സിനിമ

എഴാം ക്ലാസില്‍ പഠിക്കുന്ന കാലം. അക്കാലത്ത് സ്കൂളില്‍നിന്നും ഇടക്കൊക്കെ സിനിമക്ക് കൊണ്ടുപോകുമായിരുന്നു. ഒരു രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. സിനിമ കാണാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരു കഥ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ മനസ്സിന്‍റെ അഭ്രപാളിയില്‍ തെളിയുന്നതുപോലെ തിയറ്ററിലെ സ്ക്രീനില്‍ ജീവനുള്ള മനുഷ്യര്‍ പ്രത്യക്ഷപ്പെടുന്നത് എനിക്കൊരു അത്ഭുതമായിരുന്നു.

ടീച്ചര്‍മാര്‍ കുട്ടികളെ വരിവരിയായി നടത്തി സിനിമക്ക് കൊണ്ടുപോയി. ടിക്കറ്റെടുക്കാന്‍ പണമില്ലാത്ത കുറച്ചുപേര്‍മാത്രം ബാക്കിയായി. സ്നേഹിതരില്‍ ചിലര്‍ ടിക്കറ്റെടുക്കാതെ സിനിമ കാണാന്‍ തീരുമാനിച്ചു. അവരുടെകൂടെ ഞാനും ചേര്‍ന്നു.

അന്ന്‍ ചാലക്കുടിയിലെ പ്രമുഖ തിയ്യറ്ററായിരുന്നു കെ.എം.വി.ഇന്നതൊരു ബാറാണ്. തിയ്യറ്ററിന്‍റെ ഒരുവശം നീണ്ട് നീണ്ട്, കുറുകെയുള്ള ട്രംവെ ലൈനും കടന്ന്‍ എന്‍റെ വീടുവരെ നീണ്ടുകിടക്കുന്ന വിശാലമായ പാടമായിരുന്നു.ഇന്നാ പാടത്തിന്‍റെ ഒരടയാളവും ബാക്കിവക്കാതെ പൂര്‍ണ്ണമായും നികത്തിയിരിക്കുന്നു.

മേലെ നീലാകാശം. താഴെ സ്വര്‍ണ്ണകതിരുകള്‍,കുയില്‍പ്പെണ്ണിന്‍റെ പാട്ട്,കുളക്കോഴിയുടെ ചിറകടി,മുങ്ങാംകുഴിയിടുന്ന മീനുകള്‍,ഒറ്റകാലില്‍ തപസ്സ്ചെയ്യുന്ന കൊക്കുകള്‍,പേടിച്ച് പിടഞ്ഞോടുന്ന പാമ്പുകള്‍,മഴപെയ്യാത്തതില്‍ പരിഭവിക്കുന്ന തവളകള്‍. എല്ലാം കണ്ടുകൊണ്ട് അങ്ങ് അകലെനിന്നും നെല്‍കതിരുകളെ തഴുകിവരുന്ന കുളിര്‍ക്കാറ്റേറ്റ് അല്പം ചങ്കിടിപ്പോടെ കൂട്ടുക്കാര്‍ക്കൊപ്പം വയല്‍ വരമ്പിലൂടെ ഞാനും ലക്ഷ്യത്തിലേക്ക് നടന്നു.

നടന്ന്‍ നടന്ന്‍ ഞങ്ങള്‍ ചെന്നെത്തിയത് തിയ്യറ്ററിനെ വയലുമായി വേര്‍ത്തിരിക്കുന്ന ഒരു കൂറ്റന്‍ മതിലിനടുത്തായിരുന്നു. മതിലിനടുത്തായി കാടുപിടിച്ച്കിടക്കുന്ന ഒരു കുളവും വെള്ളമൊഴുകുന്ന ഒരു തോടുമുണ്ടായിരുന്നു. ഇവയെല്ലാം താണ്ടി ആ കൂറ്റന്‍ മതിലില്‍ വലിഞ്ഞുകയറി തിയ്യറ്ററിന്‍റെ കോബൌണ്ടില്‍ ചാടിക്കയറി ആരും കാണാതെ വാതില്‍ തുറന്ന്‍ തിയ്യറ്ററിന്‍റെ ഉള്ളില്‍ കയറണം. ഇതായിരുന്നു ഞങ്ങളുടെ ദൗതൃം.

ഓരോരുത്തരായി മതിലില്‍ അള്ളിപ്പിടിച്ചുകയറി തിയ്യറ്ററിന്‍റെ ഉള്ളില്‍ എത്തികഴിഞ്ഞു. അവസാനത്തെ ഊഴം എന്‍റേതായിരുന്നു. ചെയ്യുന്ന പ്രവര്‍ത്തിയുടെ ശരിതെറ്റുകളൊന്നും ഓര്‍ക്കാതെ സിനിമ കാണണമെന്ന ഒറ്റ ലക്ഷ്യത്തോടെ ഷര്‍ട്ടിനുള്ളിലേക്ക് പുസ്തകങ്ങള്‍ തിരികികയറ്റി മതിലില്‍ അമര്‍ത്തിപ്പിടിച്ച് മുകളിലേക്ക് കുതിച്ചു. രണ്ട് സ്റ്റെപ്പ് മുകളിലേക്ക് കയറിയെങ്കിലും നിര്‍ഭാഗ്യവശാല്‍ കാല്‍വഴുതി തോട്ടിലേക്ക് വീണു. ഞാനും നെഞ്ചോട് ചേര്‍ത്തുവച്ച പുസ്തകങ്ങളും സിനിമ കാണാനുള്ള മോഹവും തോട്ടിലെ വെള്ളത്തില്‍ മുങ്ങിപോയി.

നനഞ്ഞ് കുളിച്ച് വീട്ടിലെത്തിയപ്പോള്‍ സ്നേഹവിലാപമായി അമ്മയുടെ അടിയും ചീത്തപറച്ചിലും. അമ്മ തല്ലിയ വേദനയേക്കാള്‍ സിനിമ കാണാന്‍ കഴിയാത്തതിലുള്ള ദുഃഖമായിരുന്നു ഉള്ള് നിറയെ.


Next Post

Leave a Reply

Your email address will not be published. Required fields are marked *

RECENT ARTICLES

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.