ഇരകള്‍ തേടുന്ന ചിലന്തിവലകള്‍

0
166

വല്ലാതെ ഭയപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരു വിഷയമാണിത്. ഇതൊരു രോഗമാണോ അതോ രോഗലക്ഷണങ്ങളാണോയെന്നൊന്നും എനിക്കറിയില്ല. എട്ടുക്കാലിയെ ഞാനെല്ലായിടത്തും കാണുന്നൂവെന്നതാണ് എന്‍റെ പ്രശ്നം.

ഉറങ്ങാന്‍പോകുമ്പോള്‍ പുതപ്പിനുള്ളില്‍ അവനുണ്ടാകും, വാര്‍ത്ത കാണാന്‍ ടി.വി. തുറന്നാല്‍ സ്ക്രീന്‍ മറച്ചുകൊണ്ട് അവന്‍ തുടങ്ങികിടക്കും, വായിക്കാന്‍ പുസ്തകമെടുത്താല്‍ അക്ഷരങ്ങള്‍ മറയ്ക്കുവാന്‍ അവനുണ്ടാകും, എന്തിന് ഭാര്യ വിളമ്പിത്തരുന്ന ഭക്ഷണത്തില്‍പോലും അവനെ കാണാം അന്നം മുടക്കിയായി.

ആ സംഭവത്തിനുശേഷമാണ് എല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്. വീടിന് ചുറ്റും സ്ഥാപിച്ചീട്ടുള്ള സി.സി.ടി.വി.യിലൂടെ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കുമുള്ള കാഴ്ചകള്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഈയിടെയായി മുന്നിലേക്കുള്ള കാഴ്ചകളെ മറച്ചുകൊണ്ട് ഒരു ചിലന്തിവല പ്രത്യക്ഷപ്പെട്ടു. അന്നുതന്നെ ഞാനത് തൂത്തുകളഞ്ഞു. എല്ലാ പകലുകളിലും ആ ചിലന്തിവല പ്രത്യക്ഷപ്പെടുകയും പതിവായി ഞാനാത് തൂത്തുകളയുകയും ചെയ്യ്തുകൊണ്ടിരുന്നു. പിന്നീടത് പകലും രാത്രിയും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വീണ്ടും വീണ്ടും ഞാനത് തൂത്തുകളഞ്ഞുകൊണ്ടേയിരിന്നു.

സ്വപ്നത്തിലൊരുദിവസം ളോഹ വേഷധാരിയായ, കയ്യില്‍ ചെങ്കോലും പൊന്‍കിരീടവുമായി ഒരെട്ടുക്കാലി എന്‍റെ മുന്നില്‍ വന്നുനിന്ന്‍ ആക്രോശിക്കുന്നു.

“ഇരയെ കുരുക്കാന്‍ നെയ്യ്തെടുത്ത ചിലന്തിവല നശിപ്പിച്ച നിന്നെഞാന്‍ ഈ ഭൂമിയില്‍നിന്നുതന്നെ ഉല്‍മൂലനം ചെയ്യും.”

സ്വപനത്തില്‍നിന്ന്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. പിറ്റേന്ന് പേടിച്ച് പനിപിടിച്ച് ജോലിക്ക് പോകാനാവാതെ സിക്ക് ലീവെടുത്ത് വീട്ടിലിരുന്നു. പോകെപോകെ എന്നിലെ ഭയം കൂടിവരികയും കുളിക്കാനോ ജോലിക്ക്പോകാനോ ഭക്ഷണം കഴിക്കാനോ താല്‍പ്പര്യമില്ലാതെ മുറിയില്‍ ഞാന്‍ ചടഞ്ഞിരുന്നു.

എല്ലാ വിവരങ്ങളും ഭാര്യയുമായി പങ്കുവച്ചു. കടുത്ത വിശ്വാസിയായ ഭാര്യയുടെ ഉപദേശപ്രകാരം പള്ളിയില്‍പോയി മുട്ടുക്കുത്തി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. വാഴ്ത്തിയ അപ്പം സ്വീകരിക്കാന്‍ ചെന്നപ്പോള്‍ എന്നെ തുറിച്ചുനോക്കികൊണ്ട് അച്ചന്‍റെ മുഖത്തതാ ആ എട്ടുക്കാലിയിരിക്കുന്നു. വാഴ്ത്തിയ അപ്പം സ്വീകരിക്കാതെ വീട്ടിലേക്ക് ഞാന്‍ തിരിച്ചുനടന്നു.

ബഡ് റൂമിലെ കട്ടിലില്‍ തലയിണകള്‍ ചാരിവച്ച് എന്‍റെ പുറംഭാഗം തലയിണയില്‍ ചാരി കാലുകള്‍ നിവര്‍ത്തിവച്ച് ഭയത്തില്‍നിന്നും ചിലന്തിവലകളില്‍നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന ചിന്തയില്‍, ജനലിനപ്പുറത്തേക്ക് മിഴികള്‍ നട്ട് ഞാനാരുന്നു.

പുറമെ നല്ല വെയിലുണ്ട്. ആകാശത്ത് മേഘങ്ങളും. മേഘങ്ങള്‍ എട്ടുക്കാലികളായി രൂപം പ്രാപിച്ച് എന്നെ ഭയപ്പെടുത്തികൊണ്ടേയിരുന്നു.

ബൈബിള്‍ നിവര്‍ത്തിവച്ച് ഞാന്‍ വായിക്കാന്‍ ശ്രമിച്ചു. കുരിശില്‍ തൂങ്ങിക്കിടന്നു പിടയുന്ന ക്രൂശിതന്‍റെ നിലവിളിയെനിക്ക് കേള്‍ക്കാമായിരുന്നു. കുരിശിന്‍റെ താഴെ ഫരിസേയര്‍ ആര്‍ത്തട്ടഹസിക്കുന്നത് എനിക്ക് അസഹനീയമായി തോന്നി. അവരുടെയെല്ലാവരുടേയും മുഖത്ത് ചാപ്പകുത്തിയതുപോലെ ആ എട്ടുക്കാലിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യ്തിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു. പതുക്കെപ്പതുക്കെ പത്ത് കല്പനയുടെ സാലഭഞ്ജികകള്‍ തകര്‍ന്ന്‍ കുരിശിന്‍റെ താഴെ ചിതറിവീണു.

എട്ടുക്കാലികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിന്നു. ഇര പിടിക്കാനുള്ള വലകള്‍ അവര്‍ നെയ്യ്തുകൊണ്ടേയിരുന്നു. മുന്നിലേക്കും പിന്നിലേക്കുമുള്ള എന്‍റെ കാഴ്ച്ചകളെ പൂര്‍ണ്ണമായും മറച്ചുകൊണ്ട് മുറിക്ക്‌ചുറ്റും ചിലന്തിവലകള്‍ പടര്‍ന്നുകൊണ്ടേയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here