രണ്ടു സഹോദരന്മാർ സഹകരിച്ചു കൃഷി ചെയ്തിരുന്ന ഒരു വയലിനെപ്പറ്റിയാണീ കഥ.. ജേഷ്ഠ സഹോദരന് മക്കളില്ലായിരുന്നു. ഇളയ സഹോദരന് അഞ്ചു മക്കളും.
അനേകവർഷങ്ങൾ കൂട്ടുകൃഷിയുടെ പ്രയോജനം അനുഭവിച്ച കുടുംബം. ഒരു വര്ഷം കടുത്ത വേനൽ മൂലം വിളവ് വളരെ മോശം. കൊയ്ത്തു കഴിഞ്ഞു. കറ്റകൾ മെതിച്ചു അവർ പാടത്തു രണ്ടു ഭാഗത്തായി മൂട കൂട്ടി. സഹോദരന്മാർ രാത്രി വീട്ടിലേക്കു മടങ്ങി.
ഉറങ്ങാൻ കിടക്കെ ജേഷ്ഠസഹോദരൻ ചിന്തിച്ചു, “വിളവ് മോശമാണ്. അനുജനുള്ളത് ഒരു വലിയ കുടുംബമാണ്. അവനു കിട്ടിയ ധാന്യം ഒരു വർഷത്തേക്ക് തികയുകയില്ല. എന്റേതോ ചെറിയ കുടുംബം. ഭാര്യയും ഞാനും മാത്രം. അതുകൊണ്ടു ഞങ്ങളുടെ വിളവിൽ കുറെ അനുജനും കുടുംബത്തിനും. നൽകണം. നേരിട്ട് കൊടുത്താൽ അഭിമാനിയായ സഹോദരൻ സ്വീകരിക്കുകയുമില്ല! അതുകൊണ്ടു രാത്രിതന്നെ എന്റെ മൂടയിൽനിന്ന് കുറെ ധാന്യം അവനറിയാതെ അവന്റെ മൂടയിലേക്കു മാറ്റണം.”
രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ തലയിൽ ധാന്യം നിറച്ച ചാക്കുകെട്ടുമായി ആ ജേഷ്ഠൻ അനുജന്റെ മൂടയെ ലക്ഷ്യമാക്കി നടന്നു.
തനിക്കെതിരെ മറ്റൊരാൾ ഒരു ചാക്കുകെട്ടുമായി വരുന്ന കാഴ്ച ജേഷ്ഠനെ അമ്പരപെടുത്തി. അടുത്ത് വന്നപ്പോൾ അത് അനുജനാണെന്ന് മനസ്സിലായി. “നീയെങ്ങോട്ടാ ഈ രാത്രിയിൽ?”
“ചേട്ടാ ക്ഷമിക്കണം, ഉള്ളത് പറഞ്ഞാൽ പിണങ്ങരുത്. ഇന്നലെ മൂടയിട്ടശേഷം പോയി കിടന്നിട്ട് ഉറങ്ങാൻ പറ്റിയില്ല. വിളവ് മോശമാണ്, ജേഷ്ഠന് കിട്ടിയ ധാന്യം ഒരു വർഷത്തേക്ക് തികയില്ല. ഒരു ഇടകൃഷി ചയ്യാനുള്ള ആരോഗ്യം ജേഷ്ഠനില്ല. എനിക്കാണെങ്കിൽ മക്കളെയും കൂട്ടി ഇടകൃഷി ചെയ്തു പരിഹാരമുണ്ടാക്കാമല്ലോ? അതുകൊണ്ടു എന്റെ ധാന്യം കുറെ ചേട്ടനു കൊടുക്കണം. അഭിമാനം മുറിപ്പെടുത്താതെ അത് കൊടുത്തേ മതിയാകു. അതുകൊണ്ടാണ് ഞാൻ രാത്രിയിൽ അങ്ങോട്ട് ചുമടുമായി വന്നത്!”
“എടാ, പൊന്നനുജാ, ഞാൻ വന്ന കാര്യം നിനക്ക് മനസ്സിലാകുമെന്നെനിക്കറിയാം.”
ഇരുവരും ചുമടുകൾ താഴ്ത്തിവെച് അന്യോന്യം കഴുത്തിൽ കെട്ടിപ്പിടിച്ചു ചുംബിച്ചു കരഞ്ഞു!
എല്ലാ മനുഷ്യരും നമ്മുടെ സഹോദരങ്ങളല്ലേ!!?

ഈശോ ജേക്കബ്, ഹൂസ്റ്റൺ