ആശുപത്രി മോർച്ചറിയിൽ നാസിയ ഹസ്സൻ വിറങ്ങലിച്ചു കിടക്കുമ്പോൾ, പുറത്ത് ഒരു `യുദ്ധ’ത്തിന് കോപ്പുകൂട്ടുകയായിരുന്നു ബന്ധുജനം. മകളുടെ ഭൗതിക ശരീരം നിരുപാധികം വിട്ടുകിട്ടണമെന്ന് മാതാപിതാക്കൾ; വിട്ടുകൊടുക്കില്ലെന്ന് ഭർത്താവ്. മൂന്നാഴ്ചയിലേറെ നീണ്ട നിയമയുദ്ധത്തിൽ ഒടുക്കം ജയിച്ചത് മാതാപിതാക്കൾ തന്നെ. പക്ഷേ തോറ്റത് നാസിയയായിരുന്നു. മരണശേഷവും തന്റെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കില്ലെന്ന് സങ്കൽപ്പിച്ചിരിക്കില്ലല്ലോ, ജീവിതം തന്നെ സ്നേഹഗീതമാക്കി മാറ്റിയ പാട്ടുകാരി.
ഒരൊറ്റ പാട്ടു കൊണ്ട് ഒരു സാംസ്കാരിക കലാപം തന്നെ സൃഷ്ടിച്ച ഗായികയാണ് നാസിയ ഹസ്സൻ. ബിദ്ദുവിന്റെ സംഗീതത്തിൽ `ഖുർബാനി’ക്ക് (1980) വേണ്ടി നാസിയ പാടിയ “ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ ബാത് ബൻ ജായെ” എന്ന പാട്ട് എൺപതുകളിലെ ഇന്ത്യൻ യുവതയുടെ ഹൃദയഗീതമായിരുന്നു. ശരാശരി ഇന്ത്യക്കാരന്റെ സംഗീതാസ്വാദന ശീലം തന്നെ മാറ്റിമറിച്ച ഗാനം. നാസിയയുടെ വേറിട്ട ശബ്ദവും ആലാപനവും നാടൊട്ടുക്കും തരംഗമായത് ഞൊടിയിടയിലാണ്. സമാന്തരമായ ഒരു സംഗീതധാരക്ക് തന്നെ തുടക്കമിട്ടു അത്. `ഖുർബാനി’ക്ക് പിറകെ വേറെയും ജനപ്രിയ പോപ്പ് ഗാനങ്ങൾ പാടി പുറത്തിറക്കി നാസിയ . ലക്ഷക്കണക്കിന് വിറ്റഴിഞ്ഞ ആൽബങ്ങൾ. പക്ഷേ അധികം നീണ്ടില്ല ആ സ്വപ്നസഞ്ചാരം. 1990 കളുടെ അവസാനത്തോടെ ശ്വാസകോശ അർബുദത്തിന്റെ രൂപത്തിൽ വിധി നാസിയയെ വേട്ടയാടിത്തുടങ്ങുന്നു. ശരീരവും ശാരീരവും ഒരുപോലെ തളർന്നുപോയ ഘട്ടം. ഭാഗ്യവശാൽ നാസിയയുടെ മനസ്സിനെ ആ തളർച്ച ബാധിച്ചതേയില്ല. സ്നേഹദൂതുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു അവർ. സംഗീതത്തിനപ്പുറവും ജീവിതമുണ്ടെന്ന് തെളിയിക്കുകയായിരുന്നു പഴയ പോപ്പ് രാജകുമാരി. വിടവാങ്ങി പതിനെട്ടു വർഷങ്ങൾക്കിപ്പുറം നാസിയ ഓർക്കപ്പെടുന്നത് ഗായികയായി മാത്രമല്ല, യാഥാസ്ഥിതികർക്കും മതമൗലികവാദികൾക്കുമെതിരെ പൊരുതിയ “വിപ്ലവകാരി”യായിക്കൂടിയാണ്.
