ഭക്തിസംഗീതത്തിൽ സ്വരമുദ്ര ചാർത്തിയ ടി. എസ്. രാധാകൃഷ്ണൻ്റെ 61-ാം ജന്മദിനം ഇന്ന്….
പിറന്നാൾ ആശംസകൾ!
സംഗീതത്തിൽ (വിശേഷിച്ചും, ഭക്തി സംഗീതത്തിൽ) സ്വന്തം സിംഹാസനം തീർത്ത ടി. എസ്. രാധാകൃഷ്ണനെക്കുറിച്ച് ഇന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാവാത്ത ഒരു കാര്യമുണ്ട്: ഒരു വെസ്റ്റേൺ ബാൻഡിൽ എട്ടുവർഷം ഗിറ്റാർ വാദകനായിരുന്നു ടി.എസ്. രാധാകൃഷ്ണൻ!
ഞങ്ങൾ ആദ്യം പരിചയപ്പെടുന്നത് 1987- കാലത്താണ്: പൊതു സുഹുത്തായ പി. ടി. തോമസാണ് പരിചയപ്പെടുത്തിയത്. അവർ മഹാരാജാസ് കോളേജിൽ സമകാലികരാണ്; അടുത്ത സുഹുത്തുക്കളും. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാട്ടു കാസെറ്റ് സംഗീതം ചെയ്യുവാനാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. ‘CAC റെക്കാർഡിങ് സ്റ്റുഡിയോ’വിൽ അത് ചെയ്തു. (അന്നത്തെ റെക്കോഡിങ് എൻജിനീയർ, കൊല്ലം കാരനായ പെരേര- ????) അന്നത്തെ പാട്ടിലൂടെ ടി. എസ്. എൻറെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ് നേടി എന്നതാണ് സത്യം. (സാന്ദർഭികമായി പറയട്ടെ, ആ ആല്‍ബത്തിൻ്റെ പ്രൊഡ്യൂസർ അന്ന് POC ഡയറക്ടർ ആയിരുന്ന ഇന്നത്തെ കർദിനാൾ ജോർജ് ആലഞ്ചേരിയായിരുന്നു.)
(‘ഒരു നേരമെങ്കിലും കാണാതെവയ്യെൻറെ…’
https://www.youtube.com/watch?v=hKh3NqlMiJs )
അറുപതു കഴിഞ്ഞ ടി.എസ്. രാധാകൃഷ്ണൻറെ സംഗീതജീവിതം 31 വർഷം പിന്നിടുകയാണ്. ഇരുനൂറിലധികം ഭക്തിഗാന ആൽബങ്ങൾക്ക് സംഗീതമൊരുക്കിയ അദ്ദേഹം യേശുദാസിനുവേണ്ടി ഏഴ് അയ്യപ്പക്കാസറ്റുകളിലായി എഴുപതോളം ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1957 നവംബർ 5-ന് സംഗീതജ്ഞാനമുള്ള ശങ്കരനാരായണയ്യരുടെയും സുബ്ബലക്ഷ്മി അമ്മാളുടെയും മകനായി എറണാകുളത്തു ജനിച്ചു .
ശങ്കരനാരായണയ്യരുടെയും സുബ്ബലക്ഷ്മി അമ്മാളിൻ്റെയും ഒന്‍പതു മക്കളിൽ ഏഴാമനാണ് ടി. എസ്.; ജനനദിനം: 1957 നവംബർ 4. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഭൂതനാഥ ഭജന സംഘത്തിനൊപ്പം പാടാന്‍ തുടങ്ങിയപ്പോള്‍ പ്രായം എട്ട്. തുണയായി സഹോദരന്‍ ശങ്കരനാരായണന്‍ എന്നും ഒപ്പമുണ്ട്. തഞ്ചാവൂര്‍ സുബ്രഹ്മണ്യഭാഗവതരായിരുന്നു ആദ്യഗുരു. പത്താംതരം പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തുറ ആര്‍. എല്‍. വി. സംഗീതകോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. കല്യാണസുന്ദരം ഭാഗവതരുടെ കീഴില്‍ എട്ടുവര്‍ഷം സംഗീതം അഭ്യസിച്ചു. എസ്. ആര്‍. വി. സ്‌കൂളില്‍ പത്താംതരം വരെയും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ ടി.എസ്., മഹാരാജാസിലാണ് ബിരുദ പഠനത്തിന് ചേര്‍ന്നത്. തത്ത്വചിന്തയാണ് വിഷയമെങ്കിലും മനസ്സുനിറയെ സംഗീതമായിരുന്നു.
