ജനപ്രീയ സാഹിത്യ ലോകത്തു വിഹരിച്ച ഒരു നോവലിസ്റ്റായിരുന്നു അയ്യനേത്ത്. എന്നാൽ അനുരാഗവും പ്രണയ നൈരാശ്യത്തിൻ്റെ നൊമ്പരങ്ങളുമല്ല അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടേത്; സ്ത്രീ – പുരുഷ ബന്ധങ്ങളും പൊരുത്തക്കേടുകളും വിവാഹേതരബന്ധങ്ങളും പൗരോഹിത്യ- രാഷ്ട്രീയ- സാമൂഹ്യ- ബിസിനെസ്സ് രംഗങ്ങളിലെ അപഥ സഞ്ചാരങ്ങളും ആണ് അയ്യനേത്ത് തൻ്റെ നോവലുകളിൽ കൂടുതലായി പ്രതിപാദിച്ചരുന്നത്. ‘കേരളശബ്‍ദം’ വാരികയിൽ ‘തുടരനായി’ വന്ന നോവലുകളിലാകട്ടെ മസാല കൂടുതലായി ചേർക്കുകയും ചെയ്തു.
മുഴുവൻ പേര്: ‘അയ്യനേത്ത് ഫിലിപ്പോസ് പത്രോസ്’.
1928 ഓഗസ്റ്റ് പത്തിന് പത്തനംതിട്ട ജില്ലയിലെ നരിയാപുരത്ത് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ഫീലിപ്പോസിന്റേയും ശോശാമ്മയുടേയും മകനായി ജനിച്ചു. അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാനത്തെപ്പോലെ, മറ്റു പല ജനപ്രീയ നോവലിസ്റ്റുകളെപ്പോലെ, പി. അയ്യനേത്തും കവിയായി ആണ് രംഗപ്രവേശം ചെയ്തത്: ‘പരിമളം’ എന്ന ഖണ്‌ഡകാവ്യമാണ് ആദ്യകൃതി. നോവൽ,കഥ,നാടകം, പുനരാവിഷ്‌കാരം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
‘മനുഷ്യാ നീ മണ്ണാകുന്നു’; ‘കൊടുങ്കാറ്റും കൊച്ചുവള്ളവും’; ‘സ്ത്രീണാം ച ചിത്തം’; ‘ഇരുകാലികളുടെ തൊഴുത്ത്’; ‘തിരുശേഷിപ്പ്’; ‘വേട്ട’; ‘തിരുശേഷിപ്പ്’; ‘ദ്രോഹികളുടെ ലോകം’; ‘ഹവ്വയുടെ പുത്രിമാർ’; ‘പത്‌മവ്യൂഹം’ തുടങ്ങിയ നോവലുകളും ‘ആയിരത്തിഒന്ന് അറേബ്യൻരാവുകൾ’, ‘വിക്രമാദിത്യ കഥാമൃതം’ തുടങ്ങിയ ഇതര കൃതികളും എഴിയിട്ടുണ്ട്.
മതവും രാഷ്ട്രീയവും അയ്യനേത്തിൻറെ ഇഷ്ട വിഷയങ്ങളാണ്: ഈ രംഗത്തെ കപട മുഖങ്ങളെ കഠിനമായി വിമർശിക്കും. ‘തിരുശേഷിപ്പ്’ പോലുള്ള നോവലുകൾ ക്രൈസ്തവ പൗരോഹത്യ അപചയങ്ങളെ കഠിനമായി വിമർശിക്കുന്നതാണ്:
ആറ് കഥകൾ/ നോവലുകൾ (പലതും ശീർഷകം മാറിയിട്ടുണ്ട്-) ചലച്ചിത്രമാക്കിയിട്ടുണ്ട്. (‘വാഴ്വേ മായം’; ‘തെറ്റ്’; ‘ചൂതാട്ടം’; ‘കർണപർവ്വം’; ‘മുഹൂർത്തങ്ങൾ’; ‘സന്ധ്യാവന്ദനം’)
അവയിൽ, മഞ്ഞിലാസിനുവേണ്ടി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘വാഴ്‌വേ മായം’ തന്നെയാണ് മികച്ചസിനിമ- നോവലിൻ്റെ മികവിനെ കടത്തിവെട്ടിയ ഒന്ന്. “ഉലകേ മായം വാഴ്‌വേമായം..” എന്നൊരു പഴയ തമിഴ് ഗാനത്തിൽ നിന്നാണ് അയ്യനേത്ത് തന്റെ കഥയ്ക്ക് വാഴ്വേമായം എന്ന് പേരിട്ടത്; സത്യൻ്റെ മികച്ച അഭിനയം. സർവോപരി, വയലാറിന്റെ വരികളും ദേവരാജൻ മാഷിന്റെ സംഗീതവും.
തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്ന് പെൻഷൻ വാങ്ങാൻ പോകുന്ന വഴിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന അയ്യനേത്തിനെ ഒരു ബൈക്ക് വന്ന് ഇടിച്ചുതെറിപ്പിച്ചു. പിറ്റേ ദിവസം, 2008 ജൂൺ 17-ന്, തിരുവനന്തപുരത്ത് ഒരു റോഡപകടത്തിൽ (80-ാം വയസ്സിൽ) അന്തരിച്ചു.
______________
-ആർ ഗോപാലകൃഷ്ണൻ | 2020 ജൂൺ 17