മഹാനായ ചാക്യാർ കൂത്ത്/ കൂടിയാട്ടം കലാകാരൻ! രസാഭിനയ ചക്രവർത്തിയായി അറിയപ്പെടുന്നു. ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള കൂത്തമ്പലത്തിൽ നിന്നും കൂത്ത്, കൂടിയാട്ടം എന്നീ കലകളെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുവന്ന ആചാര്യനാണ് മാണി മാധവ ചാക്യാർ.
വിട പറഞ്ഞിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു… ഇന്ന്, 31-ാം ചരമവാർഷിക ദിനം; സ്മരണാഞ്ജലികൾ! 



മതപരമായ ഒരു അനുഷ്ഠാനാമായി പിന്തുടർന്നിരുന്ന ഈ പാരമ്പര്യ കലാരൂപം, ആദ്യമായി മറ്റൊരു മതസ്ഥനായ ഒരാളെ അഭ്യസിപ്പിക്കുക എന്ന പാരമ്പര്യ ലംഘനം നടത്തിയതും ഇദ്ദേഹം തന്നെ: ക്രിസ്റ്റഫർ ബ്രിസ്‌കിയെന്ന പോളിഷ് അംബാസഡറെ തന്റെ ഭവനത്തിൽ താമസിപ്പിച്ച് പഠിപ്പിച്ചതും മാധവ ചാക്യാരാണ്. കൂടിയാട്ടത്തിന് ആദ്യമായി പത്മശ്രീ ബഹുമതി ലഭിച്ചതും മാണി മാധവ ചാക്യാർക്കാണ്.

ശാസ്ത്രവിശാരദനെന്നും രസാഭിനയ ചക്രവര്‍ത്തിയെന്നുമൊക്കെ വിശേഷിക്കപ്പെടുന്ന മാണിമാധവ ചാക്യാര്‍ പാലക്കാട് കിള്ളിക്കുറിശ്ശി മംഗലം ഗ്രാമത്തില്‍ 1899 ഫെബ്രുവരി 15-ന് ജനിച്ചു. പിതാവ് വിഷ്ണു ശര്‍മ്മ – മാതാവ് സാവിത്രി ഇല്ലോടമ്മ. അമ്മാവന്മാര്‍ പ്രശസ്തരായ കൂടിയാട്ടം കലാകാരന്മാരായിരുന്നു. അവരില്‍ നിന്നാണ് അനന്തരവന്‍ അപ്പുണ്ണിയെന്ന മാധവചാക്യാര്‍ കല അഭ്യസിക്കുന്നത്. അവരില്‍ തന്നെ നീലകണ്ഠ ചാക്യാരായിരുന്നു ഗുരു സ്ഥാനീയന്‍.
പതിനൊന്നാം വയസ്സില്‍ അരങ്ങേറ്റം നടത്തി, തിരുവങ്ങായൂര്‍ ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ വെച്ച്. നായക വേഷത്തിലെ ആദ്യത്തെ അരങ്ങ് പതിമൂന്നാമത്തെ വയസ്സില്‍ മുല്ലപ്പള്ളി ക്ഷേത്രത്തില്‍ വച്ച്. കൂത്ത് കഴിഞ്ഞപ്പോള്‍ സദസ്യര്‍ കരഘോഷം മുഴക്കി. ആദ്യത്തെ അംഗീകാരമായിരുന്നു അത്.
അഭിനയകലയുടെ രാജവീഥിയിലൂടെയുള്ള യാത്രയായിരുന്നു പിന്നീടുള്ള കാലം. അവയില്‍ എടുത്തു പറയേണ്ട ചരിത്രസംഭവങ്ങള്‍ ഇപ്രകാരം. കോട്ടയ്ക്കല്‍ പി.എസ്സ്.വാരിയരുടെ വാരിയം വക വിശ്വംഭരക്ഷേത്രത്തില്‍ കൂത്തമ്പലമില്ലാതെ, പന്തലില്‍ ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ചു. മുന്നില്‍ സദസ്യരില്ലാതെ കോഴിക്കോട് ആകാശവാണിയുടെ സ്റ്റുഡിയോവില്‍ കൂത്തവതരിപ്പിച്ചു.1951 ഫെബ്രുവരി 8-ന് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ വീണ്ടും അവതരണം. ഡല്‍ഹി മലയാളികളുടെ എക്സ്പിരിമെന്‍റല്‍ തീയേറ്ററിന്‍റെ ആഭിമുഖ്യത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ മാണി മാധവ ചാക്യാരും സംഘവും കൂടിയാട്ടം അവതരിപ്പിച്ചു.

