് ബ്രിഡ്ജും ,പുരാതന കോട്ടകളും സൾഫർ സ്നാനഘട്ടങ്ങളും , ഡാമുകളും എല്ലാം കാണാനായി. പ്രൊമിത്യൂസ് ഗുഹ എന്നറിയ പെടുന്ന ജോർജിയയിലെ ഏറ്റവും വലിയ ഗുഹ ഒരു അത്ഭുത കാഴ്ചയായി മനസിൽ ഇപ്പോഴും നിലകൊള്ളുന്നു.

എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന യാത്ര വൈകുന്നേരം സഞ്ചാരികളെ അതാതു ഹോട്ടലുകളിൽ തിരിച്ചെത്തിക്കുന്നതോടെ അവസാനിക്കുന്നു. രാവിലെ നാടുകാണാനും രാത്രിയിൽ സ്വതന്ത്രമായി ഇഷ്ടമുള്ള സ്ഥലങ്ങളിൽ കറങ്ങിയടിച്ചു ഹോട്ടലിൽ തിരിച്ചെത്താം. വീണ്ടും പ്രഭാത്തിൽ അടുത്ത സ്ഥലത്തേക്ക് യാത്ര പോകാം എല്ലാ പ്രധാന സ്ഥലങ്ങളും കുറഞ്ഞ ചിലവിൽ കാണാനാകും എന്നത് ഗ്രൂപ്പിനൊപ്പമുള്ള യാത്രയുടെ മാത്രം പ്രത്യേകതയാണ്, അതൊരു വേറിട്ടനുഭവമായിരുന്നു.

എന്നും വൈകുനേരങ്ങളിൽ ഞാൻ ഓൾഡ് ടൗണിലേക്കിറങ്ങും, എല്ലാ യൂറോപ്പ്യൻ നഗരങ്ങൾക്കുമുള്ള പോലെ ഒരു ഓൾഡ് ടൌൺ ഇവിടെയുമുണ്ട്, വൈകുന്നേരങ്ങളിൽ കനലിൽ മൊരിയിച്ച മാംസവും ജോർജിയയുടെ തനതായ വൈനും ആസ്വദിച്ചിരിക്കുന്ന പല പ്രായക്കാരായ മനുഷ്യർ , പ്രണയം ഹിമകണമായി പെയ്തിറങ്ങുന്ന ആ തെരുവുകളിൽ എത്രനേരമിരുന്നാലും മതിയാകില്ല. മറ്റു യൂറോപ്പ്യൻ നാടുകളെപോലെ ഡിജെ ക്ലബ്ബുകളും , സ്ട്രിപ്പ് ബാറുകളുമെല്ലാമുള്ള ഒരു മറുഭാഗവും ഈ നാടിനുണ്ട്. പൊതുവെ ജീവിതനിലവാരം കുറവാണിവിടെ, 1 ജോർജിയൻ ലാറി നമ്മുടെ 25 രൂപവരും.

ടൂർ ഗ്രൂപ്പിലെ ഗൈഡമായുള്ള സൗഹൃദം കൊണ്ട് അവസാന രണ്ടു ദിവസം താഴ്വാരത്തിലെ ഒരു വീട്ടിൽ താമസിക്കാനായത് മറക്കാനാവാത്ത അനുഭവമായി മാറി. നിശബ്ദത തളം കെട്ടികിടക്കുന്ന മലഞ്ചെരുവിൽ പൂർണമായും മരത്തിൽ നിർമിച്ച വീടുകൾ, ഗ്രാമ വീടുകളിൽ ഉണ്ടാക്കുന്ന മുന്തിരി വൈനും , കിൻകലി എന്ന സ്വാദിഷ്ടമായ വിഭവവും , വീടിനുപുറത്തെ കനലടുപ്പിൽ ചുട്ടെടുത്ത മാംസവും ,ശരീരത്തിലേക്ക് അരിച്ചുകയറുന്ന തണുപ്പും നമ്മളെ വേറൊരുലോകത്തെത്തിക്കുന്നു. സ്നേഹ സമ്പന്നരായ ഗ്രാമീണരുമായി സംസാരിക്കാൻ ഭാഷാ ഒരു പ്രശ്നമാകുന്നില്ല. രണ്ടു ദിവസം പോയതറിഞ്ഞില്ല , അപരിചിതർ ബന്ധുക്കളായി മാറുന്നു , പിരിയുമ്പോൾ മനസിൽ ഒരു നൊമ്പരം, ജീവിതം പലപ്പോഴും നമ്മെ അത്ഭുതപെടുത്തുകയായാണ്.

ഒരു സ്വപ്നംകണ്ടുണർന്നപോലെ ബഹ്റൈനിലെ തിരക്കിലേക്ക് തിരിച്ചെത്തി. നമ്മൾ പോകുന്നിടമെല്ലാം എപ്പോഴൊക്കെയോ നമ്മുടെ ഒരു ഭാഗമായി മാറുന്നു. സ്വയം നഷ്ടപ്പെടാനും ഒടുവിൽ സ്വയം കണ്ടുപിടിക്കാനും യാത്രകൾ സഹായിക്കുന്നു. മുൻവിധികളില്ലാതെ വിശാലമായ ലോകം കാണാനായി കാത്തിരിക്കുന്നു.
Image may contain: Deepak Menon, child, shoes and outdoor

LEAVE A REPLY

Please enter your comment!
Please enter your name here