വനസ്നാനം
ആരുമെത്താത്തൊരാരണ്യഭൂമിയിൽ
ഏകമായൊന്നു യാത്രപോയീടണം.
മഞ്ഞുതുള്ളിയിൽ തങ്ങുമാസൂര്യനെ
അംഗുലികളാൽ തൊട്ടെടുത്തീടണം.
വിപിനഗന്ധങ്ങളെൻ നാസികത്തുമ്പിൽ
ലോലമായൊന്നു ചുംബിച്ചുപോകണം
വൃക്ഷവാടിതൻ പച്ചക്കുടക്കീഴിൽ
സ്വച്ഛമായുച്ചനേരവും താണ്ടണം.
വർഷമേഘങ്ങളാർദ്രം നെറുകയിൽ
തീർത്ഥബിന്ദു കുടഞ്ഞങ്ങുപെയ്യണം
കൊച്ചുനീർച്ചോലയിറ്റും ജലകണം
സിരകളിൽ അമൃതായി നിറയണം.
കാട്ടുമധുരം നുണയവേ നാവിലൊരു
നിർവൃതിതൻ തുടിതാളമുണരണം
കാനനത്തിൻ നാദബ്രഹ്മത്തിലെൻ
നയനവും ധ്യാനമയമായിരിക്കണം.
പാദുകങ്ങൾ തൊട്ടീടവേ സൗമ്യമാം
കരിയിലതൻ മർമ്മരം കേൾക്കണം
ഹർഷമേറും കിളിപ്പാട്ടുണരവേ
പുല്ലുമെത്തയിൽ വെറുതേയിരിക്കണം.
ഭൂവിലാഴും മരവേരുതൊട്ടൊരാ
വിരലുപിറവിതൻ നിറവൊന്നറിയണം
അരിയവർണ്ണങ്ങൾ വിതറിച്ചിരിക്കുമാ
പൂക്കളെക്കണ്ടു യാത്രയും ചൊല്ലണം.
**************************
വനസ്നാനം (forest bathing):
‘ഷിറിൻ-യോക്കു’ എന്ന പേരിൽ 1982ൽ ജപ്പാനിൽ തുടക്കമിട്ട ഒന്നാണ് ഫോറസ്റ്റ് ബാത്തിങ്ങ്. വൃക്ഷങ്ങൾക്കൊപ്പം സമയം ചിലവഴിച്ച് മാനസികവും ശാരീരികവുമായ ഉണർവ്വ് കൈവരിക്കുന്ന രീതി.
~ ബീനാ റോയ്