ലണ്ടനിൽ സ്ഥിരതാമസമാക്കിയ പാക് ദമ്പതികളാണ് നാസിയയുടെ മാതാപിതാക്കൾ. മകൾ അറിയപ്പെടുന്ന പാട്ടുകാരിയായി വളരണമെന്ന് ആഗ്രഹിച്ച ബഷീറും മുനീസയും ഒരു വിരുന്നിൽ വെച്ച് നാസിയയെ ബോളിവുഡ് സംവിധായകനും നടനുമായ ഫിറോസ് ഖാന് പരിചയപ്പെടുത്തുന്നു. പതിനാലുകാരിയുടെ പാട്ടുകേട്ട ഫിറോസിന് കൗതുകം. അത്ര വലിയ റേഞ്ച് ഉള്ള ശബ്ദമല്ല. പക്ഷേ കുസൃതി കലർന്ന ഒരു ആകർഷണീയതയുണ്ടതിന്; മേമ്പൊടിക്ക് നേർത്ത അനുനാസികത്വവും. പുതിയ ചിത്രത്തിലേക്ക് പോപ്പ് ശൈലിയിലുള്ള ഗാനം പാടാൻ ആളെ തിരയുകയായിരുന്ന ഫിറോസ് പിന്നെ സംശയിച്ചില്ല. സുഹൃത്ത് കൂടിയായ ഇൻഡി പോപ്പ് സംഗീതജ്ഞൻ ബിദ്ദുവിന് നാസിയയെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഇനി വേണ്ടത് പാടാനൊരു പാട്ടാണ്. നേരത്തെ താൻ തന്നെ ചിട്ടപ്പെടുത്തി റ്റീനാ ചാൾസ് പാടി ഹിറ്റാക്കിയ `ഡാൻസ് ലിറ്റിൽ ലേഡി’ എന്ന പോപ്പ് ഗാനത്തിന്റെ ചുവടുപിടിച്ചു പുതിയൊരു ഈണം തയ്യാറാക്കുന്നു ബിദ്ദു. പല്ലവി എഴുതിയതും ബിദ്ദു തന്നെ. പക്ഷേ “ബാത് ബൻ ജായേ” എന്ന പഞ്ച് ലൈൻ ഉൾപ്പെടെ അനുപല്ലവിയും ചരണവും എഴുതി പൂർത്തിയാക്കിയത് കവിയായ ഇന്ദീവർ. ലണ്ടനിൽ നടന്ന റെക്കോർഡിംഗിനും ഉണ്ടായിരുന്നു സവിശേഷതകൾ. ആദ്യമായി 24 ട്രാക്കിൽ റെക്കോർഡ് ചെയ്ത ഹിന്ദി ചലച്ചിത്ര ഗാനം. ബാക്കിംഗ് ട്രാക്ക് എന്ന സങ്കേതത്തിലൂടെ ഡബിൾ ഇഫക്ടോടെയാണ് ആ ഗാനം ശ്രോതാക്കളെ തേടിയെത്തിയത്. സ്വാഭാവികമായും ഇന്ത്യയിലെയും പാകിസ്ഥാനിലെയും യുവതലമുറ എളുപ്പം ആ ഗാനത്തിന്റെ ആരാധകരായി; വേറിട്ട ആ ശബ്ദത്തിന്റെയും.
`ഖുർബാനി’യിലെ മറ്റു പാട്ടുകൾ ചിട്ടപ്പെടുത്തിയത് കല്യാൺജി ആനന്ദ്ജിയാണ്. അമീത് കുമാറും കഞ്ചനും പാടിയ `ലൈലാ മേ ലൈല’ എന്ന ഗാനമായിരിക്കും പടത്തിന്റെ മുഖ്യ ആകർഷണം എന്നായിരുന്നു ഫിറോസ് ഖാന്റെ കണക്കുകൂട്ടൽ. പക്ഷേ പടമിറങ്ങിയപ്പോൾ കഥ മാറി. “ആപ് ജൈസാ”യുടെ കണ്ണഞ്ചിക്കുന്ന വർണ്ണപ്പൊലിമയിൽ മറ്റെല്ലാ ഗാനങ്ങളും നിഷ്പ്രഭം. തൊട്ടുപിന്നാലെ സഹോദരൻ സോഹെബുമായി ചേർന്ന് `ഡിസ്കോ ദീവാനേ’ എന്ന ഇൻഡി പോപ്പ് ആൽബം പുറത്തിറക്കുന്നു നാസിയ. ലോകമെമ്പാടുമായി എട്ടരക്കോടിയോളം കോപ്പി വിറ്റഴിഞ്ഞു ഈ ആൽബം. വിൽപ്പനയിൽ മാത്രമല്ല വിവാദങ്ങളിലും മുൻപിലായിരുന്നു ഡിസ്കോ ദീവാനേ. 1981 ൽ ഈ ആൽബത്തിന്റെ മ്യൂസിക് വീഡിയോ പാക്കിസ്ഥാൻ ടെലിവിഷൻ ആദ്യമായി സംപ്രേക്ഷണം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവാക്കൾ ഹൃദയപൂർവം ആൽബത്തെ വരവേറ്റപ്പോൾ, പാരമ്പര്യ വാദികൾ ചൊടിച്ചു. “ബൂം ബൂം” എന്ന ആൽബം കൂടി പുറത്തുവന്നതോടെ വിമർശനം രൂക്ഷമായി. വധഭീഷണികൾ വരെ നേരിട്ടുതുടങ്ങി കൂടപ്പിറപ്പുകൾ. നാസിയയുടെ മ്യൂസിക് വീഡിയോയിൽ അശ്ലീലത്തിന്റെ അതിപ്രസരം കണ്ട സിയാ ഉൽ ഹഖിന്റെ ഭരണകൂടം വിചിത്രമായ ഒരുത്തരവ് പുറപ്പെടുവിച്ചത് അക്കാലത്താണ്: ആൽബം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ദൃശ്യങ്ങളിൽ നാസിയയുടെ അരയ്ക്ക് താഴേക്കുള്ള ഭാഗം കണ്ടുകൂടാ. വീഡിയോകളിൽ നിന്ന് അതോടെ നസിയയുടെ നൃത്തച്ചുവടുകൾ അപ്രത്യക്ഷമാകുന്നു. പാട്ടിന്റെ ജനപ്രീതിയെ അത് തരിമ്പും ബാധിച്ചില്ല എന്നത് മറ്റൊരു കാര്യം.
