( എസ് ബി കോളജിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച അധ്യാപകരിൽ ഒരാളായിരുന്ന ഐ. ഇസ്താക്കിൻ്റെ (ഇഷ്ടവാക്ക് എന്ന് അയ്യപ്പപണിക്കർ) ഓർമദിവസം. നിതാന്ത ജ്ഞാനാന്വേഷിയും ദാർശനികനും കവിയുമായിരുന്ന ആ അപാരമനുഷ്യൻ നടത്തിയ അവസാനരചനയാണ് ഈ കവിത.ബൈബിൾകഥയിൽ, തനിക്ക് വിശന്നപ്പോൾ ഫലം തരാതിരുന്ന അത്തിമരത്തെ ശപിച്ച യേശുവിനോട് മരത്തിന് തിരിച്ചുപറയാനുള്ളത് ഇസ്താക്കിയൻ വാക്കുകളിൽ വായിക്കുക).
ഞാൻ അത്തി
എനിക്കെൻ്റെ അത്തിത്തം
എന്നെ ശപിക്കാനവനാര്
ആ ശാപത്താൽ
ഞാനല്ല, ഉണങ്ങിയതവൻ്റെ
തലമുറ
ഒരോരുത്തൻ്റെ
വിശപ്പൊത്തു പൂക്കാനും
കായിക്കാനുമാകുമോ
വന്നെത്തേണ്ടേ
പൂക്കാലം, പഴക്കാലം
ഞാനെൻ്റെ മണ്ണിൽത്തന്നെ
ഞാനെൻ്റെ വേരിൽത്തന്നെ
അത്തിമുത്തശിമാർ കണ്ട
സ്വപ്നത്തിൽ മുളച്ചു ഞാൻ
ഞാൻ മുത്തശവേരിൻ
മുഖപ്പിൽ പ്രശോഭിച്ചു
അതിനാൽ, ഇനി കേട്ടോ —
വൃക്ഷങ്ങളെ ശപിക്കരുത്
പൂക്കളെ പുലയാട്ടരുത്
സമുദ്രങ്ങളെ ശാസിക്കരുത്
കാലംതെറ്റി വരുന്നവനെ സൽക്കരിക്കാൻ
ഋതുക്കൾ അടിമകളല്ല
പ്രകൃതി സാമ്രാജ്യമല്ല
പ്രപഞ്ചത്തിൽ
ഭരണമില്ല
മരണമില്ല
മരത്തിനു മരത്തിൻ്റെ പാട്
മനുഷ്യനു മനുഷ്യൻ്റെ പാട്
അന്തസില്ലാവചനങ്ങൾ കൊ-
ണ്ടെന്തിടപാട്
ശാപമനുഗ്രഹമൊക്കെ മനുഷ്യ-
പ്പാവങ്ങൾക്ക് കൊടുത്തേര്
കുമ്പിട്ടും കാലുപിടിച്ചും
പിമ്പേകൂടി നടക്കും പാവ-
ക്കോലങ്ങൾക്ക് കൊടുത്തേര്
അവരിലുണ്ടാം പക്ഷേ ചിലനാൾ
അത്തിത്തം നട്ടെല്ലിൽ മുളച്ചവർ
എന്നെ മണക്കാൻ എന്നെ രുചിക്കാൻ
എന്നുച്ഛ്വാസക്കുളിരമൃതുണ്ണാൻ
എൻ്റെ തണൽത്തറ തേടി
വരുന്നവരുണ്ട്.