ശ്രീലാൽ മധു (ചലച്ചിത്രാസ്വാദകൻ, വിദ്യാർത്ഥി)
ലൂസിഫറിനെപ്പറ്റി ഇനി പറഞ്ഞിട്ടുകാര്യമില്ല. നാല് ദിവസം കൊണ്ടാണ് നൂറുകോടി സംഘടിപ്പിച്ചത്.ഒരു ദിവസം ഇരുപത്തിയഞ്ചുകോടി എന്ന കണക്കിൽ നാലായിരം തിയറ്ററിൽ റിലീസ് ചെയ്തതായും അഭിപ്രായപ്പെടുന്നു.ശരിക്കും പൃഥ്വി രാജ് വില്ലനാണ്. ലാലേട്ടന്റെ തോളിൽ കയറി അങ്ങേരുടെ ഫാൻസിനെകൂടി കൈയിലെടുത്ത് കളഞ്ഞു. കാര്യം സേഫാക്കി. ഇനി കൂവി തോൽപ്പിക്കേണ്ടിടത്തും കൈയടിക്കേണ്ടിടത്തും ലാലേട്ടൻ ഫാൻസുണ്ടായിരിക്കും. അത്തരമൊരു അനാവശ്യചിന്ത ഒഴിവാക്കാം.
ഒരു സിനിമ സംവിധായകന്റെ ഏറ്റവും നല്ല പ്രൊഡക്ടായിരിക്കും മിക്കവാറും അയാളുടെ ആദ്യസിനിമ അതയാളുടെ സ്വപ്നമായിരിക്കും.നമ്മൾക്ക് ഒരു സ്‌ക്രീൻ അനുഭവമുണ്ട് പഴയ ഉദയഭാനുവിന്റെ. അതെ, ഉദയനാണ് താരം ഉദയഭാനു. അയാളുടെ സ്വപ്നമായിരുന്നു ആദ്യസിനിമ. അലഞ്ഞു നടക്കുകയായിരുന്നു പാവം. ഒടുവിലെന്തായെന്നുമൊക്കെ അറിയാമല്ലോ. ആദ്യ സിനിമയുടെ സാക്ഷാത്കാരം ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തിയുടേതുകൂടിയാണ്.
പൃഥ്വിരാജിനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നല്ല സിനിമകളിലൂടെ വന്ന നടൻ. ഈ നല്ല സിനിമയെന്ന് പറഞ്ഞാൽ എന്താണെന്ന് ഒരു വ്യാഖ്യാനമുണ്ടാകാം.മുഷ്ടിചുരുട്ടിയും മീശപിരിച്ചും മസിൽ പെരുപ്പിച്ചു സ്ലോമോഷനിൽ കാലുയർത്തി എതിരാളികളെ നൂറു കിലോ മീറ്റർ അകലേക്ക് ചവുട്ടി തെറിപ്പിച്ചുമൊക്കെ നിന്ന സൂപ്പർ സ്റ്റാർ കാലത്താണ് പൃഥ്വിരാജെന്ന നടൻ രംഗപ്രവേശം ചെയ്യുന്നത്. ആർഭാടങ്ങളില്ലാത്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പെട്ടെന്നെത്തുവാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ക്ളാസ്മേറ്റും എന്ന് നിന്റെ മൊയ്‌തീനും നന്ദനവും ഒന്നും അതിശയോക്തി കലർന്ന ചിത്രങ്ങളല്ലായിരുന്നു.അത് തന്നെയായിരുന്നു പൃഥ്വിരാജെന്ന ബ്രാന്റ് നെയിമിൽ നിന്നും കേരളത്തിലെ സാധാരണ പ്രേക്ഷകർ പ്രതീക്ഷിച്ചതും. അന്യഭാഷകളിലും ഈ നടൻ ചെയ്ത വേഷങ്ങൾ തികച്ചും വ്യത്യസ്തങ്ങളായിരുന്നു.
