അകാലത്തിൽ പൊലിഞ്ഞ അഭിനയ പ്രതിഭ റാണി ചന്ദ്ര : റജി നന്തികാട്ട്

0
18

റാണിചന്ദ്ര ഓർമ്മയായിട്ട് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള ചലച്ചിത്രപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ആ അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത. മലയാള സിനിമയുടെ നിത്യദുരന്തങ്ങളിൽ ഒന്നാണ് റാണിചന്ദ്ര. കെ. ജി. ജോർജ്ജിന്റെ ‘സ്വപ്നാടനം’, രാജീവ്നാഥിന്റെ ‘തണൽ’ ഐ. വി. ശശിയുടെ ‘ഉത്സവം’ എന്നീ ചിത്രങ്ങൾ മാത്രം മതി റാണിചന്ദ്രയെ മലയാള സിനിമ എന്നും ഓർക്കാൻ. കെ. ജി. ജോർജ്ജിന്റെ ‘സ്വപ്നാടനം’ കണ്ടവരുടെ മനസ്സിൽ എന്നും ഓർമ്മയായിരിക്കും സ്വപ്നം മയങ്ങുന്ന ആ നീണ്ട മിഴികൾ.

1949 ൽ ആലപ്പുഴയിൽ പ്രമുഖ കപ്പൽ ഏജന്റ് ആയിരുന്ന ചന്ദ്രന്റെയും കാന്തിമതിയുടെയും അഞ്ചു മക്കളിൽ രണ്ടാമതായി റാണിചന്ദ്ര ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങുന്നതായായിരുന്നു റാണിയുടെ കുടുംബം. സാമ്പത്തീകമായി ഉയർന്ന നിലയിൽ ജീവിച്ചിരുന്ന റാണിചന്ദ്ര പ്രൈമറി വിദ്യാഭാസ കാലം മുതൽ നൃത്തം പരിശീലിച്ചിരുന്നു. സ്കൂൾ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

ആ സമയത്ത് ചന്ദ്രനും കുടുംബവും ഫോർട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. ഫോർട്ട് കൊച്ചിയിലെ ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ വിദ്യാഭാസം തുടർന്നു. ഈ സമയത്തും നൃത്തത്തിൽ പരിശീലനം തുടർന്ന റാണിചന്ദ്ര ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത രൂപങ്ങളിൽ പ്രാവീണ്യം നേടി. എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഈ സമയത്തു് സ്വന്തമായി ഒരു ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്നു

1965 ൽ തൃശൂരിൽ നടന്ന സൗന്ദര്യ മത്സരത്തിൽ റാണിചന്ദ്ര പങ്കെടുക്കുകയും ‘ മിസ്സ് കേരള’ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ മത്സരം സംഘടിപ്പിച്ചത് തന്നെ മലയാളത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമയുടെ നായികയെ കണ്ടെത്താൻ വേണ്ടിയായിരുന്നു എന്നുള്ള പ്രചാരണം ഉണ്ടായിരുന്നു. എന്തായാലും വിജയിയെത്തേടി ‘ ദൈവത്തിന്റെ മരണം ‘ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം എത്തി. എന്നാൽ ഈ ചിത്രത്തിന്റെ നിർമ്മാണം പാതി വഴിയിൽ മുടങ്ങി. എന്നാൽ തനിക്ക് കിട്ടിയ ‘ മിസ്സ് കേരള’ പദവി മലയാള സിനിമക്ക് ഒരു പുതിയ നായികയെ ലഭിച്ചിരിക്കുന്നു എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്നതിനും പല പ്രസിദ്ധീകരങ്ങളിലും റാണിയുടെ പടങ്ങൾ അടിച്ചു വരുന്നതിനും കാരണമായി . അത് റാണിചന്ദ്രക്ക് ഒരു സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തു. ഇതോടെ റാണിചന്ദ്രയുടെ മനസ്സിൽ സിനിമാനടി ആകണമെന്നുള്ള മോഹം ഉടലെടുത്തു. പിതാവായ ചന്ദ്രനും തന്റെ മകൾ സിനിമയിൽ നടിയായി അറിയപ്പെടണമെന്ന് അതിയായി ആഗ്രഹിച്ചു.

