അവൾ
അയാളുടെ
പ്രേമഭാജനമായിരുന്നു,
ബയോപ്സി റിപ്പോർട്ടിൽ
സങ്കീർണ്ണമായൊരു പേര്
എഴുതപ്പെടുന്നതിനു മുൻപേ.
അവൾ
അവരുടെ വീടിന്റെ
അച്ചുതണ്ടായിരുന്നു,
കീമോതെറാപ്പികൾക്കിടയിൽ
വാടിയ ചേമ്പിലപോലെ
കുഴഞ്ഞുകിടക്കുന്നതിനു മുൻപേ.
അവൾ
ദേശത്തിന്റെ
സൗന്ദര്യധാമമായിരുന്നു,
വീര്യമേറിയ മരുന്നുകളുടെ
പാർശ്വഫലങ്ങളേറ്റ്
മുടികൊഴിഞ്ഞ്
തലയോട് കാണുന്നതിനു മുൻപേ.
അവരാരും പക്ഷേ
അവളിലുറങ്ങുന്ന സിംഹിണിയെ
അറിഞ്ഞിരുന്നില്ല,
പൊട്ടിക്കീറിയ ചുണ്ടുകൾക്കിടയിലൂടെ
ദ്രവരൂപത്തിലുള്ള
ആഹാരം വിഴുങ്ങുന്നതുവരേ.
അവരാരും
അവളുടെ തിരിച്ചുവരവ്
പ്രതീക്ഷിച്ചിരുന്നില്ല,
ഇടമുറിയാത്ത ഛർദ്ദിലിന്റെ
അർദ്ധവിരാമങ്ങൾക്കിടയിലൂടെ
അവളുടെ കാലുകൾ
പിച്ചവയ്ക്കുന്നതുവരേ.
അവരാരും
അവളെ അറിഞ്ഞിരുന്നില്ല,
രണ്ടാമുദയത്തിന്റെ
മുറിപ്പാടുകൾക്കിടയിലൂടെ
അവളൊരു സൂര്യതേജസ്സായി
വീണ്ടും ഉയിർക്കുന്നതുവരേ…
ബീന റോയ്