പാറപ്പുറത്ത്

0
21

അരനാഴിക നേരമില്ല, അറുപതു നാഴിക പറഞ്ഞാലും തീരാത്ത കഥകളാണ് ‘പാറപ്പുറത്ത്’ എന്ന കഥാകാരൻ മലയാളി കളോടുപറഞ്ഞു പോയത്…. ‘ഓണാട്ടുകരയുടെ കഥാകാരന്‍’ / ‘പട്ടാളകഥാകാരൻ’ എന്നിങ്ങനെയുള്ള വിളികൾ പാറപ്പുറത്തിനെ പരിമിതപ്പെടുത്തുന്ന ഒന്നല്ലേ? അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ ഓണാട്ടുകരക്കാർ ആയിരിക്കാം; അവരിൽ ചിലർ പട്ടാളക്കാരും ആയിരുന്നിരിക്കാം; പക്ഷേ, അദ്ദേഹം കോറിയിട്ട ജീവിതങ്ങൾ നമുക്കെല്ലാം പരിചിരിചിതങ്ങളല്ലേ? പട്ടാളക്യാമ്പുകളിലെ ജീവിത വ്യഥകളും വേർപാടിൻറെ നെടുവീർപ്പുകളും മാത്സര്യങ്ങളും അദ്ദേഹം മിഴിവോടെ ചിത്രീകരിച്ചു എന്നത് നേരാണ്. എന്നാൽ അതിനപ്പുറം, ആഴത്തിലുള്ള എന്തക്കയോ ആ രചനകളിലുണ്ട്.

2011-ൽ പാറപ്പുറത്തിൻറെ 37-ാം ചരമവാർഷിക ദിനം, മാവേലിക്കര മറ്റം സ്കൂൾ അങ്കണത്തിൽ ഒരുദിവസം നീണ്ട ഒരു അനുസ്മരണ പരിപാടികളോടുകൂടി ഞങ്ങൾ (കേരള സാഹിത്യ അക്കാദമി) നടത്തിയതു ഓർക്കുന്നു… അന്ന് അനേകം സാഹിത്യകാരമാരും അടൂർ ഗോപാലകൃഷ്ണനും വന്നു പ്രസംഗിച്ചത് സ്മരണയിലുണ്ട്… ഡോക്ടർ (ഫാ.) മാത്യു ഡാനിയേൽ രചിച്ച ‘പാറപ്പുറത്തിൻറെ നോവലുകൾ’ എന്ന പുസ്‌തകം (അക്കാദമി പ്രസിദ്ധികരണം) പ്രകാശിപ്പിച്ചതും അന്നാണ്.

(അടൂർ ഗോപാലകൃഷ്ണൻ അവിടെ ചെയ്ത പ്രസംഗം ഒരു അമേരിക്കൻ മലയാള പത്രം പ്രസിദ്ധികരിച്ചു. ഇമേജ് ഇതോടൊപ്പം- )
****** || ******

#പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ. ഈശോ മത്തായി മലയാളത്തിലെ തലയെടുപ്പുള്ള ഒരു ഏഴുത്തുകാരൻ തന്നെയാണ്. പാറപ്പുറത്തിന്റെ ‘അരനാഴികനേരം’, ‘ആകാശത്തിലെ പറവകള്’‍, ‘പണിതീരാത്ത വീട്’, ‘നിണമണിഞ്ഞ കാല്‍പ്പാടുകള്’‍, ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ തുടങ്ങിയ പ്രശസ്തമായ നോവലുകള്‍ ചലച്ചിത്രങ്ങളായി വെള്ളിത്തിരയിലെത്തി, ആ മാധ്യമത്തിലും അതീവ വിജയം വരിച്ചവയാണല്ലോ.

രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്: 1966-ൽ ‘നാലാൾ നാലുവഴി’ എന്ന #ചെറുകഥയ്ക്കും 1971-ൽ ‘അരനാഴികനേരം’ എന്ന #നോവലിലുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന്‌, കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി ജനനം. 1944-ൽ തന്റെ 19-ാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. ‘പയനിയർ കോറി’ൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി.

പട്ടാള ജീവിതകാലത്ത് ക്യാമ്പുകളിലെ ആഘോഷങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ നാടകങ്ങള്‍ എഴുതിയായിരുന്നു മത്തായിയുടെ സാഹിത്യ ജീവിതത്തിന്റെ തുടക്കം. അക്കാലത്താണ് പാറപ്പുറത്ത് എന്ന തൂലികാനാമം സ്വീകരിച്ചത്. ‘പുത്രിയുടെ വ്യാപാരം’ എന്ന ആദ്യ ‘കഥ’ 1948 -ൽ‍ പ്രസിദ്ധീകരിച്ചു. ‘പ്രകാശധാര’ എന്ന ആദ്യ ‘ചെറുകഥാ സമാഹാരം’ 1952-ലും ആദ്യ നോവലായ നിണമണിഞ്ഞ കാല്‍പാടുകള്‍ 1955-ലും പ്രസിദ്ധീകരിച്ചു.

തിരക്കഥാരചനയിലും ​ അദ്ദേഹം സജീവമായിരുന്നു. തന്റെ നോവലുകളടക്കം 14 സിനിമകള്‍ക്ക് തിരക്കഥയും 18 സിനിമകളുടെ സംഭാഷണവും പാറപ്പുറത്ത് രചിച്ചിട്ടുണ്ട്.

നോവല്‍ എന്ന നിലയില്‍ വന്‍ വിജയംനേടിയ ‘അരനാഴികനേരം’ 1970-ല്‍ സിനിമയാക്കി. കെ. എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ സംഭാഷണം എഴുതിയതും പാറപ്പുറത്തു തന്നെയാണ്. കുഞ്ഞോനാച്ചനെ അവിസ്മരണീയനാക്കിയ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ പാറപ്പുറത്ത്, കെ. എസ്. സേതുമാധവന്‍ എന്നിവര്‍ യഥാക്രമം കഥ, സംവിധാനം ഇവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കി. ‘ചാക്കോ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാറപ്പുറത്ത് അഭ്രപാളിയിലും ഈ സിനിമയിലൂടെ തിരനോട്ടം നടത്തി.

മൊത്തം 14 ചെറുകഥാ സമാഹാരങ്ങളും 20 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഏഴു നോവലുകള്‍ സിനിമയാക്കി.കൂടാതെ ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍ ‘ എന്ന സ്മരണയും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

പാറപ്പുറത്തിന്റെ അവസാന ചെറുകഥാസമാഹാരമായ ‘കീഴടങ്ങല്‍’, നോവലായ ‘കാണാപ്പൊന്ന്’ എന്നിവ അദ്ദേഹത്തിന്റെ മരണാനന്തരം എന്നിവ അദ്ദേഹത്തിന്റെ മരണാനന്തരം 1982-ലാണ് പ്രസിദ്ധീകരിച്ചത്. പാറപ്പുറത്തിൻറെ ‘കാണാപ്പൊന്ന്’ (1982) എന്ന നോവൽ അദ്ദേഹത്തിൻറെ മരണശേഷം എഴുതി പൂർത്തീകരിച്ചത് കെ. സുരേന്ദ്രനാണ്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1981 ഡിസംബര്‍ 30-ന് അന്തരിച്ചു.

-ആർ. ഗോപാലകൃഷ്ണൻ
30 /12 /2018

LEAVE A REPLY

Please enter your comment!
Please enter your name here