മുറിവ്
എറണാകുളം മഹാരാജാസില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞാനന്ന്‍ താമസിച്ചിരുന്നത് തേവര കോളേജിന്‍റെ എതിര്‍വശത്തുള്ള ബോസ്ക്കോ ഹോസ്റ്റലിലായിരുന്നു. തേവര പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോസ്ക്കോ ഹോസ്റ്റല്‍. അവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ജോലിക്കാരാണ്.
പള്ളിയുടെ മുന്നിലെ വഴി ഒരു കറുത്ത രേഖപോലെ ഒരറ്റം കായലിലേക്കും മറ്റേയറ്റം തേവര ജംഗ്ഷനിലേക്കും നീണ്ടുകിടക്കുന്നു. നിലാവുള്ള രാത്രികളില്‍ പന്ത്രണ്ട് മണിക്ക്ശേഷം ഞാനും സുഹൃത്തും (തോമാസ്) നടക്കാനിറങ്ങുമായിരുന്നു. ഞങ്ങളുടെ നടത്തത്തിനിടയിലെപ്പോഴോ കയറിവന്ന ഒരാശയമായിരുന്നു ഒരു ഇന്‍ലന്‍റ് മാസിക തുടങ്ങാമെന്നത്. ആ ആശയത്തോട് രാംമോഹന്‍ പാലിയത്തും ജോസഫും തോമാസും (സുഹൃത്തുക്കള്‍) യോജിച്ചു.
മാസികക്ക് “മുറിവ്” എന്ന് പേരിട്ടു. മാസിക തുടങ്ങുന്ന വിവരത്തിനും സൃഷ്ടികള്‍ക്കുമായി പ്രശസ്തരായ എല്ലാ സാഹിത്യക്കാരന്മാര്‍ക്കും കത്തയച്ചു. മറുപടി വന്നത് ചുരുക്കം ചിലരുടേത് മാത്രം. ഓ.വി.വിജയന്‍, സുഗതകുമാരി ടീച്ചര്‍, വൈക്കം മുഹമ്മദ് ബഷീര്‍, എം.തോമസ് മാതൂ സാര്‍ എന്നിവരുടേതു മാത്രം. സൃഷ്ടികളെല്ലാം സംഘടിപ്പിച്ച് ചേന്ദമംഗലത്തുള്ള ഒരു പ്രസ്സില്‍ ആദ്യലക്കം പ്രിന്‍റു ചെയ്യ്ത് എല്ലാവര്‍ക്കും അയച്ചുകൊടുത്തു.
ഒരു ഇന്‍ലന്‍റില്‍ കൊള്ളാവുന്ന ചെറിയ സൃഷ്ടികള്‍ ലഭിക്കുകയെന്നതും പ്രിന്‍റു ചെയ്യുവാനുള്ള പണം കണ്ടെത്തുകയെന്നതുമാണ് മാസിക നടത്തികൊണ്ടുവാനുള്ള പ്രധാന വെല്ലുവിളി. കുറച്ചു ലക്കങ്ങളിറങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാസിക നിന്നുപോയി.
ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും സാമ്പത്തികമായി ആരും സഹായിക്കാനില്ലാതെ, ജോലിചെയ്യത് കിട്ടുന്ന പണംകൊണ്ട് പഠിക്കുന്ന എനിക്ക് ഇതൊരു വലിയ കാര്യംതന്നെയായിരുന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ സങ്കട പെരുമഴകള്‍ക്കിടയില്‍ ആ പ്രവര്‍ത്തനങ്ങള്‍ ഒരു തേന്‍തുള്ളിയായി ഹൃദയത്തില്‍ ഊറി നില്‍ക്കുന്നു.