അർത്ഥമുള്ളതാവണമീ ജീവിതമെന്നാശിച്ചു
അർത്ഥങ്ങൾ തേടിയലഞ്ഞിടുമ്പോൾ
അനർത്ഥങ്ങൾ മാത്രമേ ചുറ്റിലും കണ്ടിള്ളൂ
അർത്ഥങ്ങൾ വെറും നിരർത്ഥകങ്ങളൊ
ജാതിമതത്തെ അടിച്ചമർത്തിക്കൊണ്ട്
ജാതിമതത്തെ വെറുത്തു ശീലിച്ചവർ
ജാതികോമരങ്ങളെ വീണ്ടും വളർത്തി
ആകാശംമുട്ടെ പടർന്നു പന്തലിപ്പിച്ചു
മതഭ്രാന്തന്മാർക്ക് മനുഷ്യനെ കാണേണ്ട
മതമൗലികത്തിന്റെ ചട്ടുകമാവുന്ന
ദുരചാരങ്ങൾ ഹൃദയത്തിൽ പേറുന്ന
ദുരഭിമാനത്തിൻ ചങ്ങലക്കകണ്ണികളായിടുന്നു
ഹൃദയങ്ങൾ തുളയ്ക്കുന്ന കുന്തങ്ങളാൽ
ഹൃദയമടർത്തി ദൂരേക്ക് കളഞ്ഞിട്ടു
ഹൃദയമില്ലാത്തോരെ സൃഷ്ടിച്ചെടുക്കുന്ന
ഹൃദയശൂന്യതയൂടെ കേന്ദ്രമീ മതങ്ങൾ
മർഥ്യന്റെ മനസ്സുകൾ മാരകമാകും
മയക്കുമരുന്നുകൾ കുത്തിയിറക്കീട്ടു
മതമേതെന്നു ചോദിച്ചു സേവ ചെയ്തീടുമ്പോൾ
സേവനമാം സത്കർമ്മം വെറും വേശ്യയല്ലോ
അമ്മയാം ഭൂമി, ദിവ്യമാം സൂര്യചന്ദ്രന്മാർ
ഏതു മതത്തിലെന്നു ചൊല്ലിടേണം
കാറ്റും, വെളിച്ചവും, വെയിലും മഴയും
മണ്ണും, മണ്ണിന്റെ മാറിലെ പൊന്നും പണവും
പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും
മതമുള്ള മനുഷ്യന്റെ മോഹങ്ങളെങ്കിൽ
മതമുള്ള മനുഷ്യന്റെ സംരക്ഷകരെങ്കിൽ
എന്തിനു വേണ്ടിയാണീമതങ്ങൾ
മനുഷ്യൻ ജനിക്കുന്ന മണ്ണിനു മതമില്ല
മനുഷ്യൻ മരിക്കുന്ന മണ്ണിനു മതമില്ല.
ജനനവും, മരണവും മണ്ണിലെന്നാവുമ്പോൾ
മതമില്ലാത്തവരായിടേണ്ടേ മനുഷ്യർ.