പാരമ്പര്യമനുസരിച്ചുള്ള എല്ലാ കൂടിയാട്ടങ്ങളിലും ചാക്യാർ കൂത്തിനു ഉപയോഗിക്കുന്ന എല്ലാ പ്രബന്ധങ്ങളിലും അദ്ദേഹം വിചക്ഷണനായിരുന്നു. കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും കുറിച്ചുള്ള എല്ലാ ആശയങ്ങളും സമ്പ്രദായങ്ങളും വ്യവസ്ഥകളും ലളിതവും ശാസ്ത്രീയവുമായി സാധാരണക്കാരനു മനസ്സിലാക്കി തരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രവും കേരളത്തിലെ പലവിധ അഭിനയ സമ്പ്രദായങ്ങളെയും അദ്ദേഹം ഗാഢമായി പഠിച്ചു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു. അഭിനയത്തിന്റെ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെട്ടു.
രസാഭിനയത്തിന്റെ (വിവിധ ഭാവങ്ങളെ അവയുടെ പൂർണതയിൽ അവതരിപ്പിക്കുന്ന കല), പ്രത്യേകിച്ച് നേത്രാഭിനയത്തിന്റെ (കണ്ണുകളുടെ ചലനങ്ങാൾ ഉപയോഗിച്ച് മാത്രം വിവിധ ഭാവങ്ങളെ അവതരിപ്പിക്കുന്ന കല), എക്കാലത്തെയും മികച്ച കലാകാരനായി മാണി മാധവ ചാക്യാർ കരുതപ്പെടുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ അഭിനയ വൈശിഷ്‌ട്യം, രാവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായിരുന്നു.

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം പ്രശസ്തമാണ്. പല കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം കലാകാരന്മാരെയും കലാകാരികളെയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണൻ നായർ, ഗുരു കേളു നായർ, ആനന്ദ ശിവറാം, തുടങ്ങിയ പല കഥകളി നടൻമാരും അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു. കഥകളിക്ക് കണ്ണുകൾ നൽകിയ കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.
നവരസങ്ങളെ അതിന്റെ പാരമ്യത്തിൽ അഭിനയിച്ച് ഭലിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം നവരസങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ പല പ്രശസ്ത കലാകേന്ദ്രങ്ങളിലും സംഗീത നാടക അക്കാദമി തുടങ്ങിയ അക്കാദമികളിലും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഇന്ന് ശേഖരിച്ച് വെച്ചിരിക്കുന്നു.
അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ക്ഷണിക്കപ്പെട്ട സദസ്സില്‍ മാണി മാധവ ചാക്യാരും സംഘവും കൂടിയാട്ടം അവതരിപ്പിച്ചു. 1964 ഡിസംബര്‍ 12-ാം തീയതി രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണനില്‍ നിന്ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ഏറ്റു വാങ്ങി. 1974-ല്‍ പത്മശ്രീ. 1976-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 1983-ല്‍ കലാമണ്ഡലത്തിന്‍റെ ആദ്യ ഫെലോഷിപ്പിന് മാണിമാധവ ചാക്യാര്‍ അര്‍ഹനായി.
91-ാം വയസ്സിൽ, 1990 ജനുവരി 14-ന്, ആ ധന്യജീവിതം അവസാനിച്ചു. പ്രശസ്ത മിഴാവ് കലാകാരന്‍ പദ്മശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ മകനാണ് . അദ്ധ്യാപകന്‍കൂടിയായ മറ്റൊരു മകന്‍ പി കെ ജി നമ്പ്യാര്‍ കൂത്തിലും കൂടിയാട്ടത്തിലും അതുല്യരായ കലാകാരനാണ്; ഗ്രന്ഥകാരനുമാണ്. മൂത്തമകന്‍ ദാമോദരന്‍ നമ്പ്യാര്‍ മാധവചാക്യാരുടെ ജീവിതകാലത്തുതന്നെ മരിച്ചുപോയി.
……………..
കടപ്പാട്: വിക്കിപീഡിയ; മറ്റു പല മീഡിയ സോഴ്സുകളും
___________
ആർ. ഗോപാലകൃഷ്ണൻ | 2021 ജനുവരി 14