ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട രണ്ടു കഥകളാണ് ഷബിതയുടെ മന്ദാക്രാന്താ മഭനതതഗവും സലിം ഷെറീഫിന്റെ പൂക്കാരനും . ഈ രണ്ടു കഥകളും പ്രചാരത്തിൽ മുമ്പിൽ നിൽക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെയല്ല വായനക്കാർക്ക് മുന്നിലെത്തിയത് .
ഷബിതയുടെ കഥ പച്ചക്കുതിര എന്ന മാസികയിലും സലിം ഷെറീഫിന്റെ കഥ ചന്ദ്രിക വാരികയിലുമാണ് പ്രസിദ്ധീകരിച്ചത് . മാതൃഭൂമി, മാധ്യമം , മലയാളം എന്നിവയെ അപേക്ഷിച്ച് ഇവയുടെ വിതരണം കുറവാണെന്നാണ് അറിവ് .
സർക്കുലേഷന്റെ കുറവ് കൊണ്ടോ പ്രസിദ്ധീകരണത്തിന്റെ അലഭ്യത മൂലമോ നല്ല ഒരു സാഹിത്യ സൃഷ്ടി ഇന്നത്തെ കാലത്ത് നല്ല വായനക്കാരുടെ കണ്ണിലെത്താതെ പോകില്ല എന്നതിന്റെ തെളിവാണ് ഈ രണ്ടു കഥകൾക്ക് കിട്ടിയിരിക്കുന്ന പ്രചാരം കൊണ്ട് മനസ്സിലാകുന്നത്.
ആർ രാജശ്രീയുടെ കല്യാണിയും ദാക്ഷായണിയും ആണ് മലയാള സാഹിത്യത്തിൽ ഇത്തരം വിജയത്തിന് നാന്ദി കുറിച്ചത് .
സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പുകൾ വായനക്കാരുടെ നിർബന്ധ പൂർവമുള്ള പ്രോത്സാഹനത്തിന്റെ പേരിൽ തന്നെയാണ് ഒരു നോവലിന്റെ രൂപത്തിലേക്ക് മാറിയത് . കൊട്ടിഘോഷിക്കപ്പെട്ട് കടന്നു വന്ന മറ്റു പലതും കല്യാണിയ്ക്കു ദാക്ഷായണിയ്ക്കും കിട്ടയ സ്വീകാര്യതയുടെ തിരക്കുകൾക്കിടയിൽ അപ്രസക്തമായി മാറിയതും ഓർത്തുവെയ്ക്കണം.
ചില പ്രസിദ്ധീകരങ്ങളിൽ വരുന്ന സാഹിത്യ സൃഷ്ടികൾ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന ധാരണ തിരുത്തപ്പെടുന്നതിൽ സന്തോഷമുണ്ട് .
അരങ്ങ് കലയുടെ മൂല്യം ഉയർത്തുന്നില്ല . മറിച്ച് കല അരങ്ങിന്റെ മൂല്യമാണ് ഉയർത്തുന്നത് .
സാഹിത്യസൃഷ്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്
അയോഗ്യനായ ഒരാൾ മഹാരാജാവായാലും അവഗണിക്കപ്പെടും.
ഇരിപ്പിടം ഏതായാലും യോഗ്യൻ ബഹുമാനിക്കപ്പെടും