ഉച്ചയുറക്കത്തിൽ നിന്നും സാം ഞെട്ടി ഉണർന്നത് റബ്ബർഷീറ്റടിക്കുന്ന മെഷീന്റെ ഞെരക്കത്തോടു കൂടിയുള്ള ശബ്ദം കേട്ടപ്പോഴാണ്..
അല്ലെങ്കിലും കാത്തിരുന്ന ശബ്ദമായിരുന്നു അത്.
കട്ടിലിൽ നിന്നും എഴുന്നേറ്റ് അങ്ങോട്ടേക്ക് പോകുമ്പോൾ വീർപ്പിച്ചു കെട്ടിയ മുഖത്തോടെ അമ്മച്ചി സാമിനോട് പറയുന്നുണ്ടായിരുന്നു, എത്രദിവസമായി ഈ പഴയ കരിയോയിൽ ഇവിടെ കൊണ്ടു വച്ചേക്കുന്നു..ആ ചക്രത്തിൽ ഇത്തിരി ഒഴിച്ചാൽ അതിങ്ങനെ നിലവിളിക്കുമോ?അതെങ്ങനെയ…അതു കേട്ടു അവന് ഇറങ്ങി ചെല്ലാൻ ഉള്ളതല്ലേ,
എത്ര പറഞ്ഞാലും കേൾക്കില്ലന്നു വെച്ചാൽ..
വേറെ ഒരു പെണ്ണിനേയും അവന് കിട്ടിയില്ല.
ഇവിടുത്തെ ടാപ്പിംഗ് കാരന്റെ മോളെയെ കിട്ടിയുള്ളൂ.
തൊലി വെളുപ്പ് കണ്ടവൻ മയങ്ങി പോയില്ലേ.
സാമിന് അത്രക്കും ഇഷ്ടമായിരുന്നു ജെസിയെ..
വീട്ടിലെ ജോലിക്കാരന്റെ മകളായിട്ടല്ല അവളെ അവൻ കണ്ടിരുന്നത് .അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുതന്നെയാണ് .
ഒരേ പള്ളിയിൽ കൂടിനടക്കുന്നവർ…ചെറുപ്പം മുതലുള്ള ഇഷ്ടം.
പ്രാരാബ്ധം കൊണ്ടാകാം…ജെസിയുടെ അപ്പൻ ജോസിനും വീട്ടുകാർക്കും അവരുടെ ഇഷ്ടത്തിന് മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെയാകാം പെട്ടന്നങ്ങു വന്നേക്കു എന്ന് ജെസിയോട് പറഞ്ഞിട്ട് അവളുടെ അപ്പൻ വീട്ടിലേക്കു തിരികെ പോയത്.
ജെസി രണ്ടു ദിവസം കഴിഞ്ഞാൽ നേഴ്‌സിങ് പഠിക്കാൻ ബാംഗ്ലൂരിൽ പോകുകയാണ്,അതിന്റെ വിഷമം രണ്ടുപേരുടെയും മുഖത്തുണ്ട്.സാം അവന്റെ മുണ്ടിന്റെ മടികുത്തിൽ കരുതിയിരുന്ന കുറച്ചു പൈസയും ജെസിക്കായ് വാങ്ങിയ പച്ച കല്ലുവച്ച കുഞ്ഞു സ്വർണ്ണമോതിരവും അവളുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ ജെസിയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. സാമിന്റെ നെഞ്ചിലേക്ക് ചേർന്നു നിൽക്കണമെന്നവൾക്കു ആഗ്രഹമുണ്ടായിരുന്നെങ്കിലും..
സാമിന്റെ വീട്ടിലെ എതിർപ്പ് നന്നായി അറിയാവുന്നതുകൊണ്ടും..പരിസരം ശെരിയല്ലാത്തതുകൊണ്ടും അവളൊന്നറച്ചു.
കവിളിലൂടെ അരിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് എല്ലാം നല്ലതിന് വേണ്ടിയല്ലേ എന്ന ആശ്വാസവാക്കു പറയുമ്പോൾ സാമിന്റെ വാക്കുകളും ഇടറുന്നുണ്ടായിരുന്നു.
