നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ ഹൃദയം തുറന്നു പാടുന്ന പാട്ടുകാരൻ. വരകളാൽ, വർണ്ണങ്ങളാൽ വിസ്മയം തീർക്കുന്ന ചിത്രകാരൻ. ലഹരിയുടെ താഴ് വരയിലൂടെ ഉന്മാദിയെ പോലെ അലയുന്ന അവധൂതൻ. മൂന്ന് വേഷങ്ങളിലും കണ്ടിട്ടുണ്ട് കെ ആർ വേണുവിനെ.
അവസാനം കണ്ടത് ഇതൊന്നുമല്ലാത്ത മറ്റൊരു വേഷത്തിലാണ്. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്തിന് സമീപമുള്ള ജോഷിയുടെ റെഡിമെയ്ഡ് ഷോപ്പിന്റെ ഒരു മൂലയിൽ ക്ഷീണിതനായി ചടഞ്ഞിരിക്കുന്ന വേണുവേട്ടൻ. പാട്ടിനോട് മാത്രമല്ല ജീവിതത്തോട് തന്നെ വിരക്തി തോന്നിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. മുഖത്ത് പഴയ പ്രസാദാത്മകതയില്ല; കണ്ണിറുക്കിയുള്ള ചിരിയില്ല. “നമ്മളേപ്പോലുള്ളവരെയൊന്നും ആർക്കും വേണ്ടാതായി.” റോഡിലൂടെ വർണ്ണപ്രഭ വിതറി ഒഴുകിപ്പോകുന്ന കൗമാരക്കൂട്ടങ്ങളെ നോക്കി നിർവികാരനായി വേണുവേട്ടൻ പറഞ്ഞു. “ഈ മാനാഞ്ചിറ മൈതാനത്ത് നമ്മുടെ പാട്ട് കേൾക്കാൻ കോരിച്ചൊരിയുന്ന മഴ നനഞ്ഞു കാത്തുനിന്നിട്ടുണ്ട് ആയിരങ്ങൾ. ഓരോ പാട്ടും പാടിത്തീരുമ്പോൾ സ്റ്റേജിന് പിന്നിൽ വന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടും അവർ. സമ്മാനങ്ങൾ തരും. ചിലപ്പോൾ പാരിതോഷികങ്ങളും. ഇപ്പോൾ നമ്മളെ കണ്ടാൽ ആരും തിരിച്ചറിയുക പോലുമില്ല. നല്ല മെലഡികളൊന്നും ആർക്കും വേണ്ട താനും…”
കാലത്തിന്റെ കുസൃതി മാത്രമാണതെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു വേണുവേട്ടനെ. പാട്ടുകാരുടെ മാത്രമല്ല ഏതൊരു കലാകാരന്റെ ജീവിതത്തിലും വന്നു ഭവിച്ചേക്കാം അത്തരമൊരു ദുരവസ്ഥ. കാലം മാറുന്നതോടൊപ്പം ജനത്തിന്റെ അഭിരുചികൾ മാറുന്നു; സങ്കൽപ്പങ്ങൾ മാറുന്നു; മനോഭാവങ്ങൾ മാറുന്നു; മുൻഗണനകൾ മാറുന്നു. എല്ലാ മാറ്റങ്ങളുമായും പൊരുത്തപ്പെടുകയാണ് ബുദ്ധി. മനസ്സിൽ പൊന്നുപോലെ സൂക്ഷിക്കാനും ഇടയ്ക്കിടെ പൊടിതട്ടിയെടുക്കാനും ഒരു പാട് നല്ല ഓർമ്മകൾ നിറഞ്ഞ ഭൂതകാലം ഉണ്ടല്ലോ വേണുവേട്ടന്. അതുപോലുമില്ലാത്തവർ എന്തുചെയ്യും? ക്ഷമയോടെ എല്ലാം കേട്ടിരുന്ന ശേഷം ആത്മഗതം പോലെ വേണുവേട്ടൻ പറഞ്ഞു: “പറയാൻ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവനേ അതിന്റെ വിഷമം മനസ്സിലാകൂ..”
