മൃണാള്‍ സെന്നിന് വിട

0
26

മൃണാള്‍ സെന്നിന് വിട
——————–
ആദരാഞ്ജലികൾ!💐💐💐

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്ത ഭവാനിപൂരിലെ വസതിയില്‍ രാവിലെ 10.30തോടുകൂടിയാണ് മരണം സംഭവിച്ചത്. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്.

റേ-ഘടക്ക്-സെൻ ത്രയം ഇനി ദീപ്തമായ ഓർമ. ഇന്ത്യൻ സിനിമയെ വലിയ തോതിൽ പുതുക്കിപ്പണിതവർ ഇവർ…

കോളേജ് വിദ്യാർഥി ആയിരുന്ന കാലത്തു ‘തൊടുപുഴ ഫിലിം സൊസൈറ്റി’ യുടെ പ്രദർശനത്തിൽ (1975) ‘കോറസ്സ്’ ആണ് ഞാൻ ആദ്യം കാണുന്ന മൃണാൾദാ സിനിമ. ‘ഭുവാൻ ഷോം’ പിന്നീടാണ് കാണുന്നത്.

ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മൃണാൾ സെൻ സാമൂഹികപ്രതിബദ്ധതയിൽ അടിയുറച്ചുനിന്ന ബംഗാളി ചലച്ചിത്രകാരനാണ്.

ഇന്ന് ബംഗ്ലാദേശിൽ ഉൾപ്പെട്ട ഫരീദ്പൂരിൽ 1923 മെയ് 14ന് ജനനം. ഹൈസ്കൂൾ പഠനത്തിന് ശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദം നേടാനായി കൊൽക്കത്തയിലെത്തി. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടടെ സൗന്ദര്യശാസ്ത്രത്തിൽ താത്ത്വികമായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു.

ആദ്യ ചിത്രം ‘രാത്ത് ബോറെ’ (ഉദയം) 1953-ലാണ് ചെയ്തത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം സംവിധാനം ചെയ്ത ‘നീൽ ആകാഷേർ നീചെ’ (നീലാകാശത്തിൻ കീഴെ) അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ‘ബൈഷേയ് ശ്രവൺ’ (വിവാഹനാൾ) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാൾ സെന്നിനെ ഉയർത്തി.

ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ‘ഭുവൻഷോം’ (1969) ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. ഗ്രാമീണഇന്ത്യയെ കറുത്ത ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിച്ച ‘ഭുവാൻ ഷോം’ (1969) ആണ് #ഞാൻ #ഏറ്റവുമധികം #ഇഷ്ടപ്പെടുന്ന #മൃണാൾദാ #ചിത്രം; പക്ഷെ, അദ്ദേഹം അത് അംഗീകരിക്കുന്നില്ല; അതിൽ സാമൂഹികപ്രതിബദ്ധത ഇല്ലെന്നതാണ് കാരണം…

ഇന്റർവ്യൂ (1970), കൽക്കട്ട 71 (1972), പദാദിക് (1973) എന്നീ ചിത്രങ്ങളടങ്ങിയ കൽക്കട്ടത്രയം ഏറെ ചർച്ച ചെയ്യപ്പെട്ടു. കൽക്കട്ടയുടെ ആഭ്യന്തരപ്രശ്‌നങ്ങൾ പരീക്ഷണാത്മക ശൈലിയിൽ അവതരിപ്പിച്ചവയാണ് ഈ ചിത്രങ്ങൾ. ഒരു മധ്യവർഗ കുടുംബത്തിലെ പെൺകുട്ടിയുടെ കാണാതാകലിനെ കേന്ദ്രീകരിച്ചുള്ള സെൻ സിനിമയാണ് ‘ഏക് ദിൻ പ്രതിദിൻ'(1979). അന്തരീൻ (1993), മൃഗയാ (1976), ഏകക്ദിൻ അചാനക് (1979), കാന്ധാർ (1983) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ…….

മൃണാൾദാ മൊത്തം, 27 ഫീച്ചർ ഫിലിമുകൾ, 14 ഷോർട്ട് ഫിലിമുകൾ, 4 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരം ആവർത്തിച്ച് നേടിയ കലാകാരനാണ് മൃണാൾ സെൻ. കാൻ, ബെർലിൻ,വെനീസ്, മോസ്കോ, കാർലോവി വാറി, മോൺട്രീൽ, ഷിക്കാഗോ, കയ്റോ ചലച്ചിത്രോത്സവങ്ങളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്.

വ്യക്തിഗതമായ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും പദവികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.

1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു,മൃണാൾ സെൻ. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്താരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്.

–ആർ. ഗോപാലകൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here