കണ്ണുകൾ തുടച്ചു തിരികെ പോകുമ്പോൾ എന്തോ ഓർത്തെടുത്തതുപോലെ സാമിനോട് പറഞ്ഞു..
അതേ ഞാൻ ചെന്നിട്ട് കത്തയക്കാം..
ഇവിടുത്തെ വീട്ടിലെ അഡ്രസ്സിൽ അയക്കില്ല. നമ്മുടെ ബിൻസിയുടെ പേരിൽ അയക്കാം അവളാകുമ്പോൾ കുഴപ്പം ഇല്ല…അവൾ സാമിന് തരും.ഇങ്ങോട്ടായച്ചു ഇവിടുത്തെ അമ്മച്ചിയുടെ വായിലിരിക്കുന്നത് സാം കേൾക്കേണ്ട.
അതേ ബിൻസിയുടെ പേരിൽ അയച്ചാൽ മതി,നമ്മുടെ പ്രണയത്തിന്റെ ആദ്യ നാളുകൾ മുതൽ നമ്മോടൊത്തു നിന്നവളല്ലേ അവൾ.അവൾ ആരോടും പറയില്ല.എന്നെക്കാളും നിന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരിയല്ലേ അവൾ…
സാം ചിരിച്ചുകൊണ്ടുപറഞ്ഞവളെ യാത്രയാക്കി.
കത്തുകളിലൂടെയും ഫോണിലൂടെയും അവധി ദിനങ്ങളിലെ കണ്ടുമുട്ടലുകളുമായി അവരുടെ പ്രണയവും
കാലവും കടന്നു പൊയ്ക്കൊണ്ടിരുന്നു.
അകലങ്ങളിലായിരുന്നുവെങ്കിലും
അവരുടെ അനുരാഗം ഒരുപാട് അടുത്തുവന്നു.അടുത്തുള്ളപ്പോൾ അവർ അറിയാതിരുന്ന പ്രണയത്തിന്റെ തീവ്രത അകലങ്ങളിൽ അവർ അറിഞ്ഞു.അതുകൊണ്ടു തന്നെയാകാം ഓരോ ദിനങ്ങളും ഓരോ യുഗങ്ങളായതും,അവരുടെ പ്രണയത്തിന്റെ കാതൽ, ഉരുക്കുകൊണ്ടുതീർത്ത പ്രതിബന്ധങ്ങളുടെ മഴുവിനാൽ ഏറ്റ വെട്ടുകളിൽ തീപ്പൊരി ചിതറിച്ചതും.
ജെസ്സിയുടെ പഠിത്തമൊക്കെ കഴിഞ്ഞിരിക്കുന്നു.
സാം ചെറിയൊരു സർക്കാർ ഉദ്യോഗസ്ഥനും..
ഭൂമിയിലെ മാലാഖയായവൾ പണ്ടത്തെതിലും സുന്ദരിയായിരിക്കുന്നു.മുഖക്കുരു അലങ്കരിച്ചിരുന്ന കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു.
അവൾ അവധിക്കു വന്നെന്നറിഞ്ഞെങ്കിലും പള്ളിയിലെ കുർബാനക്കിടയിൽ വച്ചാണ് നേരിൽ കാണുന്നത്.
പള്ളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കാണാമെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിരുന്നതാണ്.അവൻ പുറത്തിറങ്ങിയപ്പോഴേക്കും അവൾ പോയിരുന്നു.
ഞായറാഴ്‌ച ദിവസത്തെ പ്രത്യേക വിഭവമായ കപ്പയും പന്നിയിറച്ചിയും സാമും അവന്റെ ചേട്ടനും കഴിച്ചിരിക്കുമ്പോഴാണ് ജെസിയുടെ അപ്പൻ ജോസേട്ടൻ വീട്ടിലേക്കു കയറി വന്നത്.ഭാവി അമ്മായിയപ്പനല്ലെ എന്നു കരുതി കപ്പ കഴിക്കാൻ കൂടുന്നോ എന്ന് സാം ഉറക്കെ ചോദിച്ചപ്പോൾ,വേണ്ട കഴിച്ചിട്ടാണ് ഇറങ്ങിയതെന്നായിരുന്നു വീടിന്റെ വരാന്തയിൽ നിന്നും ജോസേട്ടന്റെ മറുപടി.