അങ്ങനെയുള്ള ഒരു നടന്റെ സംവിധായകനായുള്ള അരങ്ങേറ്റം നിലവാരമുള്ള ഒരു ചിത്രമായിരിക്കുമെന്ന് കരുതി പോയ പ്രേക്ഷകന് തെറ്റി. ലൂസിഫറിനെ പറ്റിയൊന്നും പറയരുതെന്ന് ഒരു അലിഖിത നിയമമുണ്ട്. പറഞ്ഞാൽ പിന്നെ പൊങ്കാലയാകും. മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് പോലെ ‘ഇപ്പൊ ഞാനും എന്റെ പിള്ളാരും സ്ട്രോങ്ങാ ഡബിൾ സ്ട്രോങ്ങ്’. അതെ ലൂസിഫറിന്റെ കാര്യത്തിലും ഡബിൾ സ്ട്രോങ്ങാണു രണ്ട് ഫാൻസുകാരുടെ ചീത്തവിളി കിട്ടേണ്ടിവരും.എന്നാലും പറയാനുള്ളത് പറയാതിരിക്കാൻ പറ്റുന്നില്ല.
മലയാളത്തിലെ ഏറ്റവും ജീനിയസെന്നു സ്വയം വിശേഷിപ്പിക്കുന്ന രണ്ടു പേരുടെ ഒന്നിച്ചുള്ള വിളയാട്ടമാണ് ലൂസിഫർ. മുരളി ഗോപിയെന്ന വലിയ വായനക്കാരനും പൃഥ്വിരാജെന്ന വലിയ ഇംഗ്ലീഷ് പണ്ഡിതനും അതുകൊണ്ടു തന്നെ എമേഴ്‌സന്റെ ചൊല്ലുകൾ ആദ്യ തന്നെ സ്‌ക്രീനിൽ എഴുതിക്കാണിച്ചതിൽ അത്ഭുതപ്പെടാനില്ല. “When you strike at a king, you must kill him.” ഇവിടം മുതൽ സംശയം തുടങ്ങുന്നു. ആരാണ് രാജാവ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന ലാൽ അവതരിപ്പിക്കുന്ന നായകവേഷം ഒരു നോവിച്ചുവിടപ്പെട്ട രാജാവല്ല. പിന്നെന്തിനിങ്ങനെ എഴുതികാണിച്ചു എന്ന് ചോദിച്ചാൽ വെറുതെ ഒരു തള്ള് അത്രേ ഉള്ളു ഉത്തരം. അതെ ഈ സിനിമ മുഴുവൻ തള്ളാനുണ്ടാക്കിയതാ. കൃത്യമായ നിലപാടുകളില്ലാതെ ഇടയ്കിടയ്ക്കു ഫണ്ടിംഗ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിനെതിരെ ശരിക്കും പ്രതികരിക്കേണ്ടത് ഇവിടത്തെ കൊണ്ഗ്രെസ്സ് രാഷ്ട്രീയക്കാരാണ്. കെ പി സി സി ക്കു പ്രവർത്തിക്കാൻ കേരളത്തിലേക്ക് ഡ്രാഗ് മാഫിയ ഫണ്ടിംഗ് നടത്തുന്നു എന്നാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ തലത്തിലൂടെയുള്ള സംവേദനം. അതിനെ ഐ യു സി എന്നോ ഒക്കെ വിളിച്ചുകൊണ്ട് ത്രിവർണ്ണപതാകയും പിടിപ്പിച്ചുകൊണ്ടു രംഗത്തിറക്കിയിരിക്കുകയാണ്. പിന്നെ ആശുപത്രിനടത്തുന്ന ഗുണ്ടയായി സഖാവും. എന്റെ ദൈവമേ മലയാള പൊളിറ്റിക്കൽ ത്രില്ലറിൽ എത്രതവണകണ്ടതാണ് ഈ കഥാപാത്രങ്ങളെ രഹസ്യമായി മച്ചാ മച്ചാ വിളിച്ചുകൊണ്ടു ജനത്തെ കബളിപ്പിക്കുന്ന എതിർ ചേരിയിൽ നിൽക്കുന്ന രാഷ്ട്രീയക്കാരെ.