യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരൻ ജിൻസൺ ഇരിട്ടി നേരിട്ട വംശീയാധിക്ഷേപവും ആക്രമണവും എതിരെ വ്യാപകമായ പ്രതിക്ഷേധത്തിന് കാരണമായിരിക്കുകയാണ്.
ജിൻസൺ ഇരിട്ടി തന്നെയാണ് താൻ നേരിട്ട ആക്രമണവിവരം സാമൂഹ്യ മാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിച്ചത്. തൻ്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ വായിക്കുക.
“ഇന്നലെ ബസിൽ എനിക്ക് നേരെയുണ്ടായ വംശീയ അധിക്ഷേപവും,ആക്രമണവും.
ഞാൻ യു കെയിൽ വന്നിട്ട് ഏകദേശം പന്ത്രണ്ടു വർഷമായി . ഇംഗ്ലണ്ടിൽ നിന്ന് സ്കോട്ലൻഡിലേക്കു മാറിയിട്ട് ഏകദേശം ഒന്നര വർഷമാകുന്നു . ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നലത്തേതുപോലെ വംശീയ ആക്രമവും അധിക്ഷേപവും എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഉണ്ടാകുന്നത് . മുൻപ് മാച്ചെസ്റ്ററിൽ വച്ച് ഒരു രാത്രി ഡ്യൂട്ടിക്ക് പോകുമ്പോൾ ഒരു വെള്ളക്കാരൻ പാക്കി പാക്കി എന്ന് വിളിച്ചുകൊണ്ടു തല്ലാൻ ഓങ്ങിയതാണ് എനിക്ക് മുൻപുണ്ടായ ഏക അനുഭവം . അതിനു ശേഷം പുഴ ഒരുപാട് ഒഴുകി . ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസത്തിന് അപ്പുറം എല്ലാമനുഷ്യരും ഒന്നാണ് എന്ന മാനവിക ചിന്തയുടെ വിപ്ലവം ബ്രിട്ടനിൽ പല കുറി പൂത്തുലഞ്ഞു .കോളനി വാഴ്ച്ച കാലത്തെ അടിമത്വ മുതലാളിമാരുടെ പ്രതിമകൾ പുതിയ ജനാതിപത്യ വിശ്വാസികളായ മനുഷ്യർ തൂക്കിയെടുത്തു ഓടയിൽ എറിഞ്ഞു . ബ്രിട്ടനിലെ പുതിയകാലം വർണ്ണ വിവേചനത്തിന് എതിരാണ് എന്ന ചിന്ത സ്കോട്ലാൻഡിലെ ഒരു ഉൾപ്രദേശ നഗരമായ ഡണ്ടിയിൽ ജീവിക്കുമ്പോഴും എന്നിൽ നല്ല ആതമവിശ്വാസം നൽകി .പക്ഷെ ഇന്നലത്തെ രാത്രി എന്റെ എല്ലാത്തരം ചിന്തകളെയും കുറെയെങ്കിലും മാറ്റി മറിച്ചു എന്ന് ഖേദപൂർവ്വം പറയട്ടെ . തുടർച്ചയായ പതിമൂന്നു മണിക്കൂർ ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിതനായിട്ടാണ് ഞാൻ ഏകദേശം രാത്രി ഒമ്പതു മണിക്ക് സ്കോട്ലാന്ഡിലെ ഒരു ചെറു നഗരമായ ഡൻഫേംലൈനിൽ നിന്ന് ഡണ്ടി സിറ്റിയിലേക്ക് ബസ് കയറുന്നത്. ലോക്കഡോൺ ആയതുകൊണ്ട് മിക്കവാറും ആ സമയത്തെ യാത്രയിൽ ബസിലെ ഏക യാത്രക്കാരൻ ഞാനായിരിക്കും. അന്ന് എന്തായാലും ബസ്സിൽ ഒരു വെള്ളക്കാരൻ കൂടിയുണ്ട് . ഞാൻ ബസിൽ കയറിയപ്പഴെ അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് .ഞാൻ കരുതി അയാൾ ഫോണിലായിരിക്കും പറയുന്നതെന്ന് . ബസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നിട്ടു എന്റെ മുഖത്തോടു അയാളുടെ മാസ്ക് വയ്ക്കാത്ത മുഖം ചേർത്തിട്ടു എന്നെ ഒരു തള്ള്. ഇയാൾ എന്തിനാണ് എന്നെ തള്ളുന്നത് എന്ന് വിചാരിച്ചു നോക്കിയപ്പോൾ അയാൾ പരിഹാസ ചിരിയോടെ പറയുന്നു
” പാക്കി, ഗിവ് മി ഷെക്കാന്റ്”
പാക്കി എന്നുള്ള അങ്ങേയറ്റം വംശീയ അധിക്ഷേപത്തോടെയുള്ള വിളി എന്നെ അലോസര പെടുത്തിയെങ്കിലും ഞാൻ പരമാവധി സംയവനത്തോടെ മുഖത്തു കൃത്രിമയായ ഒരു പുഞ്ചിരി വരുത്തിട്ടു പറഞ്ഞു .