ആദ്യമായി കെ ആർ വേണുവിനെ കണ്ടതെന്നായിരുന്നു? പ്രീഡിഗ്രിക്കാലത്താവണം. കാണുകയല്ല കേൾക്കുകയായിരുന്നു. ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം മെഡിക്കൽ കോളേജിലേക്കുള്ള ബസ് പിടിക്കാൻ സിറ്റി സ്റ്റാൻഡിലേക്ക് തിടുക്കത്തിൽ നടന്നുപോകവേ, മുതലക്കുളത്തിനടുത്തെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ഉത്സവാന്തരീക്ഷമാണ് അവിടെ. സ്പീക്കറുകളിലൂടെ മന്നാഡേയുടെ സൂപ്പർ ഹിറ്റ് ഗാനമൊഴുകുന്നു: “മേരെ ഹുസൂർ”’ എന്ന ചിത്രത്തിലെ “ജനക് ജനക് തോരീ ബാജേ പായലിയാ… ” ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി മുന്നിലെത്തിയപ്പോൾ വേദിയിലെ പാൽവെളിച്ചത്തിൽ മെലിഞ്ഞു വെളുത്തൊരു സുമുഖൻ. കാഴ്ച്ചയിൽ നേപ്പാളിയെപ്പോലെ. നാട്ടിൻപുറത്തെ സാധാരണ സ്റ്റേജ് ഗായകരെ പോലെ മലയാളത്തിന്റെ ചുവയുള്ള ഹിന്ദിയല്ല അയാളുടേത്. ശരിക്കും ഒറിജിനൽ ഹിന്ദി തന്നെ…. പിന്നെയും പല തവണ കേട്ടു വേണുവിനെ; ടൗൺ ഹാളിൽ, ഗുജറാത്തി ഹാളിൽ, മാനാഞ്ചിറയിൽ, ടാഗോർ ഹാളിൽ… മന്നാഡേയുടെ പാട്ടുകൾ ആയിരുന്നു വേണുവിന് അനായാസം വഴങ്ങിയിരുന്നതെന്ന് തോന്നിയിരുന്നു അക്കാലത്ത്..യേശുദാസ് ഉൾപ്പെടെ എല്ലാവരുടെയും ഹിറ്റുകൾ പാടിയിരുന്നെങ്കിലും.
നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും ചാലപ്പുറത്തെ `ഫോർ എയ്‌സസ്’ എന്ന പരസ്യ ഏജൻസിയിൽ വെച്ചാണ്. തുടക്കക്കാരനായ പത്രപ്രവർത്തകന്റെ റോളിലായിരുന്നു ഞാൻ. വേണുവാകട്ടെ പരസ്യ ഏജൻസിയിലെ ഡിസൈൻ ആർട്ടിസ്റ്റിന്റെയും. വെറുതെ പാട്ടും പാടി നടന്നാൽ ജീവിതം വഴിമുട്ടുമെന്ന് തിരിച്ചറിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. കോപ്പി റൈറ്റിംഗിൽ ഒരു കൈ നോക്കാനായി ഒന്നരാടൻ ദിവസങ്ങളിൽ ഏജൻസിയിൽ ചെന്നിരുന്ന എന്നെ വേണുവുമായി അടുപ്പിച്ചത് ഹിന്ദി സിനിമാ ഗാനങ്ങളോടുള്ള അദ്ദേഹത്തിന്റെ അളവറ്റ അഭിനിവേശം തന്നെ. പാറ്റ്നയിലും കൊൽക്കത്തയിലുമായി ചെലവഴിച്ച ബാല്യമാണ് വേണുവിനെ ഹിന്ദി പാട്ടുകളുടെ ആരാധകനാക്കിയത്. ചെറുപ്പം മുതലേ എല്ലാ പാട്ടുകാരുടെയും പാട്ടുകൾ പാടും. ഓരോ ഗായകരുടെയും ആലാപന ശൈലി മനസ്സിലാക്കി, സ്വന്തം ശബ്ദത്തിലേക്ക് സമർത്ഥമായി അത് ആവാഹിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തതും അക്കാലത്തു തന്നെ. റഫിയുടെ `മൻരേ തു കാഹേ നാ ധീർ ഡരേ’ പാടുമ്പോൾ റഫിയായി മാറും വേണു. മന്നാഡേയുടെ `കോൻ ആയാ മേരെ മൻ കേ ദ്വാരേ’ പാടുമ്പോൾ മന്നാഡെ ആകും; കിഷോറിന്റെ `ജീവൻ സേ ഭരീ തേരി ആംഖേം’ പാടുമ്പോൾ കിഷോറും. “ശരിക്കും ഓൾറൗണ്ട് പാട്ടുകാരനായിരുന്നു വേണുവേട്ടൻ. അതുപോലൊരു ഗായകനെ വേറെ കണ്ടിട്ടില്ല.” — അവസാന നാളുകളിൽ വേണുവിന്റെ സന്തത സഹചാരിയായിരുന്ന ഗായകൻ ജോഷിയുടെ വാക്കുകൾ.