തൃപ്പൂണിത്തുറ ശ്രീകൃഷ്ണക്ഷേത്രത്തിലെ സാമ്പ്രദായിക ഭജനകളിലായിരുന്നു ടി.എസ്സിൻറെ തുടക്കം. 1971-ൽ യേശുദാസിന്റെ സംഗീതജീവിതത്തിന് 10 വർഷം തികയുന്ന നാൾ എറണാകുളത്ത് നടന്ന സംഗീതമത്സരത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാംസമ്മാനം ലഭിച്ചത് ടി.എസ്സിന് കൂടുതൽ ആത്മവിശ്വാസം നൽകി. വിധികർത്താവായി മുന്നിലിരുന്ന ഗാനഗന്ധർവനു വേണ്ടി ഭാവിയിൽ സംഗീതമൊരുക്കാൻ കഴിഞ്ഞത് ദൈവനിയോഗമാണെന്ന് രാധാകൃഷ്ണൻ വിശ്വസിക്കുന്നു.
ടി. എസിന്റെ സഹോദരന്‍ കൃഷ്ണന്‍ നല്ലൊരു ‘ഡ്രംസ്’ വായനക്കാരനായിരുന്നു. കൂടാതെ ‘ഹൈജാക്കേഴ്‌സ്’ എന്ന പാശ്ചാത്യ സംഗീത ബാന്‍ഡിൽ പങ്കാളിയായിരുന്നു. ടി. എസ്. ഗിറ്റാര്‍ സ്വയം വായിച്ചു പഠിച്ചു. ‘ഹൈജാക്കേഴ്‌സ്’ എന്ന ഈ വെസ്റ്റേൺ ബാൻഡിൽ, ടി. എസും ബേസ് ഗിറ്റാറിസ്റ്റായി ചേര്‍ന്നു. അന്നത്തെ അറിയപ്പെടുന്ന ഫാഷൻ വേഷമായ ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി 1976 മുതല്‍ 84 വരെയുള്ള എട്ടു വർഷകാലഘട്ടത്തില്‍ കാണികളെ കൈയ്യിലെടുത്തു.
‘ഹൈജാക്കേഴ്‌സ്’ എന്ന വെസ്റ്റേൺ ബാൻഡിൽ എട്ടുവർഷം ഗിറ്റാർ വായിച്ച് നടന്ന, മുടി നീട്ടിവളർത്തിയ പയ്യൻ പിന്നീട് ദേവഗീതികളുമായി രംഗപ്രവേശംനടത്തിയത്! 1980-ൽ പുറത്തിറങ്ങിയ ‘ഹരിപ്രസാദം’ എന്ന ആൽബത്തിലൂടെയാണ് അദ്ദേഹം തന്റെ ഭക്തിഗാനമേഖലയിലേക്ക് പ്രവേശിക്കുന്നത്……
കോളേജില്‍ ടി. എസിന്റെ സീനിയറായിരുന്നു ഗാനരചയിതാവും എഴുത്തുകാരനുമായ ആര്‍. കെ. ദാമോദരന്‍. അവര്‍ തമ്മിലുള്ള കൂട്ടുകെട്ട് പുതിയ വഴിത്തിരിവില്‍ കലാശിച്ചു. 1979-ല്‍ ശിവക്ഷേത്ര ഉത്സവ ഗാനമേളയ്ക്ക് “ചന്ദ്രക്കല പൂ ചൂടു”മെന്ന ആദ്യ ഗാനം പിറവി കൊണ്ടു. രചന: ആര്‍. കെ.; സംഗീത സംവിധാനം ടി. എസ്. 1980-ല്‍ ‘ഹരിശ്രീ പ്രസാദം’ എന്ന പേരില്‍ കേരളത്തിലെ തന്നെ ആദ്യ ഭക്തിഗാന ആല്‍ബം ഇറങ്ങി. ആര്‍. കെ.-ടി. എസ്. കൂട്ടുകെട്ടില്‍ ഭക്തിഗാന രംഗത്തെ നാഴികക്കല്ലായി അത്. കാഞ്ഞങ്ങാട് രാമചന്ദ്രൻ ആലപിച്ച ‘ചന്ദ്രകലാപ്പൂചൂടി’ എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു. (https://www.youtube.com/watch?v=7vssPc6xSlw). ഈ ആൽബത്തിലെ ‘ശ്രീവാഴും പഴയങ്ങാടിയിലെ’ എന്ന ജയചന്ദ്രൻ പാടിയ ഗാനം മലയാളത്തിലെ ഭക്തിഗാനശാഖയിൽ തന്നെ ആദ്യം വിരിഞ്ഞ ‘ഹരിശ്രീ’ മുകുളങ്ങളിലൊന്നാണ്. (https://www.youtube.com/watch?v=2uNHQnXJDHY ). ആദ്യ അയ്യപ്പ ഭക്തിഗാന ആല്‍ബം ഉടലെടുത്തതും ഇവരുടെ ആത്മബന്ധത്തില്‍ നിന്നു തന്നെ. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ടി.എസിനെ പറ്റി എടുത്തു പറയേണ്ട കാര്യം അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരിൽ (നേരിട്ട് പഠിപ്പിച്ചട്ടില്ല) മഹാസംഗീതജ്ഞനായ വി. ദക്ഷിണാമൂർത്തിസ്വാമിയും ഉണ്ടെന്നതാണ്.
1982-ല്‍ യേശുദാസിന്റെ ”തരംഗിണി”ക്കു വേണ്ടി ‘തുളസി തീര്‍ത്ഥം’ എന്ന ആല്‍ബത്തിലെ പത്ത് ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കി. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വരികൾക്ക് ‘ദ്വിജാവന്തി’ രാഗത്തിൽ ടി. എസ്. സംഗീതംനൽകിയ ‘ഒരു നേരമെങ്കിലും…’ എന്ന ഗാനവും ഏറെ ജനപ്രിയമായിത്തീർന്നു……. ‘തുളസീ തീർത്ഥം’ എന്ന ആൽബത്തിലെ തന്നെ (രചന: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി) കെ. എസ്. ചിത്ര പാടിയ ‘തിരുവാറന്മുളകൃഷ്‌ണാ നിന്നോമൽ തിരുമുഖം കണികണ്ടു നിൽക്കുമ്പോൾ’ എന്ന ഭക്തിപാട്ടും ഏറെ പ്രസിദ്ധമാണ്.
ശ്രദ്ധേയമാകേണ്ട മറ്റൊരു കാര്യം ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ സിനിമേതര ഗാനങ്ങളിൽ ഏറ്റവും അധികമെണ്ണം ചിട്ടപ്പെടുത്തിത് ടി.എസ് ആണ് എന്നതാണ്: “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ…”; “വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ…” തുടങ്ങിയ ഭക്തി തുടിക്കുന്ന സുപ്രസിദ്ധങ്ങളായ നിരവധി ഗാനങ്ങൾ…
‘എതിര്‍പ്പുകള്‍’ (1984) എന്ന ഉണ്ണി ആറന്മുള സംവിധാനവും ഗാനരചനയും നിർവഹിച്ച സിനിമയിലൂടെയാണ് ടി. എസ്. രാധാകൃഷ്ണൻ ചലച്ചിത്രസംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഇതിൽ ഉള്ള നാലു പാട്ടുകളിൽ യേശുദാസ് പാടിയ ‘മനസ്സൊരു മായാപ്രപഞ്ചം…’ പ്രസിദ്ധമാണ്. (https://www.youtube.com/watch?v=T7APxHkccb4) പിന്നീട് 1986-ൽ പുറത്തിറങ്ങിയ ‘ഗീതം’ എന്ന ചലച്ചിത്രത്തി ലെ ഗാനങ്ങൾക്ക് സംഗീതം നൽകി. ഈ ചിത്രത്തിൽ കല അടൂർ എഴുതിയ “ഉലയിലൊരു കടഞ്ഞെടുത്ത” ഗാനത്തിനു സംഗീതം നിർവ്വഹിക്കുകയും സുജാതയോടൊപ്പം ഈ ഗാനം ആലപിക്കുകയും ചെയ്തു. ‘ഇത്തിരിപ്പൂക്കൾ’ എന്ന ചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ച് ചലച്ചിത്രഗാനരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. എന്നാൽ 20 വർഷക്കാലത്തിനു ശേഷം ‘വാൽമീകം’ എന്ന മലയാളചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ചു.
