രാഷ്ട്രീയക്കാരുടെ മുഷ്ടി നിവർത്തിയാൽ
രാജയോഗം തെളിയുന്ന കൈരേഖകൾ !
ചൊല്ലും പ്രവൃത്തിയും തമ്മിലടുക്കാത-
നന്തമായ് നീളും സമാന്തര രേഖകൾ !
അർദ്ധനൂറ്റാണ്ടിലും മായ്ച്ചീടുവാൻ അർത്ഥ-
ശാസ്ത്രത്തിനാവാത്ത ദാരിദ്യരേഖകൾ !
കുന്നായി കൂടും മനുഷ്യാസ്ഥികൂടങ്ങൾ
മണ്ണിന്റെ അസ്തിത്വം പോയതിൻ രേഖകൾ !
ചമ്മലു തെല്ലുമേശാതെ അന്വേഷണ –
ക്കമ്മീഷൻ മുമ്പാകെ വെക്കുന്ന രേഖകൾ !
ബാലറ്റുയുദ്ധകാലത്തു മതിലിന്മേൽ
ചേലിൽ വരയ്ക്കുന്നൊരശ്ലീല രേഖകൾ !
തൊള്ളതുറന്നു പ്രതികരിച്ചീടുകിൽ
വെള്ളത്തിൽ നമ്മളെഴുതുന്ന രേഖകൾ !
വിങ്ങിക്കരഞ്ഞുഴറുന്ന നിരാലംബർ –
ക്കെങ്ങു തിരിഞ്ഞാലും ലക്ഷ്മണരേഖകൾ !
ആരിനിവന്നു തിരുത്തിക്കുറിക്കുമെൻ
ഭാരതത്തിന്റെ തലയിലെ രേഖകൾ ?

ബേബി കാക്കശ്ശേരി