വിശേഷങ്ങൾ ചോദിച്ചെത്തിയ സാമിന്റെ അമ്മയോട്…
അതേ വിഷങ്ങൾ ഉണ്ട് ചേടത്തി എന്നുപറഞ്ഞു ജോസേട്ടൻ തുടർന്നു…..
ജെസ്സിക്കൊരു കല്യാണാലോചന!!
ചെറുക്കൻ അമേരിക്കയിലാ…
ചെറുക്കന് പെണ്ണിനെ ഫോട്ടോയിൽ കണ്ട് നന്നായി ഇഷ്ടമായി..
അവർക്ക് പെണ്ണിനെ മാത്രം മതിയെന്നാണ് പറയുന്നത്..
ഒരു രൂപ കല്യാണചിലവിന് പോലും വേണ്ടാത്രേ.
ഞാനും ആലോചിച്ചപ്പോൾ നല്ലതാണെന്ന് തോന്നി..അവൾക്കും താഴെ ഒന്നില്ലേ.അതിനും ഒരു നല്ല കാലം വരുകയാണെങ്കിൽ…
ഞങ്ങൾ അങ്ങു സമ്മതിച്ചു.
ഇന്ന് ജെസിയെ പെണ്ണുകണ്ടു വാക്കുറപ്പിക്കാനും..ദിവസം നിശ്ചയിക്കാനും ചെറുക്കന്റെ വീട്ടിൽ നിന്നും കാരണവന്മാരും ചെറുക്കനും വരുന്നുണ്ട്..ചേടത്തി ആ സമയത്തു വീട്ടിലോട്ടൊന്നു വരണം.
പുറത്തുനിന്ന് ജോസ് ഇതുപറഞ്ഞത് കേട്ട വെപ്രാളത്തിൽ, കഴിച്ചുകൊണ്ടിരുന്ന കപ്പ നെറുകയിൽ കയറിയ സാമിന് നേരെ വെള്ളം നീട്ടിക്കൊണ്ട് സാമിന്റെ ചേട്ടൻ സൈമൻ ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു..വെള്ളം കുടിച്ചോളൂ.
അതുവരെ സാമും ജെസിയുമായുള്ള പ്രണയത്തെ എതിർത്തു സംസാരിച്ചിരുന്ന സാമിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒന്നും പറയാനാകാതെ തോളത്തു കിടന്ന തോർത്തുമുണ്ട് കടിച്ചുകൊണ്ട് അവർ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് കയറി പോയി.ഒരുപക്ഷേ അവരും ആഗ്രഹിച്ചിരുന്നിരിക്കാം മകൻ അത്രത്തോളം സ്നേഹിക്കുന്നയൊരു പെണ്ണിനെ മരുമകളായിട്ടു കിട്ടുവാൻ.കാശിന്റെ വലുപ്പചെറുപ്പങ്ങൾക്കു മേലെയാണ് പ്രണയത്തിന്റെ സ്ഥാനമെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.അല്ലെങ്കിലും ആ അമ്മക്ക് ആകുമായിരുന്നില്ല വളരെ ചെറുപ്പത്തിൽ തന്നെ അപ്പനെ നഷ്ടപ്പെട്ട തന്റെ മക്കളെ വിഷമിപ്പിക്കുവാനായി.
ജെസിയുടെ കല്യാണദിവസത്തിന്റെ അന്ന് സാമിന് ഒരാഗ്രഹം തോന്നി..തന്റെ മണവാട്ടിയായി അണിഞ്ഞൊരുങ്ങി വരേണ്ടവളെ,ആ വേഷത്തിൽ ഒന്നു കാണാൻ.ഇനി ഒരിക്കലും അവളെ കാണാൻ സാധിച്ചെന്നും വരില്ല.ഭർത്താവിനോടൊപ്പം ഏഴാം കടലിനപ്പുറത്തേക്ക് പറക്കുന്ന അവളെ ഇനി എന്ന് കാണാൻ.
