നിഴലുകള്‍ ഉറങ്ങാറില്ല

0
109

രാത്രി സമയം ഏകദേശം എട്ടോ ഒന്‍പതോ ആയിക്കാണും. ജോലികഴിഞ്ഞ് വീട്ടില്‍വന്ന് കുളിച്ച് വസ്ത്രംമാറി ഞാനും രത്‌നാകരനും കൂടി അത്താഴം കഴിക്കാനിറങ്ങി. ഗണപതി സ്‌കൂളിന്റെ അതിര്‍ കാക്കുന്ന മതിലിനോടു ചേര്‍ന്ന് ഒരു ചെമ്മണ്‍പാത പ്രധാന റോഡിലേക്ക് നീണ്ടുകിടക്കുന്നു. രാത്രിക്കാലങ്ങളില്‍ ആരും തന്നെ അതിലൂടെ സഞ്ചരിക്കാരില്ല. പെട്രോള്‍ പമ്പ് കടന്ന് ചുറ്റി വളഞ്ഞാണ് പോകാറ്. വഴിവിളക്കുകള്‍ ഒരിക്കലും ആ പാതയില്‍ തെളിയാറില്ല.

മദ്രാസ് കഫേയിലേക്കുള്ള എളുപ്പവഴിയാണിതെന്നും നമ്മുക്കിന്ന് ഈ വഴിയെ പോകാമെന്ന് രത്‌നാകരന്‍ പറഞ്ഞെങ്കിലും, മനസ്സില്ലാമനസോടെ ഞാന്‍ സമ്മതിച്ചു. വഴിയില്‍ കൂനാകൂരിരുട്ടാണ്. എതിര്‍ദിശയില്‍നിന്നും ആരെങ്കിലും വന്നാല്‍ കൂട്ടിയിടിക്കുമെന്നത് തീര്‍ച്ച. പിച്ചിപ്പൂമണം ഒളിപ്പിച്ചുവച്ച ഒരിളം കാറ്റ് കള്ളച്ചിരിയോടെ ഞങ്ങളെ തഴുകി കടന്നുപോയി.

പാതിവഴി ചെന്നപ്പോള്‍ ചില രൂപങ്ങള്‍ അനങ്ങുന്നതായി തോന്നി. ആരൊക്കെയോ അടക്കം പറയുന്നതായി തോന്നി. വിലപേശലുകള്‍ കേട്ടതായി തോന്നി. ഉടുമുണ്ടഴിച്ച് നിലത്തുവിരിച്ച് ഒരുവള്‍ അതില്‍ കിടക്കുന്നതായി തോന്നി. അവളോടൊപ്പം കിടക്കാന്‍ ഒരുവന്‍ ഒരുങ്ങുന്നതായ് തോന്നി. ശീല്‍ക്കാര ശബ്ദങ്ങള്‍ കേട്ടതായി തോന്നി.

കറുത്ത പര്‍ദ്ദ അല്‍പം മാറ്റി നിലാവ് ഒളിഞ്ഞു നോക്കി. മെല്ലെ മെല്ലെ ഏല്ലാം തെളിഞ്ഞു വന്നു. മനുഷ്യ മാമംസത്തിന്റെ വില്‍പ്പന തകൃതിയായി നടക്കുകയാണവിടെ. മദ്രാസ് കഫേയില്‍ ഭക്ഷണത്തിന്റെ മുന്നിലിരിക്കുമ്പോള്‍ രത്‌നാകരന്‍ പറയുകയായിരുന്നു. അതൊരു മിനി റെഡ് സ്ട്രീറ്റാണെന്ന്. ഇതും കോഴിക്കോടിന്റെ വേറൊരു പരിഛേദം.

LEAVE A REPLY

Please enter your comment!
Please enter your name here