ടി. എസ്. രാധാകൃഷ്ണനും ശബരിമല അയ്യപ്പഭക്തിയും:- ശങ്കരനാരായണയ്യരും സുബ്ബലക്ഷ്മി അമ്മാളും വെല്ലൂരിലെ ആസ്പത്രിവരാന്തയില്‍ നിന്ന് 58 കൊല്ലം മുമ്പ് ഒരമ്മ ഉള്ളുരുകി അയ്യപ്പനെ വിളിച്ചു. 60 ദിവസംമാത്രമായ മകന്‍ അപ്പോള്‍ ശസ്ത്രക്രിയാമേശയിലായിരുന്നു.സ്ഥാനം തെറ്റിയ വന്‍കുടല്‍ നേരെയാക്കാനുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു. 12-ാം വയസ്സില്‍ മകനെ ശബരിമല ചവിട്ടിക്കാമെന്ന സുബ്ബലക്ഷ്മിയമ്മയുടെ പ്രാര്‍ഥന അയ്യപ്പന്‍ കേട്ടു എന്നുപറയാം. രാധാകൃഷ്ണന്‍ എന്ന ആ മകന്‍ 12-ാം വയസ്സില്‍ മല ചവിട്ടി. “പമ്പാഗണപതി..”; “ഹരിവരാസനം കേട്ടു മയങ്ങിയ..”; “പാപം മറിച്ചിട്ടാല്‍ പമ്പാ…”; “സൂര്യന്റെ തിടമ്പില്‍…” തുടങ്ങിയ ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയ ടി.എസ്.രാധാകൃഷ്ണജി എന്ന സംഗീതസംവിധായകനായി ആ കുട്ടിയെ ലോകം അറിഞ്ഞു.
സംഗീതജീവിതത്തില്‍ രാധാകൃഷ്ണജിക്ക് ആദ്യം കിട്ടിയ പുരസ്‌കാരവും അയ്യപ്പന്റെ പേരിലായിരുന്നു. അയ്യപ്പഗാനശ്രീ പുരസ്‌കാരം 1982ല്‍ അയ്യപ്പസേവാസംഘമാണ് സമ്മാനിച്ചത്.
അയ്യപ്പഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് തികഞ്ഞ നിര്‍വൃതിയോടെയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. “സൂര്യന്റെ തിടമ്പില്‍….” എന്ന ഗാനം റിക്കാര്‍ഡ് ചെയ്യുന്ന വേള. അതിലെ ഒരു വരി ഇങ്ങനെ..” ശരണം വിളിയാല്‍ ശാസ്താവിനെയെന്‍ മരണംവരെയും ഭജിക്കും…” ആര്‍.കെ. ദാമോദരന്റെ ഈ വരികള്‍ യേശുദാസിനെ ഏറെ സ്വാധീനിച്ചു. ദാസേട്ടന്‍ കണ്ണടച്ചുനിന്ന് ഈ വരികള്‍ പത്തുവട്ടം പാടി. നിറകണ്ണുകളോടെയാണ് അദ്ദേഹം ഇത് പൂര്‍ത്തിയാക്കിയത്.
“ഈശാനകോണില്‍ ആഴി തീര്‍ത്തു…” എന്ന ഗാനം പാടിത്തീര്‍ത്തപ്പോള്‍ അയ്യപ്പ സാന്നിധ്യം അനുഭവിച്ചറിഞ്ഞതായി പി.ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്ന് രാധാകൃഷ്ണജി പറഞ്ഞു. ചിട്ടെപ്പടുത്തിയവയില്‍ ഏറ്റവുംപ്രിയം “ഹരിവരാസനം കേട്ടുമയങ്ങിയ ഹരിഹര പുത്രാ ഉണരൂ…” എന്നതാണ്.
ഭാര്യ: പത്മ. മക്കള്‍: ലക്ഷ്മി, ശങ്കര്‍ വിനായക്.