ടി ദാമോദരൻമാഷിലൂടെ രഞ്ജി പണിക്കർ ഷാജി കൈലാസ് സിനിമകളിലൂടെ… പൃഥ്വിരാജിന് വേണമെങ്കിൽ സുകുമാരൻ എന്ന നടൻ അഭിനയിച്ചിട്ടുള്ള അത്തരം രാഷ്ട്രീയ സിനിമകൾ കൂടിയൊന്നു കണ്ടുനോക്കാമായിരുന്നു. എത്രപഴയനാണ് നിങ്ങളവതരിപ്പിച്ച ഈ ക്യാരക്ടറുകളെന്നു മനസ്സിലാക്കാമായിരുന്നു. ഫണ്ടിംഗാണ് മുഖ്യ പ്രശ്നം അതേറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന കാവി രാഷ്ട്രീയത്തെ എന്തുകൊണ്ട് മുരളി ഗോപി മുക്കിയെന്നു കൂടി ചിന്തിക്കേണ്ടിയിരുന്നു. അതുമാത്രമല്ല അന്തരാഷ്ട്ര കള്ളക്കടത്തുകാരനൊക്കെയാകുമ്പോൾ ഖുറൈശിയെന്നൊക്കെ പറയുന്ന ട്രേഡ് ചെയ്യപ്പെട്ട മുസ്ലിം നാമം തന്നെവേണമല്ലോ സ്റ്റീഫനും. നമിച്ചു ആ ദീർഘ വീക്ഷണത്തെ.
മലയാളത്തിലെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ മോഹൻലാൽ, പൃഥിയുടെ ചിത്രത്തിൽ എന്ത് സംഭാവനയാണ് ചെയ്തത്. ആ മനുഷ്യന്റെ അഭിനയ സാധ്യതയുടെ ഏതെങ്കിലും ഒരു ഭാഗം നടൻകൂടിയായ പൃഥ്വി ഉപയോഗിച്ചിട്ടുണ്ടൊ? ലാലിൻ്റെ തന്നെ മാസ്ക്ക് ധരിച്ച ഒരു മോഹൻ ലാൽ ഇതാണ് സ്റ്റീഫൻ നെടുമ്പള്ളി. അവസാന സീനുകളിലോക്കെ എന്തെങ്കിലും ഒരു ഭാവം ആ മുഖത്തുനിന്നും ഒന്ന് വന്നായിരുന്നെങ്കിൽ എന്ന് കൂടി പ്രതീക്ഷിച്ചു പോയി.പ്രത്യേകിച്ചും വിവേക് ഒബ്‌റോയ് യുമായുള്ള സീൻ.
പടം മാസാന്നെന്നും എല്ലാ ചിത്രങ്ങളെയും ഒരുപോലെ വിലയിരുത്തരുതെന്നുമൊക്കെ വിമർശകരുടെ നാവടപ്പിക്കാൻ പറയാറുണ്ട്. സിനിമ ആളുകയറണമെങ്കിൽ ഇങ്ങനെയൊക്കെ യാകണം എന്നുള്ള വിമർശനം ഒന്ന് ചോദിക്കട്ടെ എന്ന് നിന്റെ മൊയ്തീൻ ആണല്ലോ പൃഥിയുടെ ഏറ്റവും വലിയ ഹിറ്റ് അതിൽ മാസ് ആയി എന്താണുള്ളത്. അപ്പോൾ ഇതെല്ലം ഒരു ന്യായീകരണം മാത്രമാണ്.