റാണിയുടെ സിനിമാ മോഹം പൂവണിയാൻ കൂടുതൽ കാലം കാത്ത് നിൽക്കേണ്ടി വന്നില്ല. 1967 ൽ പി. എ. തോമസ് സംവിധാനം ചെയ്ത ‘പാവപ്പെട്ടവൾ’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. സത്യൻ, കമലാദേവി, അടൂർ ഭാസി, സുകുമാരി എന്നിവരയായിരുന്നു
പ്രധാന അഭിനേതാക്കൾ. ചിത്രം സാമ്പത്തീകമായി പരാജയമായിരുന്നു. ഈ ചിത്രത്തിന് ശേഷം ഒരു വർഷത്തോളം മറ്റു പടങ്ങൾ ലഭിച്ചില്ല. മകളെ അഭിനയിപ്പിക്കാനായി സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയായിരുന്നു അച്ഛന്‍ ചന്ദ്രന്‍. സോണി പിക്‌ചേര്‍സിന്റെ അഞ്ചു സുന്ദരികളില്‍ ഒരു സുന്ദരിയായ് റാണിയെ ഉള്‍പ്പെടുത്തി. 1968 ൽ റിലീസ് ചെയ്ത ‘ അഞ്ചു സുന്ദരികൾ’ സംവിധാനം ചെയ്തത് എം. കൃഷ്ണൻ നായർ ആയിരുന്നു. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി. ജി. കെ. പിള്ള, പറവൂർ ഭരതൻ എന്നിവർ അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും സാമ്പത്തീകമായി പരാജയമായിരുന്നു.

ഈ സമയം സൗത്തിന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്ന മദ്രാസിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് റാണിയും കുടുംബവും താമസം മാറ്റിയിരുന്നു. എന്നാൽ ആദ്യ രണ്ടു സിനിമകളുടെ സാമ്പത്തീകമായി പരാജയം അന്ധവിശ്വാസങ്ങൾ കൊടി കുത്തി വാണിരുന്ന മലയാള സിനിമയിൽ രാശിയില്ലാത്ത നടിയെന്ന് അറിയപ്പെടുവാൻ കാരണമാകുകയും നായികയായി പരിഗണിക്കാതെ
ചെറിയ വേഷങ്ങൾ നൽകി റാണിയെ ഒതുക്കി കളഞ്ഞു. ഈ കാലത്തും താൻ നടത്തിയിരുന്ന ‘മിസ്സ് കേരള ആൻഡ് പാർട്ടി’ എന്ന ഡാൻസ് ട്രൂപ്പ് ആയിരുന്നു ഏക ആശ്വാസം. ഡാൻസ് പ്രോഗ്രാമുകളുമായി ഇന്ത്യക്കകത്തും വിദേശത്തും അവർ തിരക്കിലായിരുന്നു. ഇതിനിടയിലും ചെറിയ വേഷങ്ങൾ മലയാള സിനിമയിൽ ചെയ്തുകൊണ്ടിരുന്നു. ഈ കാലത്ത് രാമു കാര്യാട്ടിന്റ ‘ നെല്ല് ‘ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തത് അവരുടെ ജീവിത്തിൽ വഴിത്തിരിവായി. രാമു കാര്യാട്ടിന്റ സംവിധാന സഹായി ആയിരുന്ന കെ. ജി. ജോർജ്ജ് തന്റെ ‘സ്വപ്നാടനം’ എന്ന ചിത്രത്തിൽ നായികയായി റാണിചന്ദ്രയെ തീരുമാനിച്ചു. എന്നാൽ രാശിയില്ലാത്ത നടിയാണ് എന്ന് പറഞ്ഞു പലരും കെ. ജി. ജോർജ്ജിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റാണിചന്ദ്രയുടെ കണ്ണിൽ തന്റെ നായികയെ കണ്ട കെ. ജി. ജോർജ്ജ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ‘സ്വപ്നാടനം’ ആ വർഷത്തെ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള കേരള സംസ്ഥാന അവാർഡുകൾ നേടി. റാണി ചന്ദ്രയെ തേടി നിരവധി അവസരങ്ങൾ വന്നു.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ കെ. എസ്. സേതുമാധവൻ. പി. എൻ. മേനോൻ തുടങ്ങായവർ റാണിക്ക് മികച്ച വേഷങ്ങൾ നൽകി കൊണ്ടിരുന്നു. ‘ ലഷ്മിവിജയം’, ‘ രണ്ടു പെൺകുട്ടികൾ’, ‘ചെമ്പരത്തി’, ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’, ‘അയോദ്ധ്യ’, ‘ആലിംഗനം’, ‘ദേവി ‘, ‘ സ്വപ്നം’, ‘ജീസസ്’ തുടങ്ങി നിരവധി സിനിമകളിലൂടെ റാണിചന്ദ്ര മലയാള സിനിമയിലെ വലിയ താരങ്ങളിൽ ഒരാളായി മാറി. ഇതിനിടയിൽ കമലഹാസന്റെ നായികയായി 1975 ൽ ‘തേൻ ചിന്തിതേ വാനം’ എന്ന ചിത്രത്തിലും അഭിനയിച്ചു.