തലയിൽ സ്വർണ നിറമുള്ള തട്ടവും..കയ്യിൽ ഞെരിഞ്ഞമർന്ന് നില്ക്കുന്ന ചുവന്ന റോസാപൂക്കളുള്ള ബൊക്കയുമായി അലങ്കരിച്ച കാറിലേക്ക് അവൾ കയറുമ്പോൾ അവൾ ക്യാമറയിലേക്ക് നോക്കി നന്നായി ചിരിക്കുന്നുണ്ടായിരുന്നു.
ആരോ തോളത്തു തട്ടിയപ്പോഴാണ് സാം അവളിൽ നിന്നും കണ്ണെടുത്തത്.
തങ്ങളുടെ പ്രണയത്തിന്റെ ഇഴയടുപ്പങ്ങൾ ഏറ്റവുമറിയുന്ന ജെസിയുടെ കൂട്ടുകാരി ബിൻസി.അവൾക് സാമിന്റെ മുഖത്തു നോക്കാൻ എന്തോ വിഷമം പോലെ….എന്നിട്ടും അവൾ സാമിനോട് പറഞ്ഞു..
ഇനിയെങ്കിലും മറന്നൂടെ സാം നിനക്കവളെ??
നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളാണ് ഞാൻ.എനിക്ക് പോലും അവളുടെ ഈ തീരുമാനം വിഷമം ഉണ്ടാക്കി.പോകാൻ പറ അവളോട്.സാമിന് ദൈവം നല്ല ഒരു പെണ്ണിനെ തരും….അതു പറഞ്ഞവൾ കല്യാണത്തിന് പോകുന്ന ഏതോ ഒരു വാഹനത്തിൽ കയറി.
വർഷങ്ങൾക്കു ശേഷം സാം വീണ്ടും ജെസിയെ കണ്ടു.
തന്നോട് അവസാനമായി കണ്ണുകൊണ്ട് ആഗ്യം കാണിച്ച അതേ പള്ളിയിൽ വച്ചു തന്നെ.ഇന്നവളുടെ മുഖത്ത് അത്ര പ്രസരിപ്പില്ല.തിളങ്ങിയിരുന്ന കണ്ണുകളിൽ വിഷാദഭാവം.പള്ളി കഴിഞ്ഞു പുറത്തിറങ്ങി തന്റെ ഭാര്യയെ പരതിയ സാം കണ്ടത് ,ജെസിയോടൊപ്പം സംസാരിച്ചു കൊണ്ടുനിൽക്കുന്ന തന്റെ ഭാര്യയെയാണ്.
കണ്ണുകൾ തുടച്ചുകൊണ്ട് ജെസി എന്തൊക്കെയോ അവളോട് സംസാരിക്കുന്നുണ്ട്.സാം അടുത്തേക്ക് ചെന്നപ്പോഴേക്കും ,പറഞ്ഞുകൊണ്ടിരുന്ന കാര്യം അവർ പാതിവച്ചു നിർത്തി, കണ്ണുകൾ തുടച്ചുകൊണ്ട് ജെസി സാമിനോട് പറഞ്ഞു…
സാം എനിക്ക് തെറ്റുപറ്റി,
ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ സാമിനോട് ചെയ്തത്.അതിനുള്ള കൂലി കാലം എനിക്കു തരികയും ചെയ്തു.എന്റെ ദാമ്പത്തിക ബന്ധത്തിന് ആയുസ് വളരെ കുറവായിരുന്നു.എന്നെ വിവാഹം കഴിച്ചയാൾ ഒരു മദ്യപാനിയും അതിലുപരി ഒരു പെണ്ണുപിടിയനുമായിരുന്നു.അതൊക്കെ മനസ്സിലാക്കാൻ കാലങ്ങൾ വേണ്ടി വന്നു.ദൈവം തന്ന ശിക്ഷ.ഇന്ന് ഞാൻ ഒറ്റക്കായി..അമേരിക്കയിൽ ജോലിയുള്ളത് കൊണ്ട് ഒരുപാട് ആലോചനകൾ വരുന്നുണ്ട്.അതൊന്നും ഇഷ്ടംകൊണ്ടാകണമെന്നില്ല.ഒരിക്കൽ ഞാൻ കണ്ട പണത്തിനോടുള്ള,സുഖലോലുപതകളോടുള്ള ആഗ്രഹം ആകാം,രണ്ടാം വിവാഹമായിട്ടുകൂടി ആളുകൾ ഇങ്ങനെ ഓടിക്കൂടുന്നത്.
തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഭാര്യയോട് സാം ചോദിച്ചു…
എന്തായിരുന്നു നിങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്??
അതു പറഞ്ഞാൽ സാം എന്നോട് പിണങ്ങുമോ??
എന്നു ചോദിച്ചുകൊണ്ട് അവൾ തുടർന്നു.
അവളുടെ മനം മാറ്റത്തിന് ഞാനും കാരണമാണ്..
ഈ ആലോചന വന്നപ്പോൾ അവൾ ആദ്യം പറഞ്ഞത് എന്നോടാണ്.നിങ്ങൾ തമ്മിലുള്ള എല്ലാ കാര്യങ്ങളും
അറിയാവുന്നത് കൊണ്ടാകാം എന്നോട് തന്നെ അവൾ പറഞ്ഞതും.
അവളോടുള്ള സാമിന്റെ കറകളഞ്ഞ ഇഷ്ടം ഏറ്റവും കൂടുതൽ കണ്ടതു ഞാനായതുകൊണ്ടാകാം, അവൾ അത് പറഞ്ഞ ആ സാഹചര്യത്തിൽ എന്റെ മനസ്സിൽ സാമിനോട് അതുവരെയില്ലാത്ത ഒരടുപ്പം തോന്നുകയും,അവൾ ഒഴിഞ്ഞാൽ സാമിനെ എനിക്ക് സ്വന്തമാക്കാം എന്നു എന്റെ മനസ്സിൽ ചിന്തിച്ചതും.
അതു കാരണമാണ് അവളുടെ അമേരിക്കക്കാരൻ ചെറുക്കനുമായുള്ള കല്യാണം എന്തുകൊണ്ടും നല്ലതാണെന്ന് ഞാൻ അവൾക്ക് ഉപദേശം കൊടുത്തതും.
പക്ഷെ എന്റെ അഭിപ്രായത്തെ അവൾ എതിർക്കാത്തത് കണ്ടപ്പോളാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്.അവൾ എന്നോട് അഭിപ്രായം ചോദിക്കുന്നതിന് മുൻപ് തന്നെ എല്ലാം തീരുമാനിച്ചുറച്ചുതന്നെയായിരുന്നു.
ഇതൊക്കെയായിരുന്നു ഞങ്ങൾ പറഞ്ഞുകൊണ്ട് നിന്നത്.അവൾക്കു മനസ്സിലായെന്നു തോന്നുന്നു.ഞാൻ അന്നങ്ങനെ അവളെ ആ വിവാഹത്തിന് പ്രേരിപ്പിച്ചത്..സാമിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നുവെന്ന്.ഞാൻ ചെയ്തത് തെറ്റായിപ്പോയോ സാം??
ബിൻസിയെ ഒന്നുകൂടി ചേർത്തുപിടിച്ചു,ചുറ്റും നോക്കി ആളില്ലെന്നുറപ്പുവരുത്തി അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് സാം പറഞ്ഞു.
നീയാണ് ശെരി…എല്ലാം അറിഞ്ഞിരുന്നവളായിട്ടു കൂടി,ഒരു കുത്തുവാക്കുകൊണ്ടുപോലും പഴയ പ്രണയത്തിന്റെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോകാതെ എന്നെ മാത്രം പ്രണയിച്ച…
വർഷങ്ങളോളം പ്രണയിച്ചിട്ടും,എന്നെക്കാൾ മികച്ചത് മറ്റൊന്നുണ്ടുന്നു കരുതിയ അവളെക്കാളും.
നീയാണ് ശെരി.
Thank you all