ആദ്യം കാണുമ്പോൾ അത്ര “ശ്രുതിശുദ്ധ”മല്ല വേണുവിന്റെ ഹൃദയം. പേസ് മേക്കറിന്റെ സഹായത്തോടെ ഹൃദ്സ്പന്ദത്തിന്റെ താളം ക്രമീകരിച്ചുകൊണ്ടാണ് ജീവിതം. എങ്കിലും പാട്ടിന്റെ ലോകത്തെത്തിയാൽ എല്ലാം മറക്കും. ഗാനമേളകളിൽ നിന്ന് മിക്കവാറും വിടവാങ്ങി മെഹ്ഫിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും അദ്ദേഹം; ഹോട്ടലുകളിൽ പാടാനും. പങ്കജ് ഉധാസിന്റെയും ജഗ്ജിത് സിംഗിന്റെയും ഹരിഹരന്റെയും ഒക്കെ ഗസലുകളാണ് അവതരിപ്പിക്കുക. വരികളുടെ അർത്ഥം അറിഞ്ഞു പാടുന്നു എന്നതാണ് അന്നത്തെ “നാടൻ” ഗസൽ ഗായകരിൽ നിന്ന് വേണുവിനെയും നജ്മൽ ബാബുവിനെയുമോക്കെ വേറിട്ട് നിർത്തിയ ഘടകം. പാട്ടുകൾ മാത്രമല്ല പാട്ടുകാരുടെ ചരിത്രവുമറിയാം വേണുവിന്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും ആസ്വാദ്യകരം. പരസ്യ ഏജൻസിക്കാലത്താണ് തന്റെ പൂർവ്വകാലം വേണു എനിക്ക് മുന്നിൽ തുറന്നുവെച്ചത്. സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിച്ച് ഒടുവിൽ ഒന്നുമാകാതെ പോയ ഒരു പാവം പാട്ടുകാരനെ കണ്ടുമുട്ടി ഞാൻ ആ കഥകളിൽ.
ബാബുരാജ് വഴിയായിരുന്നു സിനിമയിലേക്കുള്ള കുടിയേറ്റം. 1960 കളുടെ അവസാനം മുതലേ ബാബുക്കയെ അറിയാം. ബാബുരാജിന്റെ ഗാനമേളകളിൽ മുഖ്യ പുരുഷ ശബ്ദമായിരുന്നു വർഷങ്ങളോളം വേണു. “നിന്നെക്കൊണ്ട് ഞാൻ സിനിമയിൽ പാടിക്കും. അവസരം വരട്ടെ”– ബാബുരാജ് എപ്പോഴും പറയും. അവസരം ഒത്തുവന്നത് 1973 ലാണ്. ഹരിഹരൻ സംവിധാനം ചെയ്ത `ലേഡീസ് ഹോസ്റ്റലി’ൽ ഒരു ഹാസ്യഗാനം വേണുവിന് സമ്മാനിക്കുന്നു ബാബുരാജ് — “പ്രിയതമേ നിൻ പ്രേമാമൃതം.” (രചന: ശ്രീകുമാരൻ തമ്പി). യുഗ്മഗാനമാണ്. ഒപ്പം പാടുന്നത് മറ്റൊരു യുവ ഗാനാർത്ഥി — കുളത്തൂപ്പുഴക്കാരൻ രവി. സിനിമയിൽ കെ പി ഉമ്മറും അടൂർ ഭാസിയും അഭിനയിക്കുന്ന ഗാനരംഗം. അതേ ചിത്രത്തിൽ `മാനസവീണയിൽ മദനൻ ചിന്തിയ’ എന്നൊരു സോളോ പാട്ട് വേണുവിനെ കൊണ്ട് പാടിക്കാൻ ബാബുരാജിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒടുവിൽ അത് പാടിയത് യേശുദാസ്. “സാരമില്ലെടോ, നിനക്ക് വേറൊരു മെലഡി ഉടൻ തരാം.” – ബാബുക്ക വേണുവിനെ ആശ്വസിപ്പിച്ചു. പക്ഷേ സിനിമയിൽ തിരക്ക് കുറഞ്ഞു വരുകയായിരുന്ന ബാബുരാജിന് സ്വാഭാവികമായും തന്റെ ആഗ്രഹങ്ങൾ നടപ്പാക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എന്നിട്ടും അടുത്ത പടമായ “മനസ്സി”ൽ വേണുവിന് പാടാൻ അവസരം നൽകി അദ്ദേഹം. അതും ഹാസ്യഗാനം തന്നെ: “അടുത്ത ലോട്ടറി നറുക്ക് വല്ലതും നമുക്ക് വീണെങ്കിൽ..” ഇത്തവണയും കൂടെ പാടിയത് കുളത്തൂപ്പുഴ രവി. അവിടെ അവസാനിച്ചു വേണുവിന്റെ സിനിമാജീവിതം.
പക്ഷേ കൂടെ പാടിയ കുളത്തൂപ്പുഴ രവിയുടെ ജീവിതം തുടങ്ങിയിരുന്നതേയുള്ളൂ. പാട്ടുകാരനെന്ന നിലയിൽ തിളങ്ങിയില്ലെങ്കിലും സംഗീത സംവിധായകനെന്ന നിലയിൽ രവി പ്രശസ്തിയുടെ പടവുകൾ കയറിപ്പോകുന്നതും മലയാളികളുടെ പ്രിയപ്പെട്ട രവീന്ദ്രനായി വളരുന്നതും വിസ്മയത്തോടെ നോക്കിനിന്നു വേണു. അപ്പോഴേക്കും സിനിമാ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് കോഴിക്കോട്ട് തിരിച്ചെത്തിയിരുന്നു അദ്ദേഹം. ബാബുരാജിന്റെ ഗാനമേളകളിൽ പാടിക്കൊണ്ടായിരുന്നു വേണുവിന്റെ ശിഷ്ടജീവിതം. 1978 ൽ ബാബുരാജ് മരണത്തിന് കീഴടങ്ങും വരെ നീണ്ടു ആ സൗഹൃദം.“ ബാബുക്കയുടെ മരണമാണ് എന്നെ ആകെ തളർത്തിക്കളഞ്ഞത്. ” വേണു പറഞ്ഞു. “എനിക്കും എ കെ സുകുമാരനും നജ്മൽ ബാബുവിനുമൊന്നും സിനിമയിൽ കാര്യമായ അവസരങ്ങൾ നല്കാൻ കഴിയാത്തതിലുള്ള ദുഃഖം ബാബുക്കക്ക് ഉണ്ടായിരുന്നു. അതദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾ മുൻപ് വരെ മദ്രാസിലെ ഹോട്ടൽ മുറിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അക്കാലത്ത് ഇടയ്ക്കിടെ വികാരാധീനനായിക്കണ്ടിട്ടുണ്ട് ബാബുക്കയെ. സിനിമ തന്നെ ക്രൂരമായി അവഗണിച്ച കഥയൊക്കെ പറഞ്ഞു പൊട്ടിത്തെറിക്കും. പിന്നെ കരയും. മദ്യപിച്ചിട്ടാണെങ്കിലും ആ കരച്ചിൽ ബാബുക്കയുടെ ഉള്ളിൽ നിന്ന് വന്നതായിരുന്നു..”