” കഷമിക്കണം .ഞാൻ ഒരു ആരോഗ്യ പ്രവർത്തകനാണ് വയറസ് ഇങ്ങനെ ശക്തമായി വ്യപിക്കുന്ന ഈ സമയത്തു പൊതു സ്ഥലത്തു കൈകൊടുക്കുന്നതു ശരിയല്ല. ”
പക്ഷെ അയാൾ സമ്മതിക്കുന്നില്ല . തെറി തുടങ്ങി .ഞാൻ അപ്പോൾ പറഞ്ഞു
” വേണമെങ്കിൽ ഹസ്തദാനത്തിനു പകരം നമ്മുടെ എൽബോകൾ തമ്മിൽ മുട്ടിക്കുന്നതിനു എനിക്ക് കുഴമില്ല ”
അയാൾ അത് സമ്മതിച്ചു . എന്റെ കൈ മുട്ടിൽ അയാളുടെ കൈ മുട്ട് മുട്ടിച്ചിട്ടു ചെറുതായിട്ടെങ്കിലും എന്റെ മേൽ ഒരു അധീശത്വം നേടിയ മട്ടിൽ എന്നെ ഒന്ന് നോക്കിയിട്ടു അയാൾ ബസിന്റെ പുറകിലത്തെ സീറ്റിൽ പോയി ഇരുന്നു . ഞാൻ വിചാരിച്ചു ;സമാധാനമായി .ആ ദുരന്തം പോയല്ലോയെന്ന് . കുറച്ചു കഴിഞ്ഞപ്പോൾ ഇതാ വീണ്ടും വരുന്നു . പിന്നെ , ‘പാക്കി പാക്കി’ എന്ന് പറഞ്ഞുകൊണ്ട് പുറകിന്നു എന്റെ തലയ്ക്കിട്ടു ഒരു ഒറ്റ തട്ട് എന്നിട്ടു പുറകെ കുറെ തെറിയും . അയാൾ കഞ്ചാവിരിക്കും എന്ന് കരുതി അത് അവഗണിച്ചു കൊണ്ട് ഞാൻ വീണ്ടും സംയവനം പാലിക്കാൻ നോക്കി അപ്പോൾ അയാൾക്ക് എന്റെ മടിയിൽ ഇരിക്കണം .എന്റെ മടിയിൽ ഇരിക്കാൻ പറ്റത്തില്ലെന്നു പറഞ്ഞപ്പോൾ ഇരിന്നിട്ടെ ഉള്ളന്നായി അയാൾ . ഡ്രൈവർ ഉച്ചത്തിൽ അയാളോട് മരിയാദയ്ക്ക് ഇരിക്കാൻ പറയുന്നുമുണ്ട് . ബസ് അപ്പോൾ എളുപ്പത്തിൽ നിർത്താൻ കഴിയാത്ത സ്കോട്ലാന്റിലെ ഉൾപ്രദേശത്തുടെയുള്ള മോട്ടർവയിലുടെ പോയി കൊണ്ടിരിക്കുകയാണ് .അയാൾ എന്നെ വിടാൻ ഭാവമില്ലാതെ എന്നെ തള്ളിക്കൊണ്ട് വീണ്ടും വീണ്ടും പറയുന്നുണ്ട്;
” പാക്കി പാക്കി , I punch you to Pakisthan, go to Pakisthan ”
ഇത് പറഞ്ഞിട്ട് അയാൾ സീറ്റിൽ തൂങ്ങി മുൻപോട്ടു നടന്നിട്ടു തിരിച്ചു വന്ന് എന്റെ മുഖത്തൊരു ചെറിയ ഇടി.ഞാൻ ഡ്രൈവറുടെ സീറ്റിന്റെ തൊട്ടു പുറകിലേക്ക് മാറി ഇരുന്നിട്ട് ഡ്രൈവറോട് പോലീസിനെ വിളിക്കാൻ പറഞ്ഞു .ചില്ലു കൂട്ടിലെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഡ്രൈവർ ഞാൻ പറഞ്ഞത് കേട്ടോ ഇല്ലയോ എന്ന് അറിയില്ല . ഞാൻ ഡ്രൈവറുടെ തൊട്ടു പുറകിലെ സീറ്റിലേക്ക് മാറിയിരുന്നിട്ടും
അയാൾ അവിടെ വന്നിരുന്നും എന്റെ തലയിലും തോളിലും പിടിച്ചുള്ള തള്ളുകാരണം സീറ്റിൽ ഇരിക്കാൻ വയ്യാതെ ഞാൻ ബസിന്റെ സ്റ്റെപ്പിൽ പോയി ഇരുന്നുകൊണ്ട് മൊബൈൽ എടുത്തു പോലീസിനെ വിളിക്കാൻ ആരംഭിച്ചു . അപ്പോൾ അയാൾ എന്റെ ജാക്കറ്റിൽ പിടിച്ചു വലി തുടങ്ങി.