“മലയാള സിനിമ 2018 – ഒരു വികടവീക്ഷണം

0
208

വിക്കിക്കണക്ക് പ്രകാരം നൂറ്റമ്പത്താറ് സിനിമകള്‍ പിറന്ന ആണ്ട് ! ഈ മ യൌ ( ഈശോ മറിയം യൗസേപ്പ്) മുതല്‍ ഉ.സ ( ഉരുക്ക് സതീശന്‍ ) വരെ ! ഇതില്‍ പകുതിയിലധികം സിനിമകള്‍ വന്നതോ പോയതോ മാലോകരറിഞ്ഞില്ല!

മലയാള സിനിമ വളരുകയാണോ ? ഇതെന്തര് വളര്‍ച്ച ?

ഫ്രോഡ്,കൂതറ,പെരുച്ചാഴി,വില്ലൻ,..അടുത്തയിടെ നെഗറ്റീവ് പേരുകളുമായി എത്തിയ കാലിടറിയ മോഹന്‍ലാല്‍ സിനിമകളുടെ നിരയിലേക്ക് ഈ വര്‍ഷത്തെ സംഭാവനകളാണ് “നീരാളി”യും ഒരു പരിധി വരെ “ഒടിയ”നും !

പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി മുന്‍പഭിനയിച്ച സിനിമ “ഒന്നാമന്‍”.നായകനായി തുടക്കം കുറിച്ചതാകട്ടെ “ഒന്നാമന്‍”,”ഒന്നാമത്തെ” ഇങ്ങനെയൊക്കെ അര്‍ത്ഥം വരുന്ന “ആദി” യില്‍. “ആദി” റിലീസ് ചെയ്തതാകട്ടെ ഒന്നാം മാസത്തിലും ! തുടക്കം കിടുക്കിയെങ്കിലും പ്രണവ് മലയാള സിനിമയില്‍ ഒന്നാമനാകുമോ എന്നത് കാലം തെളിയിക്കണ്ട കാര്യം ! ( സിനിമാപേരിലൂടെയും മറ്റും പ്രണവ് ഒന്നാമനാകുമ്പോള്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം വളരെ മുന്‍പ് തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞ ദുല്‍ക്കര്‍ സല്‍മാന്‍ തുടക്കം കുറിച്ചത് രണ്ടില്‍.”സെക്കണ്ട് ഷോ” യിലൂടെ.സിനിമ റിലീസ് ചെയ്തതാകട്ടെ രണ്ടാം മാസത്തിലും – ഫെബ്രുവരിയില്‍. 2012 ല്‍. കുഞ്ഞിക്കയുടെ മലയാള പടങ്ങളൊന്നും ഈ വര്‍ഷമിറങ്ങിയതുമില്ല ! )

ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി സിനിമകളുടെ എണ്ണവും നിലവാരവും പരിശോധിച്ചാല്‍ മമ്മുക്ക സ്വയം കടുംവെട്ട് നടത്തുകയാണോ എന്ന് ന്യായമായും സംശയിക്കാം !

എക്സ് തേര്‍ഡ് സൂപ്പര്‍സ്റ്റാര്‍ ( “ഫ പുല്ലേ..” എന്നൊക്കെ അലറിവിളിച്ച് കൊട്ടകക്കസേരകളിലെ മൂട്ടകളെ വരെ ത്രസിപ്പിച്ച ,മാധ്യമങ്ങള്‍ ഒരുകാലത്ത് സൂപ്പര്‍താര ഗണത്തില്‍ പെടുത്തിയിരുന്ന സുരേഷ് ഗോപി ) തന്റെ അഭിനയചാതുര്യം സേഫായ വേറൊരു മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ വര്‍ഷം സിനിമകളൊന്നുമില്ല! കളത്തില്‍ അദ്ദേഹത്തിന്റെ പുത്രന്‍ ഗോകുല്‍ സുരേഷ് ഗോപിയുണ്ട് എന്നാശ്വസിക്കാം!

ജനപ്രിയ നായകന്‍ ഇപ്പോഴും ജനപ്രിയ നായകന്‍ ( ജന + അപ്രിയ നായകന്‍ ) തന്നെ ! വലിയ സംഭവമായെത്തിയ കമ്മാരന്റെ ഗതി ഉദാഹരണം. ഇനി ഒരു തിരിച്ചു വരവ് അസംഭവ്യം !

“പെട്ടിലാംബ്രട്ട” ,”ഓട്ടോർഷ”, “തീവണ്ടി” മുതൽ “കോണ്ടസ്സ” വരെ ഈ വര്‍ഷം കൊട്ടകക്കുള്ളില്‍ എത്തി.ഓട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ !

ഈ വര്‍ഷം ഹിന്ദിക്ക് ഷാരൂക്കായുടെ “പൂജ്യം”. തമിഴിന് തലൈവരുടെ “രണ്ട്”, ” ഒപ്പം “തൊണ്ണൂറ്റിയാറും..മലയാളത്തിനോ ? അക്കങ്ങളുടെ കളിയില്‍ പിടിച്ചു നില്‍ക്കുവാന്‍ ഈ വര്‍ഷം നമുക്കുണ്ടായിരുന്നത് “ലിവിംഗ് ടുഗതര്”‍ ഫെയിം ഹേമന്ത് മേനോന്‍ നടിച്ച “മുന്നൂറ്റി അറുപത്തിയൊന്‍പത്” !