കോടമ്പാക്കത്തോട് വിടവാങ്ങിയശേഷം അവസരങ്ങൾക്കായി സിനിമാക്കാരെ ചെന്ന് കാണുന്ന പതിവൊന്നുമില്ല വേണുവിന്. “ഒരിക്കൽ രവീന്ദ്രൻ മാഷെ കാണാൻ വേണുവേട്ടനെ കൊണ്ടുപോയത് തന്നെ നിർബന്ധിച്ചാണ്.”– ജോഷി ഓർക്കുന്നു. “ മഹാറാണി ഹോട്ടലിൽ മാഷിന്റെ മുറിക്ക് പുറത്തു വേണുവേട്ടനോടൊപ്പം കാത്തുനിൽക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപ് ഒപ്പം പാടിയ പാട്ടുകാരനെ അദ്ദേഹം തിരിച്ചറിയുമോ എന്നായിരുന്നു എന്റെ വേവലാതി. എന്നാൽ മുറി തുറന്നു പുറത്തു വന്നതും രവിയേട്ടൻ വേണുവേട്ടനെ കെട്ടിപ്പിടിച്ചു. ചെവി പൊട്ടുന്ന മട്ടിലുള്ള തെറി പ്രവാഹമായിരുന്നു പിന്നെ. വേണുവേട്ടനും വിട്ടില്ല. എത്തിപ്പെട്ടത് പൂരപ്പറമ്പിലോ എന്നോർത്ത് അന്തം വിട്ടുനിന്ന എന്നോട് രവീന്ദ്രൻ മാഷ് പറഞ്ഞു: പേടിക്കേണ്ട, ഇതൊക്കെ ഞങ്ങളുടെ ആ പഴയ പട്ടിണിക്കാലത്തുനിന്നുള്ള ഓർമ്മകളാണ്. എന്ത് സന്തോഷമായെന്നോ ഇവനെ കണ്ടപ്പോൾ..” ഇരുവരും കൂടി മുറിയിലെ കട്ടിലിൽ കിടന്ന് കെട്ടിമറിയുന്ന രംഗം ഇന്നലെയെന്ന പോലെ ഓർക്കുന്നു ജോഷി. കടവ് റിസോർട്ടിൽ യേശുദാസിനെ കാണാൻ പോയതാണ് മറ്റൊരു മനോഹരമായ ഓർമ്മ. വേണുവിനെ തിരിച്ചറിയുക മാത്രമല്ല ബാബുരാജുമായുള്ള പഴയ സൗഹൃദത്തിന്റെ കഥകൾ ഓർത്തെടുക്കുക കൂടി ചെയ്തു അന്ന് യേശുദാസ്. “ആഹ്ലാദങ്ങളും ദുഖങ്ങളുമൊക്കെ മദ്യലഹരിയിൽ അലിയിച്ചു കളയുന്ന രീതിയായിരുന്നു വേണുവേട്ടന്റേത്. പലപ്പോഴും സ്നേഹപൂർവ്വം വിലക്കിനോക്കിയിട്ടുണ്ട്. പക്ഷേ ഫലമുണ്ടായില്ല. ജീവിതത്തിൽ കുറച്ചുകൂടി അച്ചടക്കം പാലിച്ചിരുന്നെങ്കിൽ വേണുവേട്ടൻ കുറെ കാലം കൂടി ജീവിച്ചിരുന്നേനെ എന്ന് തോന്നും..” – ജോഷി.
ഒരാഗ്രഹം ബാക്കിവെച്ചാണ് വേണു യാത്രയായത്. ഇഷ്ടഗായകനായ മന്നാഡേക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനാഞ്ജലി അർപ്പിക്കണം. മന്നാഡേയുമായി ഫോണിൽ സംസാരിച്ച് അദ്ദേഹത്തിന്റെ അനുമതി നേടുകയും ചെയ്തതാണ്. ആരാധകനും ആരാധനാപുരുഷനും ഒന്നിക്കുന്ന അപൂർവ സുന്ദരമായ ആ മെഹ്ഫിലോടെ ഗാനമേളാ വേദിയോട് വിടവാങ്ങണമെന്ന് ആഗ്രഹിച്ചു വേണു. പക്ഷേ വിധി അതനുവദിച്ചില്ല. 2011 ജൂൺ 11 ന് വേണു യാത്രയായി; സഫലമാകാത്ത ഒരു പാട് സ്വപ്നങ്ങൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്.
—- രവിമേനോൻ (ചിത്രഭൂമി – 25 05 2019)