അത് കണ്ടു ഡ്രൈവർ ഒച്ചയിട്ടപ്പോൾ അയാൾ ഡ്രൈവറെയും തെറി വിളിച്ചു തല്ലുമെന്നായി. ഞാൻ പോലീസിനെ വിളിച്ചത് കൊണ്ട് എന്നെ പിന്നെ കൊല്ലുമെന്നായി ഭീഷണി . അയാളുടെ കൈയിലെ ബാഗിൽ കത്തി ഉണ്ടോന്നു ഞാൻ അപ്പോൾ സംശയിച്ചു . ബസ് മോട്ടോർവേ കഴിഞ്ഞു ഡണ്ടി ടൗണിലേക്ക് കയറിപ്പഴേയ്ക്കും പോലീസ് വാൻ പാഞ്ഞ് എത്തി .പോലീസ് പല കുറി പറഞ്ഞിട്ടും അയാൾ അറസ്റ്റിനോട് സഹകരിക്കാതെ, തൊട്ടാൽ പോലീസിനെ തല്ലുമെന്നു ഉച്ചത്തിൽ ആക്രോശിക്കാനും തെറി വിളിക്കാനും തുടങ്ങി . അയാൾ നല്ല ആരോഗ്യവാനായിരുന്നതുകൊണ്ടു ചെറുപ്പക്കാരായ പോലീസുകാർക്ക് കുറെ മാന്തിപ്പറിയും അടിയും കിട്ടിയെങ്കിലും പോലീസ് അവസാനം അയാളെ ബലം പ്രയോഗിച്ചു വലിച്ചു നിലത്തിട്ടു അറസ്റ്റു ചെയ്തു . ഡ്രൈവർ കാര്യമായി ഒന്നും ഇടപെടാതിരുന്ന ആ രാത്രിയിലെ ബസിൽ ഇതര രാജ്യക്കാരിയായ ഒരു സ്ത്രി ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അവൾ എങ്ങനെ ആ അക്രമത്തെ നേരിടും എന്നകാര്യത്തിൽ എനിക്ക് അപ്പോൾ വല്ലാത്ത ആശങ്ക തോന്നി . എന്തായാലും പ്രതിയിപ്പോൾ നിലവിൽ ഡണ്ടി പോലീസിന്റെ കസ്റ്റഡിലാണ് ഉള്ളത് . ബസിൽ സി സി റ്റി വി ഉള്ളതുകൊണ്ട് ബസ്സിൽ നടന്ന മുഴുവൻ സംഭവങ്ങളുടെയും ദൃശ്യങ്ങൾ പൊലീസിന് കാണാൻ സാധിക്കും അതുകൊണ്ടു തന്നെ ഈ വംശീയ വെറിമൂത്തവൻ ശിക്ഷിക്കപെടുമെന്നും ഇനി മറ്റൊരു ഇതര വർഗ്ഗകാരന് നേരെയും ഇയാൾ ഇതുപോലെ വംശീയ അധീക്ഷേപവും, ആക്രമവും നടത്തില്ലെന്നും ഞാൻ പ്രത്യാശിക്കുന്നു .
യുകെയിലെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സാഹിത്യകാരൻ ജിൻസൺ ഇരിട്ടിക്ക് നേരെ ഉണ്ടായ വംശീയാധിക്ഷേപവും ആക്രമണവും തികച്ചും അപലപനീയമാണെന്ന് ലണ്ടൻ മലയാള സഹിതുവേദി ഭരണ സമിതി അറിയിച്ചു. വളരെ അപൂർവമായി മാത്രം നടന്നിരുന്ന ഇത്തരം സംഭവങ്ങളുടെ
വർധന പ്രവാസി സമൂഹത്തിൽ ആശങ്ക ഉളവാക്കുന്നതാണെന്നു ലണ്ടൻ മലയാള സാഹിത്യവേദി ജനറൽകോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു. മലയാളി സമൂഹം ഒറ്റക്കെട്ടായി ഇത്തരം സംഭവങ്ങളെ എതിർക്കുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിപ്രോഗ്രാം കോർഡിനേറ്റർ സി എ ജോസഫ് അറിയിച്ചു.
വർധന പ്രവാസി സമൂഹത്തിൽ ആശങ്ക ഉളവാക്കുന്നതാണെന്നു ലണ്ടൻ മലയാള സാഹിത്യവേദി ജനറൽകോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു. മലയാളി സമൂഹം ഒറ്റക്കെട്ടായി ഇത്തരം സംഭവങ്ങളെ എതിർക്കുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിപ്രോഗ്രാം കോർഡിനേറ്റർ സി എ ജോസഫ് അറിയിച്ചു.