ശരിക്കും ഈ സിനിമയെ വിലയിരുത്താൻ ഒറ്റ സീൻ മതി പൃഥിയുടെ കഥാപാത്രം മോഹൻലാലിന് കാറിന്റെയും ഡാൻസ് ബാറിന്റെയും ഡോർ തുറന്നു കൊടുക്കുന്ന സീനുകൾ അതാണ് മൊത്തത്തിൽ പൃഥ്വിരാജെന്ന സംവിധായകന്റെ വേഷം.
ഇതിലും ദയനീയമാണ് മഞ്ജുവിന്റെ കഥാപാത്രം അതിഭയങ്കരമായ ക്ളോസ് ഷോട്ടുകൊണ്ട് കളിച്ച് ഈ കഥാപാത്രവും ബൂസ്റ്റ് ചെയ്യപ്പെട്ട ബിംബം തന്നെയാണ്. പക്ഷേ, ഒന്നോർത്തുനോക്കു ഈ പെരുപ്പിച്ചു വിട്ട കഥാപാത്രം ജീവിതത്തിൽ എതർത്ഥത്തിലാണ് ആത്മ ബോധം പ്രകടിപ്പിക്കുന്നത്. കൂടെ ജീവിക്കുന്ന ഭർത്താവിനെ മനസിലാക്കാൻ കഴിയാത്ത, മകളുടെ ആഗ്രഹം അറിയാൻ കഴിയാത്ത അച്ഛന്റെ മനസ്സറിയാത്ത ഒരു ഡോൾ ഇമേജ്. ആകെ മനസിലാക്കിയത് അമ്മയെ മാത്രം. ആ അമ്മ പ്രേക്ഷകനിൽ സൃഷ്ടിക്കുന്ന ഇമേജ് എന്താണ്. സർവത്ര വഴക്കാളിത്തരം. ഇതേ അവസ്ഥതന്നെയാണ് മരിച്ചു പോയ മന്ത്രിയുടെ കാര്യത്തിലുംസംഭവിച്ചത്. ഏതോ ആദര്ശവാനാണ്, ഭീഷ്മാചാര്യനാണ് അതി ദയാവാനാണ് എന്നൊക്കെ വരുത്തി തീർക്കാൻ ശ്രമിക്കുന്നെങ്കിലും സ്വതന്ത്ര റിപ്പോർട്ടറായ ഗോവർദ്ധന്റെ (ഇന്ദ്രജിത്ത്) കഥാപാത്രം മരിച്ചുപോയ മന്ത്രിയ്ക്ക് നൽകുന്ന ആദ്യ വിശദീകരണം അതാണ് പ്രേക്ഷകന്റെ മനസ്സിൽ കിടക്കുന്നത്.അമ്പേ പരാജയപ്പെടുന്ന കഥാപാത്രനിർമ്മിതി തന്നെയാണ് ഈ പൊളിറ്റിക്കൽ സിനിമയിൽ കല്ലുകടിയായി നിൽക്കുന്ന മറ്റൊരു സംഗതി. തീർച്ചയായും കൈയടിക്കാം ടോവിനോയ്ക്. ചെയുന്ന വേഷത്തോട് കാണിക്കുന്ന ആത്മാർത്ഥത,അയാൾക്ക് കിട്ടുന്ന കൈയടി അതിന്റേതാണ്..പൃഥ്വി രാജെന്ന സംവിധായകന്റെ പേരിൽ ചേർത്തില്ലായിരുന്നെങ്കിൽ ജോഷിയ്ക്കോ ഷാജി കൈലാസിനോ അവകാശപ്പെടാവുന്നതാണ് ഈ സിനിമ.കുറച്ചു നാളുകളായിട്ടില്ല കന്നടത്തിൽ നിന്നും ഒരു ചിത്രം ഇവിടെയെത്തിയിട്ട് കെ ജി എഫ് പൃഥ്വി അത്യാവശ്യമായും ആ ചിത്രം ഒന്ന് കാണേണ്ടതായിരുന്നു മുരളി ഗോപിയും
ശ്രീലാൽ മധു (ചലച്ചിത്രാസ്വാദകൻ, വിദ്യാർത്ഥി)