ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, ‘കഥയില്ലായ്മകൾ’ (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, ‘കഥയില്ലായ്മകൾ’ എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ് എന്ന് അവതാരികയില്‍ ഒ. എൻ. വി. കുറുപ്പ് അഭിപ്രായപ്പെട്ടു. സുഷമയുടെ മയൂഖമാലകൾ പ്രസരിപ്പിച്ച ‘വസുന്ധര’ എന്ന കഥ ഒരു രത്നമാണെന്നാണ് പ്രൊഫ. എം. കൃഷ്ണന്‍ നായർ വിലയിരുത്തിയിട്ടുള്ളത്.
1964 മെയ് 17 ന് തളിക്കുളത്ത് ജനിച്ചു. ഇ. ആർ. പുഷ്പാംഗദൻ മാസ്റ്ററുടെയും കെ. കെ. ലീല ടീച്ചറുടെയും മകൾ. നാട്ടിക ഈസ്റ്റ് യു. പി. സ്കൂൾ, ഗവണ്‍മെന്‍റ് ഹൈസ്കൂൾ തളിക്കുളം, നാട്ടിക എസ്. എൻ. കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പാരലല്‍ കോളേജ് അധ്യാപിക, ‘കൈരളീസുധ’ വാരികയുടെ സബ് എഡിറ്റർ, അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കാന്‍ വേണ്ടി വാടാനപ്പള്ളിയില്‍ രുപീകൃതമായ ‘സദ്ഭവനി’ല്‍ ഡയറക്ടർ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1996 ഫെബ്രുവരി 8 ന്, 32-ാം വയസ്സിൽ, അന്തരിച്ചു.
ചെറുകഥാമത്സരങ്ങളില്‍ പങ്കെടുത്ത് ‘അങ്കണം അവാര്‍ഡ്’, ‘ഗൃഹലക്ഷ്മി അവാര്‍ഡ്’, ‘ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പ്രത്യേക സാഹിത്യ പുരസ്ക്കാരം’ (മരണാനന്തരം) എന്നിവ നേടുകയുണ്ടായി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ കൂടാതെ ‘പാഞ്ചാലി’ എന്നൊരു നാടകവും എഴുതിയിട്ടുണ്ട്. ആത്മാവിന്‍റെ ദുഃഖസ്മൃതികള്‍ ആണ് ഇ. പി. സുഷമ തന്‍റെ കൃതികളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. (സുഷമയുടെ സമ്പൂര്‍ണ്ണകൃതികളുടെ സമാഹാരമാണ് ‘കഥയില്ലായ്മകൾ’ എന്ന ഗ്രന്ഥം.)