അതൊരു വെള്ളിയാഴ്ചയായിരുന്നു. ചെകുത്താന്മാരുടെ ദിവസം. രാത്രി പത്തുമണി കഴിഞ്ഞു കാണും. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു.
ശൈത്യത്തിന്‍റെ വരവറിയിച്ചുകൊണ്ട് തണുത്ത കാറ്റ് വീശുന്നുണ്ട്. മരങ്ങളില്‍നിന്നും ഗതകാല സ്മരണകളുടെ ഇലകള്‍ കൊഴിയാന്‍ തുടങ്ങിയിരിക്കുന്നു. പകലുകള്‍ കുറഞ്ഞ് ഇരുട്ടിന് ദൈര്‍ഘ്യം കൂടി കൂടി വരുന്ന കാലം.
പെട്ടെന്ന് ചെകുത്താന്‍റെ മുഖംമൂടി ധരിച്ച രണ്ടു പെണ്‍കുട്ടികള്‍ എന്‍റെ മുന്നിലേക്ക് ചാടി വീണിട്ട് ചോദിക്കുന്നു. ട്രിക്ക് ഓര്‍ ട്രീറ്റ്.
ഭാഗ്യത്തിന് എന്‍റെ കയ്യ് വശം രണ്ട് മിഠായി ഉണ്ടായിരുന്നു. അതവര്‍ക്ക് കൊടുത്തു. അവര്‍ മുഖംമൂടി നീക്കി.
പതിനാറോ പതിനേഴോ പ്രായം തോന്നിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍. അവര്‍ നന്നായി മദ്യപിച്ചീട്ടുണ്ട്. അവരുടെ കാലുകള്‍ ഭൂമിയില്‍ ഉറക്കുന്നില്ല. വശ്യമായ ഒരു ചിരി സമ്മാനിച്ച് ആടിയാടി നിയോണ്‍ ബള്‍ബുകളുടെ വെളിച്ചത്തില്‍ അവര്‍ നടന്നുപോയി.
പെട്ടെന്നുതന്നെ ബസ്സ് വന്നു. ഞാനതില്‍ കയറി ജനലിനോട് ചേര്‍ന്നുള്ള സീറ്റിലിരുന്നു. ഞാനും ഡ്രൈവറും മാത്രമേ ആ ബസ്സില്‍ ഉണ്ടായിരുന്നുള്ളു. ബസ്സ് ആടിയാടി മുന്നോട്ടു നീങ്ങി.
ഇന്ന് ഹാലോവിന്‍ ദിനമാണ്. ചെകുത്താന്‍റെ ദിവസം. ഇവിടെ അതൊരു വലിയ ആഘോഷമാണ്. ചെകുത്താന്‍റെ വേഷംകെട്ടിയ കുട്ടികള്‍ ഓരോ വീടിന്‍റെയും കതകില്‍ മുട്ടി ചോദിക്കും. ട്രിക് ഓര്‍ ട്രീറ്റ്. കുറച്ചു മിഠായി കൊടുത്താല്‍ കുട്ടികള്‍ സന്തോഷത്തോടെ മടങ്ങിപോകും.
ഇന്നു രാത്രി കുഴിമാടങ്ങള്‍ തുറന്ന് എല്ലാ പ്രേതങ്ങളും ഭൂമിയിലേക്ക് വന്ന് മനുഷ്യരെ ഉപദ്രവിക്കുകയും അവരുടെ വിളകള്‍ നശിപ്പിക്കുകായും ചെയ്യുമെന്നാണ് വിശ്വാസം. പണ്ടെങ്ങോ ആരോ ഭയപ്പെടുത്തി അടിച്ചേല്‍പ്പിച്ച ഒരു വിശ്വാസം, ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്‍റെ ചിന്തകള്‍ അറിയാതെ ആ രണ്ട് പെണ്‍കുട്ടികളിലെക്ക് വഴുതി വീണു. ഒരു പക്ഷേ അവര്‍ വീണ്ടും മദ്യപിച്ചേക്കാം. മദ്യ ലഹരിയില്‍ ബോധം നഷ്ടപ്പെട്ട് ഏതെങ്കിലും കടത്തിണ്ണയില്‍ വീണു കിടന്നേക്കാം. ബോധാമില്ലാത്ത അവരെ വഴിപോക്കരില്‍ ആരെങ്കിലും പീഡിപ്പിച്ചേക്കാം. ഗര്‍ഭിണികളായ അവര്‍ തന്ത ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയേക്കാം.
വേട്ടയാടിയും കൊന്നും തിന്നും കുടിച്ചും ഇണചേര്‍ന്നും നടക്കുന്ന മൃഗതുല്യമാണോ മനുഷ്യ ജീവിതം, എന്ന ചോദ്യം എന്നെ തുറിച്ചുനോക്കി.
മൂല്യ ചിന്തയും സദാചാര ബോധവും നഷ്ടപ്പെട്ട ഒരു പുതു തലമുറയാണല്ലോ വളര്‍ന്നു വരുന്നതെന്നോര്‍ത്ത് നെഞ്ചകം നീറി.