1988 ൽ വിമാനാപകടത്തിൽ ജനറൽ സിയ മരിച്ചതോടെ നാസിയ — സോഹെബുമാരുടെ കഷ്ടകാലത്തിനും അറുതിയായി. കലാസാംസ്കാരികരംഗത്ത് `ഉദാരവത്ക്കരണ’ത്തിന്റെ വാതിലുകൾ തുറന്നിടാൻ തയ്യാറായി പുതിയ പാക് ഭരണകൂടം. നാസിയ തുടങ്ങിവെച്ച വിപ്ലവത്തിന്റെ തുടർച്ചയെന്നോണം പാകിസ്ഥാനിൽ പോപ്പ് – റോക്ക് ബാൻഡുകളുടെ നീണ്ട നിര രംഗത്തെത്തുന്നത് ഇക്കാലത്താണ്. പക്ഷേ അപ്പോഴേക്കും നാസിയയുടെ സുവർണ്ണകാലം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യങ് തരംഗ്, ഹോട്ട് ലൈൻ, ക്യാമറ ക്യാമറ എന്നീ ആൽബങ്ങൾക്കൊന്നും `ഡിസ്കോ ദീവാനേ’യുടെ മാജിക് ആവർത്തിക്കാനായില്ല.നാസിയയുടെ സ്വകാര്യ ജീവിതത്തിലുമുണ്ടായി അപശ്രുതികളുടെ വേലിയേറ്റം. മിർസ ഇഷ്തിയാഖ് ബേഗുമായുള്ള വിവാഹബന്ധം തകർച്ചയുടെ വക്കിലെത്തിക്കഴിഞ്ഞിരുന്നു. ധനാഢ്യനായ ബേഗിന് ഭാര്യയുടെ സംഗീതപ്രതിഭയിൽ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. മാനസികമായി മാത്രമല്ല ശാരീരികമായും ഭർത്താവ് പീഢിപ്പിക്കാൻ തുടങ്ങിയതോടെ ജീവിതം മടുത്തു നാസിയക്ക്. പതുക്കെ സംഗീതത്തിൽ നിന്ന് അകന്നു തുടങ്ങി നാസിയ; സംഗീതം നാസിയയിൽ നിന്നും. 1991 ൽ ശ്വാസകോശാർബുദം സ്ഥിരീകരിക്കപ്പെടുക കൂടി ചെയ്തതോടെ ആ അകൽച്ച പൂർണ്ണമായി.