വെള്ളി മുതൽ തിങ്കൾ വരെ കൊട്ടകകളില്‍ ഓടിയ “തിങ്കൾ മുതൽ വെള്ളി വരെ” യുമായി എത്തിയ കണ്ണേട്ടന്‍ ഈ വര്‍ഷം അറ്റകൈക്ക് പ്രേക്ഷകര്‍ക്ക് നേരെ “ചാണക്യതന്ത്രം” തന്നെ പ്രയോഗിച്ചു! ക്യാ ഫലം?

“ആഭാസം”, “നോണ്‍സെന്‍സ്”, “ഡസ്റ്റ് ബിന്‍” .. പേരുകള്‍ അര്‍ത്ഥവത്തായി !

തിരിച്ചു വരവിനു ശ്രമിച്ച സംവിധായകന്‍ നിസാറിന് തന്റെ സിനിമയുടെ പേരിനോട് പോലും നീതി പുലര്‍ത്താനായില്ല ! സിനിമയുടെ പേര് “ടൂ ഡെയ്സ്”. രണ്ടു ദിവസം കൊട്ടകകളില്‍ തികച്ചോടിയെന്ന് തോന്നുന്നില്ല !

പഴയ നാദിര്‍ഷ പാരഡി സ്കിറ്റുകളോട് കിടപിടിച്ചെത്തിയ സലിം കുമാറിന്റെ “ദൈവമേ കൈതൊഴാം ” കണ്ട പ്രേക്ഷകരൊന്നാകെ ശശിയായി !

മുകേഷിന്റെ മകന്റെ “കല്യാണം” നിര്‍ഭാഗ്യവശാല്‍ മൂന്നാല് ദിവസങ്ങള്‍ക്കപ്പുരം നീണ്ടില്ല ! പാവം !

എങ്ങനെയോ പൂത്തു പന്തലിച്ചു വന്ന ”പൂമര”ത്തിനെ മൂടോടെ പിഴുതെറിഞ്ഞത് കരുത്തനായ “സുഡാനി” !

കമലിന്റെ വിദ്യകളൊന്നും ഫലിച്ചില്ല.”ആമി” ആവിയായി !

ചാനലുകളില്‍ സ്വതവെ ഊമയായി കാണപ്പെടുന്ന ജോഷി, “ചതിച്ചാശാനേ..” എന്ന ക്ലീഷേ ഡയലോഗടിക്കുവാന്‍ പ്രേക്ഷകര്‍ക്കാര്‍ക്കും അവസരം നല്‍കാത്ത വര്‍ഷം കൂടിയാണിത് !

വർഷാന്ത്യ അപേക്ഷ – അത് നമ്മുടെ ബാലചന്ദ്രമേനോന്‍ സാറിനോട് – പ്ലീസ് സാര്‍. ഇനി വേണ്ട സാര്‍ !.

വർഷാന്ത്യ വന്ദനം – അത് അന്തിക്കാട് സാറിന് – അര നൂറ്റാണ്ടോളമടുക്കുന്ന ഈ പിടിച്ചു നില്‍പ്പിന് ! പരിചിത റൂട്ടില്‍ കാലിടറാതെ ഇനിയും അദ്ദേഹത്തിന് കൂടുതല്‍ പ്രകാശം പരത്തുവാന്‍ സാധിക്കട്ടെ !

വർഷാന്ത്യ ആശ്വാസം – ശ്രീകുമാരന്‍ തമ്പി സാറിന് മലയാള സിനിമാ ഗാനരംഗത്ത് അവസരങ്ങള്‍ ലഭിക്കുന്നതില്‍.

വർഷാന്ത്യ പ്രാര്‍ത്ഥന – അത് കുഞ്ചാക്കോ ബോബന് വേണ്ടി – ഇനിയുമാരും പാവം ചാക്കോച്ചനെ കുഴിയില്‍ ചാടിക്കാതിരിക്കട്ടെ!

വര്‍ഷാന്ത്യ അത്ഭുതം : വിനീത് ശ്രീനിവാസന്‍ പാടാത്ത ഒരു ഷാന്‍ റഹ്മാന്‍ സിനിമ പുറത്തിറങ്ങിയത് -(“ഞാന്‍ പ്രകാശന്‍” ) !!

കുഡോസ്‌ – “സുഡാനി” സക്കറിയ , ജോണ്‍.പി.വര്‍ക്കി ( “ഈട” ഈണം ), “ക്യാപ്റ്റന്‍” പ്രജേഷ് സെന്‍ , “ജോസഫ്” ജോജു…….

വർഷാന്ത്യ “വള്ളീം തെറ്റി പുള്ളീം തെറ്റി” പുരസ്‌കാരം – അലന്‍സിയര്‍

ശുഭം

LEAVE A REPLY

Please enter your comment!
Please enter your name here