തന്റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിലും റാണിചന്ദ്ര നൃത്തത്തെ കൈവിട്ടിരുന്നില്ല. അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ട് നടന്ന റാണി തമിഴിൽ ‘ഭദ്രകാളി’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടരിക്കുമ്പോൾ ദുബായിയിൽ ഒരു നൃത്ത പരിപാടിക്ക് റാണിയും മൂന്നു സഹോദരിമാരും അമ്മയും അടങ്ങുന്ന സംഘം പുറപ്പെട്ടു. ഒരാഴ്ചത്തെ പ്രോഗ്രാമുകൾക്ക് ശേഷം ബോംബയിൽ മടങ്ങിയെത്തി. മദ്രാസിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിന് കാത്തു നിൽക്കുമ്പോൾ തന്നെ അപശകുനങ്ങൾ കണ്ട് തുടങ്ങിയിരുന്നു. രണ്ടു ഫ്ലൈറ്റുകളും തകരാറായതിനാൽ മൂന്നാമത് വന്ന ഫ്ലൈറ്റിലാണ് 95 യാത്രക്കാരോടൊപ്പം റാണിചന്ദ്രയും കുടുംബവും നൃത്തട്രൂപ്പിലെ മറ്റു അംഗങ്ങളും മദ്രാസിലേക്ക് പുറപ്പെട്ടത്. പറന്ന് പൊങ്ങിയ കാരവൻ ഫ്ലൈറ്റ് ആകാശത്ത് കത്തി ചാമ്പലായത് നിമിഷങ്ങൾക്കുള്ളിലാണ്.1976 ഒക്ടോബർ
12 മലയാള സിനിമ വിറങ്ങലിച്ചു പോയ ദിവസം ആയിരുന്നു.

മദ്രാസിലെ ത്യാഗരാജ നഗറിലെ വീടിന് മുന്നിൽ നിരത്തി വച്ച അഞ്ചു ശവമഞ്ചങ്ങൾ കണ്ട് കലാകേരളം വിങ്ങിപ്പൊട്ടി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ഫക്കറുദീൻ അലി അഹമ്മദും അനുശോചന സന്ദേശങ്ങൾ അയച്ചു. റാണിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൊച്ചിയിലെ ഒരു ചെമ്മീൻ എക്സ്പോർട്ടർ സമ്മാനിച്ച സ്വർണ്ണമാലയുടെ ലോക്കറ്റിൽ ഇരുവരുടെയും ഫോട്ടോകൾ പതിച്ചിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് ഈ ലോക്കറ്റ് ആയിരുന്നു. റാണിചന്ദ്രയുടെ മരണം മലയാള സിനിമയുടെ വലിയ നഷ്ടമായി ഇന്നും കരുതുന്നു. അവസാനം അഭിനയിച്ച തമിഴ് സിനിമ ‘ഭദ്രകാളി’ റാണിയുടെ മുഖ സാമ്യമുള്ള പെൺകുട്ടിയെ വച്ച് പൂർത്തിയാക്കി. ഈ സിനിമ ഗംഭീര വിജയമായിരുന്നു. ഒരു പക്ഷെ മരണം സമ്മാനിച്ച വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here