പക്ഷേ അത്രയെളുപ്പം തളരുന്ന പ്രകൃതമായിരുന്നില്ല നാസിയയുടേത്. പാക് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അനീതിക്കുമെതിരായ സന്ധിയില്ലാ സമരമായി മാറി അവരുടെ ശിഷ്ടജീവിതം. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് പുറമെ ലഹരിവിരുദ്ധ യജ്ഞത്തിലും അനാഥശിശുക്കളുടെ പുനരധിവാസ പദ്ധതികളിലുമെല്ലാം രോഗപീഡകൾ മറന്ന് വിശ്രമമില്ലാതെ പങ്കാളിയായി നാസിയ . മാരകമായ അർബുദത്തെയും ദാമ്പത്യ ജീവിതത്തിലെ പീഡന പർവത്തെയും അസാമാന്യമായ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്നതെങ്ങിനെ എന്ന് തെളിയിക്കുകയായിരുന്നു അവർ. മകൻ ആരിസിന്റെ ജനനത്തിനു തൊട്ടു പിന്നാലെയാണ് വിവാഹമോചനം തേടി നാസിയകോടതിയെ സമീപിച്ചത്. അനുകൂല വിധി വരുമ്പോഴേക്കും രോഗശയ്യയിൽ ആയിക്കഴിഞ്ഞിരുന്നു അവർ. മരണശേഷവും നാസിയയുടെ ദുരിതപർവം അവസാനിച്ചില്ല എന്നതാണ് സത്യം. മൃതദേഹം വിട്ടുകിട്ടണമെന്നായിരുന്നു മുൻ ഭർത്താവിന്റെ ആവശ്യം. പക്ഷേ കോടതി അത് അനുവദിച്ചില്ല.. വടക്കൻ ലണ്ടനിലെ ഹെൻഡൻ ഇസ്ലാമിക് സെന്റർ ശ്‌മശാനത്തിൽ നാസിയയുടെ സംസ്കാരചടങ്ങുകളിൽ പങ്കുകൊള്ളാൻ അനുവദിക്കണമെന്ന ബേഗിന്റെ അപേക്ഷയും കോടതി തള്ളി. തീർന്നില്ല. മകന്റെ സംരക്ഷണച്ചുമതലക്ക് വേണ്ടിയായിരുന്നു ബേഗിന്റെ അടുത്ത പോരാട്ടം. അവിടെയും ജയിച്ചത് നാസിയയുടെ മാതാപിതാക്കൾ തന്നെ.നാസിയയുടെ മകൻ ആരിസിനെ വളർത്തിയത് അവരാണ്. 2000 ഓഗസ്റ്റ് 13 ന് മുപ്പത്തഞ്ചാം വയസ്സിൽ ലണ്ടനിലെ നോർത്ത് ഫിഞ്ചിലി ഹോസ്പിറ്റലിൽ നാസിയഅർബുദത്തിന് കീഴടങ്ങുമ്പോൾ ആശുപത്രിക്കിടയ്ക്കക്കരികെ ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന മൂന്നു വയസ്സുകാരന് ഇന്ന് പ്രായം 21. അമ്മ പിന്നിട്ട പോരാട്ടവഴികളെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കി വരുന്നതേയുള്ളൂ ആരിസ്. ആ പോരാട്ടങ്ങളുടെ തുടർച്ച തന്നെയായിരിക്കും തന്റെ ജീവിതമെന്ന് ആരിസ് ഒരു അഭിമുഖത്തിൽ പറഞ്ഞുകേട്ടത് അടുത്തിടെയാണ്.
“ നാസിയ മരിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.”– സോഹെബിന്റെ വാക്കുകൾ. ഏറ്റവുമൊടുവിൽ പുറത്തിറക്കിയ `സിഗ്നേച്ചർ’ എന്ന ആൽബത്തിൽ സഹോദരി അവസാനമായി പാടിയ അപ്രകാശിത ഗാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് 52 കാരനായ സോഹെബ്. സംഗീതവും സ്നേഹവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ തന്നെ എന്ന് പാക്ക് ജനതയെ പഠിപ്പിച്ചത് നാസിയയാണ്. ആ പാഠം വരുംതലമുറകളിലേക്ക് പകരുവാനാണ് സോഹെബിന്റെ ശ്രമം. ആയുഷ്കാലം മുഴുവൻ അനീതിക്കെതിരെ പോരാടിയ സഹോദരിയുടെ പേരിൽ സോഹെബ് തുടങ്ങിയ നാസിയ ഹസ്സൻ ഫൗണ്ടേഷൻ ഇന്ന് ലോകത്തെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ക്ഷേമസംഘടനകളിൽ ഒന്നാണ്. “മേ ഇൻസാൻ ഹൂം ഫരിഷ്ത നഹി” (ഞാൻ ദേവദൂതിയല്ല; കേവലമൊരു മനുഷ്യസ്ത്രീ മാത്രം) എന്ന് പാടിയ സഹോദരിയെ വിനയത്തോടെ തിരുത്തുന്നു സോഹെബ് ഹസ്സൻ: “നസിയ വെറുമൊരു മനുഷ്യജന്മം ആയിരുന്നില്ല; ദേവദൂതി തന്നെയായിരുന്നു. സ്നേഹച്ചിറകുകളിലേറി ഭൂമിയിൽ വന്ന മാലാഖ…”